അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.


ഒരു വേനലവധിക്കാണ് കൊച്ചേച്ചീടെ പറമ്പിൽ മഞ്ചാടിക്കുരുവുള്ള രഹസ്യം ഞങ്ങൾ മനസിലാക്കുന്നത്. വേനലവധി എന്ന് പറഞ്ഞാൽ ശരിയാവില്ല. വേനൽ പരീക്ഷ. ഉത്തരക്കടലാസ് കയ്യിൽ കിട്ടാത്ത ഒരേ ഒരു പരീക്ഷ ഇതായതിനാൽ പഠിത്തം ഒക്കെ കണക്കാണ്. പക്ഷെ അപ്പൻ അമ്മമാരുടെ മുന്നിൽ ഭയങ്കര പഠിത്തം ആണ്.
ഒരൊറ്റ പ്രശ്നമേ ഉള്ളു പഠിത്തം വരണേൽ മരത്തിന്മേൽ കേറണം.
അതായത് പഠിക്കാൻ ആണെന്ന് പറഞ്ഞൊരു ഓട്ടമാണ് 'അമ്മ വീടിന്റെ അരികത്തു കൂടി ബേബിച്ചായന്റെ പറമ്പിൽ ചെന്നാണ് ആ ഓട്ടം നിൽക്കുക..
അവനവനു ആകുന്ന മരത്തിലൊക്കെ ഓരോരുത്തരായി കയറിക്കൂടും. ഏതേലും ഒരു ചില്ലയിൽ ഇരിപ്പുറപ്പിക്കും. പിന്നെ പുസ്തകം നിവർത്തിവയ്ച്ചു അതിഗംഭീരം പഠനമാണ്.
ഇതിനിടയിൽ ആവും അപ്പുള്ളാച്ചനും ബേബിച്ചായനുമൊക്കെ പശുനെ കെട്ടാൻ ആ വഴി പോകുന്നത്. കാക്കിരി പൂക്കിരി പിള്ളേരെ ഇവരുണ്ടോ മരത്തിന്മേൽ കാണുന്നു. ആ സമയം ഓരോരോ ശബ്ദങ്ങളാണ് ഓരോ മരത്തിന്മേൽ നിന്നായി. കാര്യം പിള്ളേരാണെന്നു പറഞ്ഞാലും ഒരു അതിരില്ലേ.. കാർന്നോന്മാരുടെ മൂക്ക് ചുവക്കും..
ഇങ്ങനെയുള്ള അതിമനോഹരമായ ഒരു പഠന ഒഴിവു ദിവസം. മരത്തിന്മേൽ കേറിയ ജിക്കൂട്ടീടെ തലയിന്മേല് ഒരു അപ്പൂപ്പന്താടി. അപ്പൂപ്പന്താടി എന്ന് പറഞ്ഞാൽ വീടിന്റെ ആധാരം പോലും വീട്ടുകാർ അറിയാതെ എടുത്തു കൊടുക്കുന്ന ടീമ്സ് ആണ്.
മാവോയിസ്റ്റുകൾ മരത്തിനു ചാടുന്ന പോലെ എല്ലാം ഒറ്റ ചാട്ടത്തിനു താഴെ എത്തി അവളുടെ അടുക്കൽ എത്തി.
എല്ലാത്തിന്റേം തലയിൽ കൂട്ട ലഡ്ഡു പൊട്ടൽ.
അതായത് അടുത്തെവിടെയോ അപ്പൂപ്പൻ താടിയുടെ മരമുണ്ട് എന്നർത്ഥം.
"ഉടനെ വാവച്ചിക്കു സംശയം. "അപ്പൂപ്പന്താടിക്കു മരം ആണോ?"
അല്ലേലും അവൾ പണ്ടേ നമുക്കറിയാവുന്നതൊന്നും ചോദിക്കൂല.
"മരം ആണേലും ചെടി ആണേലും വള്ളി ആണേലും പർവതം ആണേലും അപ്പൂപ്പന്താടി ഇവിടെ എവിടെയോ ഉണ്ട്. നീ തല്ക്കാലം അത്രയും മനസിലാക്കിയാൽ മതി." കൂടെ ഇരട്ട പെറ്റ ചേച്ചിയമ്മയ്ക്കു ദേഷ്യം ആയി.
അപ്പോഴുണ്ട് അമ്മുന്റെ വരവ്. കയ്യിലൊരു മഞ്ചാടിക്കുരു. അതായത് മഞ്ചാടി മരവും ഉണ്ടെന്നു ചുരുക്കും.. കലപില കലപില എന്ന് മരങ്ങൾ നിൽക്കുന്നിടത്ത് ഇതൊക്കെ എവിടുന്നു കണ്ടു പിടിക്കാൻ ആണ്.
മണ്ടയില്ലാത്ത അഞ്ചാറെണ്ണം അപ്പൂപ്പന്താടിയും മഞ്ചാടിമരവും തപ്പി നടന്നത് ദിവസങ്ങൾ ആണ്.
അന്വേഷണം റീത്താമ്മന്റിടെ പശുക്കൂടിനും അപ്പുറത്തെ വല്യമ്മേടെ തൊടിയിലും വരെ നീണ്ടു.
നാലാം ദിവസം അവർ അത് കണ്ടെത്തി. കൂടിയാലോചനകളും സാറ്റുകളിയും മുതൽ ആപ്പായിയുടെ(ഒരു കളിയാണ് ചങ്ങായി) ആളെ പിടിച്ചു നിർത്തുന്ന മരം വരെ ആ മഞ്ചാടി മരം ആയിരുന്നു.
അപ്പൂപ്പന്താടി മാത്രം പിടി തന്നില്ല. ഇടയ്ക്കിടെ എവിടെ നിന്നെന്നില്ലാതെ അപ്പൂപ്പന്താടികൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.
അവ കിട്ടുന്നവർ കിട്ടുന്നവർ ഭാഗ്യവതികളും ഭാഗ്യവാന്മാരുമായി വാഴ്ത്തപ്പെട്ടു.
പിന്നെ പിന്നെ അപ്പൂപ്പന്താടികളുടെ വരവു നിന്നു.
മരത്തിൽ കയറ്റം നിന്നു.
കയറിയ മരങ്ങൾ പലതും മുറിച്ചു മാറ്റപ്പെട്ടു.
മഞ്ചാടിമണികൾ പോലെ, അന്നത്തെ അപ്പൂപ്പന്താടികൾ പോലെ അന്നത്തെ ആ അഞ്ചാറു പെണ്ണുങ്ങൾ പല നാടുകളിലേക്ക് ചിതറി.........
ഓർമ്മപ്പിരാന്താണിപ്പോൾ.. നല്ല ഒന്നാന്തരം ഓർമ്മപ്പിരാന്തു

Comments

Popular posts from this blog

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം