അവൻ കാണാത്ത അവളുടെ ചരിത്രം

അവൾക്കൊപ്പം വളർന്നൊരു നാട്ടു വഴിയുണ്ട് വീടിനു മുന്നിൽ.
ആ നാട്ടുവഴി ചെമ്മണ്ണിൽ നിന്നും കോൺക്രീറ്റ് പാതയായത് അവൾക്കൊപ്പമായിരുന്നു.
പാറപ്പുഴയുടെ വെള്ളച്ചാട്ടങ്ങളിൽ
അവൾ പിടിച്ച പരൽ മീനുകളുടെ ചരിത്രം ഉറങ്ങുന്നുണ്ട്.
അവൾക്കുണ്ടായ വിലക്കുകൾക്കൊപ്പം അതിർത്തി തിരിക്കപ്പെട്ട
ഒരു പാടവും പുഴയുമുണ്ടവിടെ.
അവൾക്കൊപ്പം വളരുകയും പൂക്കുകയും കായ്ക്കുകയും തണലാവുകയും ചെയ്ത ചില മരങ്ങളുണ്ടവിടെ.
പാവടമടി നിറയെ മഞ്ചാടി നൽകിയൊരു
മഞ്ചാടിമരം ഇപ്പോഴും അവളെ ഓർക്കുന്നുണ്ട്.
ഇരുപത്തിയഞ്ചു കൊല്ലം അവൾക്കൊപ്പം മുഴങ്ങിയ പള്ളിമണികൾ.
പള്ളിയങ്കണത്തിൽ പനിനീർചാമ്പയിൽ അവൾ ചവിട്ടിയൊടിച്ച ചില്ലയൊന്നിന്റെ മുറിവ് ഇപ്പോഴും അവളെ ഓർമ്മിപ്പിക്കുന്നു.
അതിനു കീഴിൽ പന്ത്രണ്ടു കൊല്ലം കൂട്ടുകാർക്കൊപ്പം വട്ടം കൂടിയിരുന്നൊരു തണലുണ്ട്.
അവൾക്കു കിടക്കുവാൻ അവകാശമില്ലാത്ത പള്ളി സിമിത്തേരിയിൽ
അവൾ അത്രമേൽ സ്നേഹിച്ചൊരു വല്യപ്പനും വല്യമ്മയും അപ്പാപ്പനുമുണ്ട്. ഒന്നും പറയാതെ വിട്ടുപോയൊരു ചങ്ങാതിയുണ്ട്.
പള്ളിയിൽ നിന്നും തിരികെയുള്ള വഴികളിൽ എന്നും അവൾക്കു തവിട്ടു പൂക്കൾ സമ്മാനിച്ചൊരു വള്ളിച്ചെടിയുണ്ട്.
ജൂൺ ജൂലൈ മഴകളിൽ അത്രമേൽ പ്രണയിച്ച തണുത്ത മുങ്ങാംകുഴികൾ ഉണ്ട്. പെണ്ണെന്നും ആണെന്നും തിരിക്കപ്പെടാതെ സഹോദരങ്ങളും കൂട്ടുകാരും ഒന്നിച്ചു നടത്തിയ കുറെ അധികം വെള്ളത്തിൽ ചാട്ടങ്ങൾ.
അതിരുകൾ തിരിച്ചു സിക്സും ഫോറും അടിച്ചു കൂട്ടിയ ഒരു ക്രിക്കറ്റ് ഗ്രൗണ്ട് ഉണ്ട് പറമ്പുകളുടെ നടുവിൽ.
നടന്ന വഴികളിലെ ഓരോ വീടും സ്വന്തം എന്ന് കരുതും വിധം അത്രമേൽ ഗ്രാമീണമായ ഒരു നാടുണ്ട്.
അതിനുമപ്പുറം, സങ്കടങ്ങളിൽ സന്തോഷങ്ങളിൽ ഒറ്റയ്ക്കിരിക്കുന്ന ചില ഇടങ്ങളുണ്ട്.
ചാരുന്ന ചില തോളുകളുണ്ട്. കെട്ടിപ്പിടിക്കുന്ന ചില മനസുകളുണ്ട്.
ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്കല്ല, ഒറ്റ ഇരിപ്പിൽ എല്ലാം പൊഴിച്ചെറിഞ്ഞു മറ്റെന്തിലേക്കോ പോകുവാനാണ് നിങ്ങൾ എന്നോടും എല്ലാ അവളോടും പറയുന്നത്.

Comments

Popular posts from this blog

അപ്പന്റെ മീനുകളിലെ പെണ്ണുങ്ങൾ

മുദ്രമോതിരം

ആദ്യ പ്രണയം