പുസ്തകപ്പുഴുവും ഉണ്ണി ആറും
കോഴിക്കോടിന്റെ കടൽ മണ്ണിൽ വച്ചാണ് അങ്ങനെ ഉണ്ണി ആറിനെ ആദ്യമായി കാണുന്നത്. കുറേയിങ്ങനെ നോക്കി നിന്നതിനു ശേഷമാണ് ചെന്ന് സംസാരിച്ചത്. വീടും നാടും നാട്ടുകാര്യോം പറഞ്ഞു വന്നപ്പോ, നമ്മൾ അയലോക്കക്കാരാണല്ലോ എന്നായി മൂപ്പര്. ആ വർത്തമാനത്തിനിടയ്ക്കാണ് "പുസ്തകപ്പുഴു"വിനെക്കുറിച്ച് ഉണ്ണി ആർ സംസാരിച്ചത്. "ഇവിടെ ഉണ്ട്, വാങ്ങിച്ചു വായിച്ചു നോക്കൂ" എന്നായി.
അന്ന് തന്നെ പുസ്തകം കൈക്കലാക്കിയെങ്കിലും അലമാരകളും വീടുകളും മാറിയ കൂട്ടത്തിൽ മൂപ്പര് മാറി മാറി സ്ഥാനം പിടിച്ചതല്ലാതെ വായിക്കാൻ തരപ്പെട്ടില്ല. കഴിഞ്ഞ ദിവസം ഒരിക്കൽ കൂടി 'പുസ്തകപ്പുഴു" കയ്യിലെടുത്തു. ലേഖങ്ങളും, കുറിപ്പുകളും, പരിഭാഷകളും, സംഭാഷങ്ങളും അടങ്ങുന്നൊരു പുസ്തകം. കഥാകാരനും, സൗമ്യ ഭാഷണനുമായ ഉണ്ണി ആറിനപ്പുറം ലേഖങ്ങൾ കൈകാര്യം ചെയ്യുന്ന ഉണ്ണി ആറിനെ അറിഞ്ഞിരുന്നില്ല. ടെസ്റ്റ് ഡോസ് അടിക്കാൻ തുടങ്ങിയ വായന അവസാനിച്ചത് അവസാന താളിലാണ്.
വായനയിൽ അടിവരയിട്ടു പോയ ഭാഗങ്ങളിൽ ഒന്ന് ഇങ്ങനെയാണ്.
"എന്റെ അച്ഛൻ നല്ലൊരു വായനക്കാരനായിരുന്നു. അദ്ദേഹം എന്നോട് എപ്പോഴും പറയുമായിരുന്നു എല്ലാത്തരം പുസ്തകങ്ങളും വായിക്കണമെന്ന്. അതെന്തിനാണ് എന്ന് ഞാൻ ചോദിക്കുമ്പോൾ അദ്ദേഹം പറയും, എഴുത്തുകാരെ വിശ്വസിക്കരുത്, അവർ നുണ പറയും എന്ന്."
ഒ വി വിജയനും, സക്കറിയായും, എൻ എസ് മാധവും, ബീറ്റിൽസും, ചാർലി ഹെബ്ദോയും, അറിയപ്പെടാതെ പോയ സെലിൻ മാത്യൂസും, ടി കെ ദൊരൈ സ്വാമി എന്ന നകുലനും, കൃത്യമായ രാഷ്ട്രീയ നിലപാടുകളും കൊണ്ട് നിറഞ്ഞൊരു പുസ്തകം. ഇനി വായിക്കുവാനുള്ള പുസ്തക ശേഖരത്തിലേക്കു പത്തിലേറെ പുസ്തകങ്ങളുടെ പേരുകൾ "പുസ്തകപ്പുഴു" എനിക്ക് പറഞ്ഞു തന്നു.
ദുർബലനായ ഒരെഴുത്തുകാരന്റെ ശ്രമങ്ങൾ എന്ന് പറഞ്ഞുകൊണ്ട് എഴുത്തുകാരൻ ആരംഭിക്കുന്ന പുസ്തകത്തിൽ ദുര്ബലത തീരെ ഇല്ല എന്ന തിരിച്ചറിവാണ് വായനായവസാനം ലഭിക്കുക.
വായനയെ പ്രണയിക്കുന്ന എല്ലാവരുടെയും ശേഖരത്തിൽ "പുസ്തകപ്പുഴു" കൂടി ഉണ്ടാവട്ടെ.
Comments
Post a Comment