Posts

Showing posts from 2017

കഥ

അവളോട് പറയുവാനുള്ള അടുത്ത കഥയായിരുന്നു അയാളുടെ മനസ്സിൽ.. ഒരു കഥ കൂടി എന്നവൾ ഒരിക്കൽ പോലും ആവശ്യപ്പെട്ടില്ല. എന്നിട്ടും അയാൾ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. അവൾ എഴുത്തുകാരിയാണെന്നു അറിഞ്ഞിട്ടും, തന്റെ കഥകൾ മോഷ്ടിക്കപ്പെട്ടേയ്ക്കാം എന്നിരുന്നിട്ടും അയാൾ കഥകൾ പറഞ്ഞു പോന്നു . പതിവിലധികം വേഗത്തിൽ കാലുകൾ നീട്ടിവലിച്ച് അയാൾ  നടന്നു. നടപ്പാതകൾ പോലും ആ വേഗം കണ്ടു ഭയന്നിരിക്കണം. ഒറ്റമുറി വീട്ടിലെ ഒരിക്കലും അടയാത്ത ജനാലയിൽ കൂടി പതിവ് പോലെ ആ കറുമ്പൻ പൂച്ച അയാൾ കതകു തുറന്നതും അപ്രത്യക്ഷമായി. ഇന്ന് അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ അയാൾക്ക് സമയമില്ല. കഥ. അത് മാത്രമാണ് മനസ്സിൽ. പക്ഷെ പതിവ് പോലെ അവളെ അമ്പരപ്പിക്കാവുന്നതൊന്ന് കൈയ്യിൽ ഇല്ല താനും. ശബ്ദമുണ്ടാക്കുന്ന ഫാനിനൊപ്പം ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ആ കട്ടിലിലേക്ക് അയാൾ ചാഞ്ഞു. കഥ...കഥ മാത്രം... ..................................... ഏതു നാഴികയിലാണ് താൻ ഉറങ്ങി പോയതെന്ന് അയാൾ അറിഞ്ഞില്ല. അസഹ്യമായ ശരീരവേദനയാണ് അയാളെ ഉണർത്തിയത്. കണ്ണ് തുറന്നു ചുറ്റും നോക്കിയതും ഭയം ഒരു കടൽ പോലെ ഇരച്ചു കയറിയതും ഒന്നിച്ചായിരുന്നു. വീണ്ടും വീണ്ടും അയാൾ കണ്ണുകൾ ഇറുക്...

ആദ്യ പ്രണയം

എൽ കെ ജിൽ പഠിക്കുന്ന പിള്ളേര് വരെ ഐ ലവ് യുന്നു പറയണ കാലമാണ് .പത്താം ക്ലാസ്സിൽ പടിക്കണ കാലത്തും പൂമ്പാറ്റ, തുമ്പി എന്നൊക്കെ പറഞ്ഞു നടന്ന നീ എന്ത് പ്രണയകഥ പറയാനാ എന്നാണെങ്കിൽ തെറ്റി.. അതിഭീകരമായി കൊണ്ട് നടന്ന ഗംഭീരമായ ആദ്യ പ്രണയത്തിന്റെ ചുരുളഴിയൽ ആണ് ഇവിടെ. നായകനെക്കുറിച്ചു ഘനഗാംഭീര്യത്തോടെ ആദ്യമൊന്നു വർണ്ണിക്കേണ്ടതുണ്ട്.. ആദ്യ പ്രണയമല്ല..  ഇമ്മിണി വർണ്ണനയില്ലാതെ എന്താഘോഷം ?? സങ്കൽപ്പത്തിന്റെ അങ്ങേയറ്റത്തെ സൗന്ദര്യമുള്ള ഒരു കോമളൻ. അതുക്കും മീതെ നല്ല ഒന്നാന്തരം സ്വഭാവം. സാഹസികൻ എന്നൊക്കെ പറഞ്ഞാൽ ഒരു ജയിൽ ചാടാനുള്ള ചങ്കുറപ്പ്. ഒരു പട്ടാളക്കാരന്റെ മോളാകുമ്പോ മിനിമം ആ ലെവൽ സാഹസികത എങ്കിലും നോക്കണമല്ലോ.  കാലം എന്റെ അഞ്ചാം ക്ലാസാണ് . നാട്ടിലെ ഒരു കുഞ്ഞി സ്കൂളിൽ നിന്നും നഗരത്തിലെ ഒന്നാംകിട സ്കൂളിൽ പഠിക്കാനെത്തിയ വാഴക്കാളി പെങ്കൊച്ചിനു ഈ കൂട്ടുകിട്ടുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നാണ്. നായകനെ കണ്ടുമുട്ടിയതും മൂക്കും കുത്തി ഒരു വീഴച അല്ലാരുന്നോ ? പിന്നെ സ്വപ്നം കാണലിന്റെ പള്ളിപ്പെരുന്നാളാരുന്നു. ഇരിക്കുമ്പോഴും കിടക്കുമ്പോഴും എന്തിനു ക്ലാസ്സിൽ വരെ മനസ്സിൽ നമ്മുടെ നായകൻ മാത്രം. (വായി...

