സണ്ണി
ഒന്ന് വീടുവരെ പോയിവരുന്നതിൽ തെറ്റില്ലെന്ന് സണ്ണിക്ക് വീണ്ടും തോന്നി. വാതിലിൽ ചാരി നിന്ന് കണ്ണുകൾ ഒന്നുകൂടി ഇറുക്കിയടച്ച് ആ തോന്നലിനെ അയാൾ അതിജീവിച്ചു. താൻ പോകുമ്പോൾ തന്നെയാവും അത് സംഭവിക്കുക എന്നയാൾ ഉറച്ച് വിശ്വസിച്ചു. അകത്ത് ആകെ കേൾക്കാനുള്ളത് പതിഞ്ഞ നന്മനിറഞ്ഞ മറിയവും കുറെയധികം ശ്വാസ നിശ്വാസങ്ങളുമാണ്. സണ്ണി മേരിയെയോർത്തു. മേരിയുടെ കല്യാണത്തിന് സണ്ണിക്ക് പ്രായം പതിനേഴാണ്. മേരിക്ക് ഇരുപതും. ഓർക്കാൻ കാര്യമായി ഒന്നും സണ്ണിക്ക് ഉണ്ടായിരുന്നില്ല. കാരണം , മേരിയുടെ കല്യാണത്തിന് സണ്ണി ഇല്ലായിരുന്നു എന്നതുതന്നെ. പട്ടാള ക്യാമ്പിൽ നിന്നും പെങ്ങളുടെ കല്യാണം കൂടാൻ ഓടിയെത്തുന്ന അങ്ങളായാകാമെന്ന ആഗ്രഹവും സണ്ണിയ്ക്ക് ഉണ്ടായിരുന്നില്ല. പട്ടാളത്തിൽ ചേർന്ന് കുറച്ചു കഴിഞ്ഞപ്പോഴേ സണ്ണിയ്ക്ക് കാര്യങ്ങളുടെ ഏകദേശ കിടപ്പുവശം മനസ്സിലായി. ഒറ്റപ്പെങ്ങളെന്ന സെന്റിമെന്റ്സിനൊന്നും പട്ടാളത്തിൽ അത്ര വില പോര. പേറ് കഴിഞ്ഞ മേരിയെയാണ് പിന്നീട് സണ്ണി കാണുന്നത് . അപ്പോഴേക്കും മേരി ഒരുപാടു ദൂരം താണ്ടിക്കഴിഞ്ഞിരുന്നു. കല്യാണവേഷത്തിൽ നിന്നും ഒരുപാടു ദൂരം. സണ്ണി ചെവിയോർത്തു മേരിയായിരുന്നു അപ്പോൾ വരെ നന്മ നിറഞ്ഞ മറിയം ചൊല്ല...