എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

"ഒരൊറ്റ ജീവിതം പലര്‍ക്കും പല ആഴങ്ങളാണ്. അത് കൊണ്ടാണ് എന്നിലേക്ക് നിങ്ങള്‍ ഇറങ്ങുമ്പോഴോക്കെയും നിങ്ങളുടെ പാദങ്ങള്‍ മാത്രം നനയുന്നത്."
ഇതിനെയെങ്ങനെ ഒരു ആത്മഹത്യാക്കുറിപ്പായി കണക്കാക്കും എന്ന് എന്നെപ്പോലെ തന്നെ നിങ്ങള്‍ക്കും ചോദിക്കാം.. പക്ഷെ ഇത്ര മാത്രമായിരുന്നു അവള്‍ കുറിച്ചത്.
അവള്‍ ഇങ്ങനെ ആയിരുന്നു. അവള്‍ക്കു മാത്രമേ എന്നും അവളെ പൂരിപ്പിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ ഇതായിരുന്നില്ല അവളുടെ അവസാനത്തെ വരികള്‍. കല്ലറക്ക്  കുഴിവെട്ടിയ നേരം, കപ്യാരൊരു തുണ്ടുകടലാസ്സു കുഴിവേട്ടുകാരന് നീട്ടി. അതില്‍ ഇങ്ങനെ എഴുതിരുന്നു.

"എനിക്ക് വേണ്ടി തെമ്മാടിക്കുഴി വെട്ടുന്ന കുഴിവേട്ടുകാരന്,,, 
ഈ കല്ലറയില്‍ എന്റെ പേര് കൊത്തരുത്. പകരം എന്റെ മരണത്തിന്റെ രഹസ്യം അന്വേഷിക്കുന്നവരെ, ഇങ്ങനെ എഴുത്. 'മുഖങ്ങളുടെയും രഹസ്യങ്ങളുടെയും ലോകത്ത് ഇത് രണ്ടും ഇല്ലാതെ പിറന്നവള്‍.. തന്റെ ഇടം തേടി യാത്ര പോയവള്‍'. 
ഈ കുട്ടി എന്തെ ഇങ്ങനെ ചിന്തിക്കുന്നു എന്ന് ചിന്തിക്കുന്ന കുഴിവെട്ടുകാരാ, നിങ്ങള്‍ ഇപ്പോള്‍ മാത്രം എനിക്ക് കുഴി വെട്ടുന്നവന്‍ അല്ലേ. ഇതിനുമെത്രയോ മുന്‍പ് ഓരോരുത്തരായി ഓരോരോ കുഴിയില്‍ എന്നെ വിഭജിച്ചിരിക്കുന്നു. 
ഒരു കുഴിയില്‍ അവര്‍ നിശബ്ദത നിറച്ചു. എഴുത്തും ചിന്തയും വിലക്കി. കുറെ വസ്ത്രങ്ങള്‍ അതില്‍ കത്തിച്ചു. മറ്റൊരു കുഴിയില്‍ എന്റെ ചിന്തകളെ അടക്കം ചെയ്തു. ഒന്നില്‍ എന്റെ ശബ്ദത്തെ പൂട്ടി  വച്ചു. മറ്റൊരു കുഴിയില്‍ എന്നെ ഇറക്കി നിര്‍ത്തി ബന്ധങ്ങളുടെ ലേബലൊട്ടിച്ചു. എന്റെ യാത്രകളെ മറ്റൊരു കുഴിയില്‍ ഇറക്കി. എന്നിട്ടവര്‍ ചില വസ്ത്രം, ചില ചിന്തകള്‍, ചില സ്വപ്‌നങ്ങള്‍ എന്നിവ തിരിച്ചു നല്‍കി. എന്നിട്ട് പറഞ്ഞു ജീവിക്കേണ്ടത് ഇങ്ങനെ ആണെന്ന്.  കുഴികളിലായ എന്റെ കഷണങ്ങള്‍ എന്നെ നിശംബ്ദമായി നോക്കുക മാത്രം ചെയ്തു. 
ഇതെന്റെ അവസാനത്തെ കുഴിയാണ്. ഒരല്‍പം വിള്ളലുകള്‍ അവിശേഷിപ്പിക്കൂ.. പാദങ്ങള്‍ മാത്രം നനയുമാര് പലരും എന്നിലെക്കിറങ്ങിയപ്പോള്‍ കഴുത്തറ്റം എന്നിലിറങ്ങി എന്റെ പ്രണയത്തില്‍ മുങ്ങി മരിച്ച ഒരുവന്‍ ഒരു സൂര്യകാന്തിയുമായി ഈ കബറിടത്തില്‍ എത്തും.. വില്ലലുകളിലൂടെ എനിക്കവന്റെ പാദങ്ങള്‍ ചുംബിക്കണം. എന്നിലേക്കിറങ്ങി വന്ന പാദങ്ങള്‍."

Comments

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം