മുദ്രമോതിരം
പെട്ടെന്നാണ് ആനിമ്മ കക്കൂസിൽ കയറി വാതിലടച്ചത്. വാതിൽ അടച്ചു എന്ന് പറയുന്നത് ശരിയല്ല. ചാരി എന്ന് വേണം പറയാം, ഇന്നത്തേതടക്കം നാനൂറ്റി അന്പതാമത്തെ തവണയോ മറ്റോ ആണ് കക്കൂസിൽ ഇരിക്കുന്ന അമ്മയുടെ മുന്നിലേക്ക് വാതിലും തള്ളി അവള് ചെന്ന് കേറുന്നത്. "ഈ നേരവില്ലാത്ത നേരത്തു അമ്മയെപ്പഴാ കക്കൂസിൽ കേറിയേ? ഇനി എനിക്ക് വയ്യ 'അമ്മ തപ്പ്."
എന്തെങ്കിലും കാണാതെ പോകുമ്പോൾ കക്കൂസിൽ പോകുന്ന സ്വഭാവം ആനിമ്മയ്ക്കു കൗമാരക്കാലത്തു തുടങ്ങിയതാണ്. അതുവഴി ആധി, വ്യാധി, സങ്കടം, ദേഷ്യം, ഭയം എന്നിങ്ങനെ പലതും ഇറക്കി വയ്ക്കാം എന്നുള്ളത് ആനിമ്മയുടെ സ്വന്തം കണ്ടുപിടുത്തമാണ്.
ആനിമ്മ വിയർത്തു. കക്കൂസിൽ ഇരിപ്പു മാത്രമേ നടക്കുന്നുള്ളൂ. ഭാരം ഒന്നും ഇറക്കി വയ്ക്കാൻ പറ്റുന്നില്ല. അപ്പുറത്തെ ത്രേസ്യാച്ചേടത്തീടെ മിന്ന് ഇതുപോലെ ഒരിക്കൽ കാണാതെ പോയതാണ്. വേനൽക്കാലത്ത് രാവിലേം വൈകിട്ടും മുറ്റത്തെ ആറ്റുനോറ്റു നാല് തവണ പാറപൊട്ടിച്ചു വെള്ളം കണ്ട സ്വന്തം കിണറ്റിൽ കമഴ്ന്നുകിടന്നു നോക്കി എത്ര അരിഞ്ഞാണം വെള്ളം താഴ്ന്നുവെന്നും പൊങ്ങിയെന്നും നോക്കിയില്ലേൽ ത്രേസ്യാച്ചേടത്തിക്ക് അങ്കലാപ്പാണ്. പിള്ളേരും പിറുങ്ങണീം അടക്കം ഏഴുപേരുള്ള അവിടെ വെള്ളത്തിനെന്നല്ല എല്ലാത്തിനും റേഷനാണ്. അങ്ങനെ ഒരിക്കൽ കമഴ്ന്നു കിടന്നു നോക്കിയപ്പോഴാണ് തലേരാത്രിക്കത്തെ മഴയ്ക്ക് അരയരിഞ്ഞാണം വെള്ളം പൊങ്ങിയെന്ന് ചേടത്തി കണ്ടത്. "ഇച്ചായോ ഇങ്ങോട്ടു നോക്കിയെ" എന്ന് പറഞ്ഞു നിവർന്നതും, കുറച്ചു ദിവസങ്ങളായി പണിയൊന്നുമില്ലാതെ കണ്ട കാഴ്ചകൾ തന്നെ കണ്ടു മടുത്തിരിക്കുന്ന മോട്ടറിന്റെ ഇടത്തെ വശത്തു പൊങ്ങിനിന്ന തുരുമ്പിച്ച ആണിമേൽ കെട്ടുതാലി ഒരുടക്ക്. "എന്റെ മിശിഹായെ" എന്ന് പറഞ്ഞു പുറമിടിച്ചു വീണപ്പോഴേക്കും കെട്ടിയ താലിയും മാലയും രണ്ടു ദിശയിലേക്ക് പറപറന്നിരുന്നു . കൊണ്ട് പിടിച്ച തെരച്ചിലിനൊടുവിൽ കുറ്റിച്ചീരയുടെ വാടിയ തണ്ടൊന്നിൽനിന്ന് മാല കണ്ടു പിടിച്ചു. എന്നിട്ടും പിടി തരാഞ്ഞ മിന്ന് ഇനി ഒരിക്കൽ പോലും നഷ്ടമാകാത്ത അത്ര സുരക്ഷിതമായി കിണറ്റിലെ കൊട്ടക്കുഴിക്ക് നടുവിൽ ഉണ്ടാവുമെന്ന പ്രതീക്ഷയിൽ ചേട്ടത്തി സമാധാനിച്ചു.ചേട്ടത്തിടെ അച്ചായന് മിന്നിലും പൊന്നിലുമൊന്നും വല്യ താല്പര്യമില്ലാഞ്ഞോണ്ട് എന്നത്തേയുംപോലെതന്നെ അന്നും ഒൻപതരയ്ക്ക് ബഹളങ്ങളൊന്നുമില്ലാതെ അവിടെ വിളക്കുകെട്ടു.
ഇല്ല, എന്നത്തേയും പോലെ ഇന്ന് ആധിയും വ്യാധിയുമൊന്നും ഇറങ്ങുന്നില്ല. തലയ്ക്കുള്ളിൽ ആകെ പെരുപ്പാണ്. സക്കറിയ എപ്പോൾ വേണമെങ്കിലും വന്നു കേറാം.
ഇതിപ്പോ കാണാതെ പോയത് എന്നും പോകുന്ന പോലെ വണ്ടിയുടെ താക്കോലോ, സൊസൈറ്റിലെ ബുക്കോ, മുട്ട വിറ്റ കാശോ ഒന്നുമല്ല. മുദ്രമോതിരം ആണ്. കെട്ടിയ അന്ന് തന്നെ എവിടേലും ഊരി വയ്ക്കാൻ പറ്റുവോ എന്ന് ആകുന്ന പോകുന്ന നോക്കിയതാണ്. പറ്റിയില്ല. ഭാര്യയുടെ പാതിവൃത്യവും ഭർത്താവിന്റെ സ്നേഹവും കൂട്ടി കുഴച്ച് സ്വർണ്ണത്തിൽ പണിതതാണ് കല്യാണ മോതിരം എന്നതാണ് സക്കറിയായുടെ വാദം. അത് ഹൃദയത്തിലും ഉദരത്തിലും അതേ പടി സ്വീകരിച്ച്, കുളിയുടെ സമയം മാത്രം വിശ്രമം കൊടുത്ത് സക്കറിയ തനിക്കു കിട്ടിയ വിവാഹ മോതിരം പൊന്നു പോലെ കൊണ്ട് നടക്കുകയും ചെയ്തിരുന്നു.
തലേദിവസത്തെ കുരിശു വരയുടെ നേരത്താണ് ആനിമ്മയ്ക്കു വെളിപാടുണ്ടാകുന്നത്. "ഞാൻ വഹിക്കുന്ന കുരിശിനും ഭാരമുണ്ട്. പലപ്പോഴും കുരിശോടു കൂടി ഞാനും നിലത്തു വീണു പോകുന്നു." വായിച്ചു നിർത്തി ആനിമ്മ ചുറ്റും നോക്കി. 'അമ്മ പഠിപ്പിച്ചതൊന്നും മറക്കാതെ മുട്ടിന്മേൽ നിന്ന് കുരിശിന്റെ വഴി ചൊല്ലുന്ന സക്കറിയ. അപ്പൻ പഠിപ്പിച്ചത് അതേപോലെ ആവർത്തിക്കുന്ന രണ്ടു പെണ്മക്കൾ. ഇതൊക്കെ കണ്ടു എന്നത്തേയും പോലെ പിറകിൽ കസേരയിൽ ഇരുന്നു കുരിശുവരക്കു നേതൃത്വം കൊടുക്കുന്ന അമ്മച്ചി. ഇവരൊന്നുമല്ല, കെട്ടിയ അന്നുമുതൽ കയ്യിൽ കിടക്കുന്ന മോതിരം മാത്രമാണ് ഭാരം. ആനിമ്മ പതുക്കെ കെട്ടുമോതിരം ഊരി. കൊല്ലം ഇത്രയായിട്ടും തടി വയ്ക്കാത്തതിൽ നാട്ടുകാർക്കടക്കം ആനിമ്മയോട് അസൂയയുണ്ടേലും, ഒരിഞ്ചു വണ്ണം വച്ചിരുന്നേൽ ഈ മോതിരം ഒന്ന് ഊരമായിരുന്നു എന്ന ആനിമ്മയുടെ പ്രാർഥന കർത്താവ് കേട്ടില്ല. ഒരു മോതിരമല്ലേ അനിമേ, അതവിടെ കിടക്കട്ടെ, എന്നിട്ടീ നാട്ടുകാരൊക്കെ നിന്നെ കണ്ടസൂയപ്പെടട്ടെ എന്ന് കർത്താവും പറഞ്ഞു. ആനിമ്മ മോതിരം ഊരി വിരലിൽ നോക്കി. പത്തു പതിനഞ്ചു കൊല്ലത്തെ സ്നേഹം വിളറി വെളുത്തു കിടക്കുന്നു. ധിം..
ഇതിനപ്പുറം ഒന്നും ഓർക്കുന്നില്ല.
ആനിമ്മ കക്കൂസിൽ നിന്നും എണീറ്റു. ഒന്നുമില്ലേലും ഫ്ലഷ് അടിക്കണം എന്ന് മൂത്തവള് പറഞ്ഞിട്ടൊണ്ട്. അതോണ്ട് അതിന്മേൽ ഒന്നമർത്തിഞെക്കി.
എന്നാലും ആ വെളിപാടിന് ശേഷം എവിടെയായിരിക്കും മോതിരം ഊരി വച്ചിട്ടുണ്ടാവുക? ഒരു മോതിരം തെരയലിലൂടെ കണ്ടു കിട്ടിയത്, നോട്ടു നിരോധനം വന്നതറിയാതെ പെട്ടു പോയ രണ്ടു സ്വയമ്പൻ ആയിരത്തിന്റെ നോട്ട്, ഇനി കിട്ടില്ല എന്ന് കരുതി മറന്ന സക്കറിയയുടെ വണ്ടിയുടെ ബുക്കും പേപ്പറും , അമ്മച്ചിയുടെ കല്ല് വച്ച ബ്രോച്ച് എന്ന് വേണ്ട മൂത്തവൾടെ കുഞ്ഞു ക്ലാസ്സിലെ തൂവൽ ശേഖരണ ബുക്ക് വരെയാണ്.
അങ്ങനെ ആനിമ്മ അവസാനത്തെ അടവും എടുക്കാൻ തീരുമാനിച്ചു. മൂത്തവൾടെ മുറി നോക്കി ആനിമ്മ വിളിച്ചു ചോദിച്ചു.
"എടിയേ ഈ കാണാതെ പോയതൊക്കെ കാണിച്ചു തരുന്ന പുണ്യാളൻ ആരാരുന്നു?" മറുപടി കേൾക്കുന്നേനും മുന്നേ സക്കറിയായുടെ ചേതക്കിന്റെ ശബ്ദം. ഇറക്കിവയ്ക്കാത്ത ഭാരങ്ങളത്രയും ആനിമ്മയുടെ വയറ്റിൽ ഉരുണ്ടു മറിഞ്ഞു.
👌👌✌✌
ReplyDelete👌👌👌👌👌
ReplyDelete