ഏഴാറ്റുമുഖം ഒരു ചങ്ങാതിയാണ്

Image
പുസ്തകങ്ങളും യാത്രകളും അനുഗ്രഹീതമാകുന്നത് അവ നമ്മെ തേടിയെത്തുമ്പോഴാണ്. മറ്റുള്ളവരുടെ കൈയ്യിലും പലയിടങ്ങളിലുമിരുന്ന് നമ്മെ വായിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കണ്ണിറുക്കി കാട്ടും. അതുപോലെ ആണ് ചില സ്ഥലങ്ങളും. എവിടേക്കെങ്കിലും പോകുന്ന വഴി സൈൻ ബോർഡുകളിൽ പേര് കാട്ടി "നമ്മൾ ഇത് വരെ കണ്ടില്ലല്ലോ മാഷെ" എന്ന് ചോദിക്കും. ആ ചോദ്യം കേട്ടാൽ ഉടൻ തിരിച്ചോണം വണ്ടി അങ്ങോട്ടേയ്ക്ക്. ഏഴാറ്റുമുഖത്തേക്കുള്ള യാത്ര അങ്ങനെ ആയിരുന്നു. എത്തും വരെ അവിടെ എന്തായിരിക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. സിനിമകളെയും യാത്രകളെയും കുറിച്ചു സംസാരിച്ചിരുന്ന ചങ്ങാതിയെ നേരിൽ കാണുക, ഡിഗ്രി പഠനകാലത്തെ ചങ്ക് സഹോയെ അങ്കമാലിയിലെ ഒരു പട്ടിക്കാട്ടിൽ കല്യാണവേഷത്തിൽ കാണുക എന്ന കാര്യങ്ങൾ മാത്രം ആയിരുന്നു ഉദ്ദേശം. അപ്പോഴാണ് "എന്നതാണേലും സമയം ഉണ്ടല്ലോ, എന്ന പിന്നെ ഈ വഴി വാ ഭായ്" എന്ന് ഒരു അശരീരി കേട്ടത്. പിന്നെ ഒരു പോക്കല്ലാരുന്നോ. എസ്റ്റേറ്റ് റോഡ് കേറി, പനകൾക്കിടയിലൂടെ പാഞ്ഞു അതിരപ്പള്ളി വഴിയിലൂടെ എത്തിനിന്നതു ഏഴാറ്റുമുഖത്ത്. അകെ മൊത്തം ആളുകൾ. മുന്നോട്ടു നടന്നു എത്തി നോക്കിയതും ഇങ്ങനെ നീണ്ടു ...

എഴുതപ്പെടാത്ത അമ്മമാർ

എഴുതപ്പെടാത്ത അമ്മമാരെക്കൊണ്ട് നിറഞ്ഞതാണ് ഈ ലോകമെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?  'എഴുതപ്പെടാത്ത അമ്മമാരോ' എന്നാണിപ്പോൾ ചിന്തയെങ്കിൽ, ചിന്തിച്ചു ചിന്തിച്ചു ഒരുപാട് ദൂരം ഒന്നും പോകേണ്ട. ഇരിക്കുന്ന ഇരിപ്പിൽ, അല്ലെങ്കിൽ നിൽക്കുന്ന നിൽപ്പിൽ ഒന്ന് പുറം തിരിഞ്ഞു അടുക്കളയിലെ ആ കത്തുന്ന അടുപ്പിനരികിലേക്കോ, രാവിലെ കഴിച്ച ആവി പറക്കുന്ന പുട്ടിലേക്കോ, അല്പം മുൻപ് മാത്രം കുടിച്ചു കാലിയാക്കി താഴെ വച്ച കാലിഗ്ലാസ്സിലേക്കോ നോക്കിയാൽ മതി. ലോകം മുഴുവൻ അവരുടെ വരും തലമുറയോട് മലാലയും, ഇന്ദിരാ ഗാന്ധിയും, മാര്ഗരറ്റ് താച്ചറും, കെ എസ് ചിത്രയും ഒക്കെ ആവണം എന്ന് പറയുമ്പോൾ എന്താണ് നമ്മൾ അവരോടു നമ്മുടെ അമ്മമാരെ പോലെ ആവണം എന്ന് പറയാത്തത്? വല്യമ്മച്ചിമാരെ പോലെ ആവണം എന്ന് പറയാത്തത്? അതിനിപ്പോ അവർ ചരിത്ര പുസ്തകത്തിൽ കയറിക്കൂടാനും മാത്രം ഒന്നും ചെയ്തില്ല എന്നാവും നമ്മുടെ എല്ലാവരുടെയും ഉത്തരം. ഇങ്ങനെ ചരിത്രപുസ്തകങ്ങൾ അടയാളപ്പെടുത്താതെ പോയവരെ അല്ലേ നാം അടയാളപ്പെടുത്തേണ്ടത്.  എന്ന് വച്ചാൽ എല്ലാ അമ്മമാരും ഓർമ്മിക്കപ്പെടേണ്ടവരാണ് എന്ന് ചുരുക്കം. അമ്മമാർക്ക് അവർ പൊഴിച്ചെറിഞ്ഞു പോന്ന ഒരു വലിയ ചരിത്രമുണ്ട്. ...

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

Image
ഒരു വേനലവധിക്കാണ് കൊച്ചേച്ചീടെ പറമ്പിൽ മഞ്ചാടിക്കുരുവുള്ള രഹസ്യം ഞങ്ങൾ മനസിലാക്കുന്നത്. വേനലവധി എന്ന് പറഞ്ഞാൽ ശരിയാവില്ല. വേനൽ പരീക്ഷ. ഉത്തരക്കടലാസ് കയ്യിൽ കിട്ടാത്ത ഒരേ ഒരു പരീക്ഷ ഇതായതിനാൽ പഠിത്തം ഒക്കെ കണക്കാണ്. പക്ഷെ അപ്പൻ അമ്മമാരുടെ മുന്നിൽ ഭയങ്കര പഠിത്തം ആണ്. ഒരൊറ്റ പ്രശ്നമേ ഉള്ളു പഠിത്തം വരണേൽ മരത്തിന്മേൽ കേറണം. അതായത് പഠിക്കാൻ ആണെന്ന് പറഞ്ഞൊരു ഓട്ടമാണ് 'അമ്മ വീടിന്റെ അരികത്തു കൂടി ബേബിച്ചായന്റെ പറമ്പിൽ ചെന്നാണ ് ആ ഓട്ടം നിൽക്കുക.. അവനവനു ആകുന്ന മരത്തിലൊക്കെ ഓരോരുത്തരായി കയറിക്കൂടും. ഏതേലും ഒരു ചില്ലയിൽ ഇരിപ്പുറപ്പിക്കും. പിന്നെ പുസ്തകം നിവർത്തിവയ്ച്ചു അതിഗംഭീരം പഠനമാണ്. ഇതിനിടയിൽ ആവും അപ്പുള്ളാച്ചനും ബേബിച്ചായനുമൊക്കെ പശുനെ കെട്ടാൻ ആ വഴി പോകുന്നത്. കാക്കിരി പൂക്കിരി പിള്ളേരെ ഇവരുണ്ടോ മരത്തിന്മേൽ കാണുന്നു. ആ സമയം ഓരോരോ ശബ്ദങ്ങളാണ് ഓരോ മരത്തിന്മേൽ നിന്നായി. കാര്യം പിള്ളേരാണെന്നു പറഞ്ഞാലും ഒരു അതിരില്ലേ.. കാർന്നോന്മാരുടെ മൂക്ക് ചുവക്കും.. ഇങ്ങനെയുള്ള അതിമനോഹരമായ ഒരു പഠന ഒഴിവു ദിവസം. മരത്തിന്മേൽ കേറിയ ജിക്കൂട്ടീടെ തലയിന്മേല് ഒരു അപ്പൂപ്പന്താടി. അപ്പൂപ്പന്താടി എന്ന് പറഞ...

അവൻ കാണാത്ത അവളുടെ ചരിത്രം

അവൾക്കൊപ്പം വളർന്നൊരു നാട്ടു വഴിയുണ്ട് വീടിനു മുന്നിൽ. ആ നാട്ടുവഴി ചെമ്മണ്ണിൽ നിന്നും കോൺക്രീറ്റ് പാതയായത് അവൾക്കൊപ്പമായിരുന്നു. പാറപ്പുഴയുടെ വെള്ളച്ചാട്ടങ്ങളിൽ അവൾ പിടിച്ച പരൽ മീനുകളുടെ ചരിത്രം ഉറങ്ങുന്നുണ്ട്. അവൾക്കുണ്ടായ വിലക്കുകൾക്കൊപ്പം അതിർത്തി തിരിക്കപ്പെട്ട ഒരു പാടവും പുഴയുമുണ്ടവിടെ. അവൾക്കൊപ്പം വളരുകയും പൂക്കുകയും കായ്ക്കുകയും തണലാവുകയും ചെയ്ത ചില മരങ്ങളുണ്ടവിടെ. പാവടമടി നിറയെ മഞ്ചാടി നൽകിയൊരു മഞ്ചാടിമരം ഇപ്പോഴും അവളെ ഓർക്കുന്നുണ്ട്. ഇരുപത്തിയഞ്ചു കൊല്ലം അവൾക്കൊപ്പം മുഴങ്ങിയ പള്ളിമണികൾ. പള്ളിയങ്കണത്തിൽ പനിനീർചാമ്പയിൽ അവൾ ചവിട്ടിയൊടിച്ച ചില്ലയൊന്നിന്റെ മുറിവ് ഇപ്പോഴും അവളെ ഓർമ്മിപ്പിക്കുന്നു. അതിനു കീഴിൽ പന്ത്രണ്ടു കൊല്ലം കൂട്ടുകാർക്കൊപ്പം വട്ടം കൂടിയിരുന്നൊരു തണലുണ്ട്. അവൾക്കു കിടക്കുവാൻ അവകാശമില്ലാത്ത പള്ളി സിമിത്തേരിയിൽ അവൾ അത്രമേൽ സ്നേഹിച്ചൊരു വല്യപ്പനും വല്യമ്മയും അപ്പാപ്പനുമുണ്ട്. ഒന്നും പറയാതെ വിട്ടുപോയൊരു ചങ്ങാതിയുണ്ട്. പള്ളിയിൽ നിന്നും തിരികെയുള്ള വഴികളിൽ എന്നും അവൾക്കു തവിട്ടു പൂക്കൾ സമ്മാനിച്ചൊരു വള്ളിച്ചെടിയുണ്ട്. ജൂൺ ജൂലൈ മഴകളിൽ അത്രമേൽ പ്രണയ...

അവിടെ അന്നൗൺസ്‌മെന്റ്... ഇവിടെ പൊട്ടിയ ചരട് [ഒരോർമ്മചിത്രം ]

Image
അതി ഗംഭീരമായ ഈ ചിത്രത്തിന് പിന്നിൽ ഇത് വരെ പറയാത്തൊരു രഹസ്യമുണ്ട്. .................................................... ഡാൻസ് കളിയ്ക്കാൻ അറിയാമെങ്കിലും ഇല്ലെങ്കിലും ഡാൻസ് കളിക്കുക എന്നത് നാലാം ക്ലാസ് വരെ ഉള്ള അതി സാധാരണമായ പ്രക്രിയ ആണ്.അതിൽ പെട്ട് പോയ ഒരാളായിരുന്നു ഞാനും. അന്നത്തെ അതി മനോഹര കാലത്തെടുത്ത ഈ ഫോട്ടം കാണുമ്പോഴൊക്കെ 'അമ്മ ചോദിക്കും "നിന്റെ പാവാട മാത്രം എന്താടി ഇങ്ങനെ ഏങ്കോണിച് ഇരിക്കുന്നെ?" എന്ന്. ആദ്യം ആദ്യമൊക്കെ " എനിക്കറിയാവോ... അല്ലേലും പന്ന സാധനമൊക്കെ എനിക്കല്ലേ കിട്ടുക "എന്ന് ചോദിച്ചു തടി തപ്പി. പിന്നെ പിന്നെ അങ്ങനെ ഒരു ചോദ്യം ഞാൻ കേട്ടിട്ടേയില്ല എന്ന മട്ടിൽ ആയിരുന്നു. ആ ഏങ്കോണിച്ച പാവാടയുടെ രഹസ്യം എന്റേത് മാത്രമായി തുടർന്നു.. ................................ ഈ നാലാം ക്ലാസെന്നൊക്കെ പറഞ്ഞാൽ എന്നതാണെന്നാ വിചാരം. എൽ പി സ്കൂളിലെ സീനിയർ ആണ്. എന്നുവച്ചാൽ നമ്മളെക്കാൾ വലിയ പുള്ളികളൊന്നും അവിടെ വേറെ ഇല്ല എന്ന് ചുരുക്കം. അങ്ങനെ നാലാം ക്ലാസ്സിലേക്ക് കേറാൻ റെഡി ആയിട്ടു നിൽപ്പാണ്. മൂന്നാം ക്ലാസ്സിന്റെ ആനിവേഴ്സറി.. ഗ്രൂപ്പ് ഡാൻസ് ന്റെ ഡ്രസ്സ് ഒക്കെ ഇട...

അപ്പനുമമ്മക്കും

Image
പണ്ടൊരിയ്ക്കൽ ജിക്കൂട്ടി (കസിൻ അനിയത്തി പിള്ളേരിൽ ഒന്ന്) അങ്ങനെ ഇരുന്നപ്പോ ഒരു ഡയലോഗ് അടിച്ചു.  "ക്രിസ്ടി ചേച്ചിയെ.. കെട്ടുവാണേൽ പപ്പയെ പോലെ ഒരുത്തനെ ഞാൻ കെട്ടുവൊള്ളൂ.. പപ്പ എന്നാ കിടുവാന്നെ" ആ പറഞ്ഞതെങ്ങാനും അവളുടെ അപ്പൻ അന്നേരം കേട്ടിരുന്നേൽ രോമാഞ്ചം വന്നു അറ്റാക്ക് വന്നേനെ. അമ്മാതിരി പറച്ചിൽ അല്ലാരുന്നോ..  അന്നേരം ഞാനും ആലോചിച്ചു കെട്ടുവാണേൽ എങ്ങനെ ഉള്ളവനെ കെട്ടണം എന്ന്. അപ്പനെ പോലെ ചേട്ടായിയെ പോലെ എന്നൊന്നും അങ്ങോട്ട് നമുക്ക് ഫുൾ പറയാൻ പറ്റുന്നില്ല. പക്ഷെ ഒരു കാര്യം ഉണ്ട്.  സ്നേഹിക്കുവാണേൽ അത് എന്റെ അപ്പനേം അമ്മയേം പോലെ സ്നേഹിക്കണം. അതൊരു കഥയാ.. ഇച്ചിരി ഇച്ചിരി എനിക്കോർമ്മ വച്ച് വരുന്ന കാലത്ത് അപ്പൻ അങ്ങ് പട്ടാളത്തിൽ ആയിരുന്നു. 'അമ്മ കൃത്യമായി സ്കൂളിൽ പോകുന്ന ടീച്ചറും. പക്ഷെ എന്നും മുടങ്ങാതെ വീട്ടിൽ ഒരു കത്തു വരുമായിരുന്നു. ആദ്യത്തെ അഭിസംബോധനക്കു ശേഷമുള്ള മൂന്നാലു നാല് വരികൾ ഞങ്ങൾക്കുള്ളതാണ്. ബാക്കി മമ്മിക്ക് സ്വന്തം. നീല ഇല്ലെന്റിൽ കുരു കുരു അക്ഷരത്തിൽ അരികിൽ വരെ അപ്പൻ എഴുതും. ഒരുപാട് വിശേഷങ്ങൾ. തിരിച്ചു മമ്മിയും എഴുതും.എന്നെ നോക്കാൻ ,പട്ടാളത്തിൽ...