ആതിയിലെ കഥാസായാഹ്നങ്ങൾ
പലതവണ കയ്യിലെടുത്തിട്ടും വായിച്ചു തുടങ്ങിയിട്ടും പിന്നീടത്തേക്ക് മാറ്റി വയ്ക്കുകയും, തോമാച്ചി, പെണ്ണെ നീയിതു വായിക്കണം എന്ന് പറഞ്ഞു കയ്യിലെടുത്തു തന്നിട്ടും ഇനിയും വായിക്കുവാനുള്ള പുസ്തകക്കൂമ്പാരത്തിലേക്ക് മാറ്റി വയ്ക്കുകയും ചെയ്തൊരു പുസ്തകമായിരുന്നു 'ആതി'. കണ്ണുകൾ ചെല്ലുന്നത്ര അടുപ്പത്തിൽ, തൊടാതെ നാളുകൾ കിടന്ന്, ഹൃദയം കൊണ്ടൊരു ബന്ധമുണ്ടായി പിന്നീടൊരിക്കൽ പെട്ടെന്നൊരു തോന്നലിൽ എടുത്ത് വായിച്ച പുസ്തകങ്ങൾ ഒരുപാടാണ്. അങ്ങനെ ആയിരുന്നു ആതിയും. ഖസാക്കിലെത്തിയിട്ടു തിരിച്ചു പോരാൻ സാധിക്കാതെ, രവിക്കൊപ്പം ബസ് കാത്തു നിന്നതിനു ശേഷം പിന്നീട് തിരിച്ചു പോരാൻ സാധിക്കാതെ ആയത് ആതിയിൽ നിന്നുമായിരുന്നു.
കഥാസായാഹ്നങ്ങൾ നടക്കുന്ന ഒരു കൊച്ചു തുരുത്തിന്റെ നിർമ്മലതയിൽ ആദ്യം തന്നെ ആതിയെ വല്ലാതെയങ്ങു സ്നേഹിച്ചു പോകും. വെള്ളവും, വള്ളവും, വലയും, കക്കാവാരലും, കഥാസായാഹ്നങ്ങളും മാത്രം പോരാ എന്ന് മനസിലാക്കി നാട് വിടുന്ന കുമാരൻ, നല്ല ജീവിതത്തിനു വേണ്ടി ഗൾഫിലേക്ക് ചേക്കേറുന്ന ഒരു ശരാശരി മലയാളിയെ മാത്രമാണ് നോവലിന്റെ ആരംഭത്തിൽ ഓർമ്മിപ്പിക്കുന്നതെങ്കിൽ, പിന്നീടങ്ങോട്ട് കാണാൻ കഴിയുന്നത് നാടിനു വേണ്ടി നമുക്ക് വേണ്ടി എന്ന പറച്ചിലിൽ ഒരു പറ്റം ജനങ്ങളെ കയ്യിലെടുത്ത് നാട് മുഴുവൻ മറിച്ചു വിൽക്കാൻ ശ്രമിക്കുന്ന കുമാരനെയാണ്.
ജലമാണ് ആതിയിലുടനീളം. എല്ലാം ശുദ്ധമാക്കുന്ന ജലം. ആ ജലത്തിലേക്കെത്തി ശുദ്ധമാകുന്നവർ അനവധിയാണ്. "എന്നെ തടഞ്ഞു നിർത്തിയതെന്തിന്? എന്ന ജലത്തിന്റെ ഷൈലജയോടുള്ള ചോദ്യം ഓരോ വായക്കാരനോടുമാണ്. ആതിയിലെ മാറ്റങ്ങളോരോന്നും എനിക്ക് ചുറ്റുമല്ലേ എന്ന തിരിച്ചറിവാണ് ഈ വായന.
ആറു കഥാസായാഹ്നങ്ങളും, കലങ്ങി മറിഞ്ഞു തെളിയാൻ കൊതിക്കുന്ന ജലവും, കത്തുന്ന പച്ചവളയും, എല്ലാം കൂടി 'ആതി' വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നുണ്ട്.
ഇനി നിങ്ങൾ വായിക്കുവാനെടുക്കുന്ന പുസ്തകം ആതിയാവട്ടെ.
ഇനി യാത്ര ഉണ്ണി ആറിന്റെ "പുസ്തകപ്പുഴുവിലേക്ക്"
Comments
Post a Comment