സണ്ണി

ഒന്ന് വീടുവരെ പോയിവരുന്നതിൽ തെറ്റില്ലെന്ന് സണ്ണിക്ക് വീണ്ടും തോന്നി. വാതിലിൽ ചാരി നിന്ന് കണ്ണുകൾ ഒന്നുകൂടി ഇറുക്കിയടച്ച് ആ തോന്നലിനെ അയാൾ അതിജീവിച്ചു. താൻ പോകുമ്പോൾ തന്നെയാവും അത് സംഭവിക്കുക എന്നയാൾ ഉറച്ച് വിശ്വസിച്ചു.

അകത്ത് ആകെ കേൾക്കാനുള്ളത് പതിഞ്ഞ നന്മനിറഞ്ഞ മറിയവും കുറെയധികം ശ്വാസ നിശ്വാസങ്ങളുമാണ്.


സണ്ണി മേരിയെയോർത്തു. മേരിയുടെ കല്യാണത്തിന് സണ്ണിക്ക് പ്രായം പതിനേഴാണ്. മേരിക്ക് ഇരുപതും. ഓർക്കാൻ കാര്യമായി ഒന്നും സണ്ണിക്ക് ഉണ്ടായിരുന്നില്ല. കാരണം , മേരിയുടെ കല്യാണത്തിന് സണ്ണി ഇല്ലായിരുന്നു എന്നതുതന്നെ. പട്ടാള ക്യാമ്പിൽ നിന്നും പെങ്ങളുടെ കല്യാണം കൂടാൻ ഓടിയെത്തുന്ന അങ്ങളായാകാമെന്ന ആഗ്രഹവും സണ്ണിയ്ക്ക് ഉണ്ടായിരുന്നില്ല. പട്ടാളത്തിൽ ചേർന്ന് കുറച്ചു കഴിഞ്ഞപ്പോഴേ സണ്ണിയ്ക്ക് കാര്യങ്ങളുടെ ഏകദേശ കിടപ്പുവശം മനസ്സിലായി. ഒറ്റപ്പെങ്ങളെന്ന സെന്റിമെന്റ്സിനൊന്നും പട്ടാളത്തിൽ അത്ര വില പോര. പേറ് കഴിഞ്ഞ മേരിയെയാണ് പിന്നീട് സണ്ണി കാണുന്നത് . അപ്പോഴേക്കും മേരി ഒരുപാടു ദൂരം താണ്ടിക്കഴിഞ്ഞിരുന്നു. കല്യാണവേഷത്തിൽ നിന്നും ഒരുപാടു ദൂരം. 


സണ്ണി ചെവിയോർത്തു മേരിയായിരുന്നു അപ്പോൾ വരെ നന്മ നിറഞ്ഞ മറിയം ചൊല്ലിയിരുന്നത്. ഇപ്പോഴാരാണ് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല . അനിയന്മാരുടെ ഭാര്യമാരിൽ ആരെങ്കിലമാകാനാണ് സാധ്യത. തന്റെ ഭാര്യയായ ആൻസിയുടെ ശബ്ദം ഇതല്ല. അതയാൾക്കു ഉറപ്പാണ്. സണ്ണി അകത്തേക്ക് നോക്കി. ഒരു വ്യത്യാസവുമില്ല. അഞ്ചു മിനിറ്റ് മുൻപ് താൻ കണ്ട അതെ കാഴ്ച. അയാളുടെ 'അമ്മ കട്ടിലിൽ കിടക്കുന്നു . ചുറ്റും മക്കളും മരുമക്കളും കൊച്ചുമക്കളും . അയാൾ മാത്രം പുറത്ത്. സണ്ണി വിയർത്തു. അയാൾ വീണ്ടും കണക്കു കൂട്ടി വെറും 15 മിനിറ്റ് ആണ് വീട്ടിലേക്കു ദൂരം 35 മിനിറ്റിൽ  തിരിച്ചത്താം. അയാൾ ആൻസിയെ അടുത്ത് വിളിച്ചു കാര്യം പറഞ്ഞു .


ഇവിടെ പറ്റില്ലേ എന്ന ആൻസിയുടെ ചോദ്യത്തിന് അയാൾ "നിനക്കറിയാമല്ലോ" എന്ന് കണ്ണുകൊണ്ടു സണ്ണി മറുപടി പറഞ്ഞു.


എല്ലാ വീട്ടിലും അത്യാവശ്യം വേണ്ടത് അടുക്കളയും കക്കൂസും വൃത്തിയുള്ള ഒരു കന്നാലിക്കൂടുമാണെന്നായിരുന്നു സണ്ണിയുടെ വാദം . ഓരോ അവധിയും ഓരോ നിർമ്മിതികളും കൂട്ടിച്ചേർക്കലുകളും പൊളിച്ചുകളയലുകളുമായി സണ്ണി അയാളെ താൻ ജനിച്ചുവളർന്ന ആ വീടിന്റെ ഭാഗമാക്കി അടയാളപ്പെടുത്തിക്കൊണ്ടേയിരുന്നു. കുനിഞ്ഞു നിവരാൻ ബുദ്ധിമുട്ടിയിരുന്ന അടുക്കളയാണ് അയാൾ ആദ്യം ശരിപ്പെടുത്തിയത്. പുക നിറഞ്ഞു കറുത്ത ചുവരുകൾക്കുള്ളിൽ നിന്നും പുകയേ പുറത്തുചാടിക്കാൻ തക്ക വായുസഞ്ചാരവും ഉറി തൂക്കിയിടാൻ പാകത്തിന് ഉയരവുമുള്ള അടുക്കളയായപ്പോഴുക്കും സണ്ണിയുടെ ആദ്യത്തെ അവധി അവസാനിച്ചു. 

എന്നാലും പത്തം ക്ലാസ് കഴിഞ്ഞു പട്ടാളത്തിൽ ചേരാൻ വരി നിൽക്കുന്നതിനും മുൻപേ സണ്ണി വീട്ടിലൊരു കക്കൂസുണ്ടാക്കി. പട്ടാള ക്യാമ്പിൽ പല സാഹചര്യങ്ങളിലും കക്കൂസിൽ പോയിട്ടുള്ള സണ്ണിയ്ക്ക് എന്ന് മുതലാണ് സ്വന്തമല്ലാത്ത കക്കൂസുകളോട് അകലം തോന്നിത്തുടങ്ങിയതെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ ഇപ്പോൾ വീട്ടിൽ പോയേ മതിയാകൂ. ഒരിക്കൽ കൂടി അകത്തേക്ക് നോക്കിയിട് സണ്ണി വേഗം ആശുപത്രിയുടെ പടികളിറങ്ങി. 


പട്ടാളത്തിൽ നിന്നും തിരികെയെത്തിയ സണ്ണിയ്‌ക്കൊപ്പം ഉണ്ടായിരുന്ന അതെ ചുവന്ന സ്‌പ്ലെൻഡർ ആണ് അപ്പോഴും അയാൾ ഉപയോഗിച്ചിരുന്നത്. ചട്ടയും മുണ്ടുമുടുത്ത് ഒരു വശത്തേയ്ക്ക് ചരിഞ്ഞിരുന്ന അമ്മയെ സണ്ണി ഒരുമിന്നായം പോലെ ഓർത്തു. പെട്ടെന്ന് കുരിശിന്റെ വഴിയുടെ നാലാം സ്ഥലം അയാളുടെ ഓർമ്മയിൽ വന്നു. “അമ്മയും മകനും പരസ്പരം നോക്കി, കവിഞ്ഞൊഴുകുന്ന നാല് കണ്ണുകൾ വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങൾ”. അങ്ങനെ ഒരു സംഭവം സണ്ണിയ്ക്കും അമ്മയ്ക്കുമിടയിൽ ഉണ്ടായിട്ടേയില്ല. അമ്മയ്ക്കുവേണ്ടി സണ്ണിയോ സണ്ണിയ്ക്ക് വേണ്ടി അമ്മയോകണ്ണീരൊഴുക്കിയില്ല. കഠിനമായ രണ്ടു ഹൃദയങ്ങളും ഉറച്ച നാല് കണ്ണുകളുമായിരുന്നു അവരെപ്പോഴും. സണ്ണി പട്ടാളത്തിലേക്കു പോയപ്പോഴും അവധിയ്ക്ക് തിരിച്ചെത്തിയപ്പോഴും ഓരോ പോക്കിനും വരവിനും അവർ ഓരോ ഉറച്ച പാറകളായി സ്വയം രൂപാന്തരപ്പെട്ടു.


അയാൾ വീട്ടിനുള്ളിലേക്ക് കയറി. കാറ്റു പോലെ കക്കൂസിലേക്ക് ഓടിയ അയാൾ ഭാരം മുഴുവൻ ഒരൊറ്റ നിമിഷത്തിൽ ഇറക്കി വച്ചു. പോക്കെറ്റിൽ നിന്നും വിയർപ്പു മണക്കുന്ന സിഗെരെറ്റ് എടുത്തു തീകൊളുത്തി പുകയൂതി വിട്ടു. ഇതിനോടായിരുന്നു അമ്മയ്ക്കെന്നും എതിർപ്പ്. പുകഞ്ഞു പുകഞ്ഞു തന്റെ മകൻ ഒരിക്കൽ ശ്വാസകോശ അർബുദം ബാധിച്ച് മരിക്കുമെന്ന് അവർ ഭയന്നു. അതിനു വേണ്ടി അവർ നിരന്തരം സണ്ണിയോട് കലഹിച്ചിരുന്നു. പാതി കത്തിയ സിഗരറ്റ് കുത്തിയൊടിച്ച് സണ്ണി വെള്ളമൊഴിച്ചു. അയാൾക്കൊന്നു കിടക്കണമെന്നു തോന്നി. വേണ്ട എന്ന് വച്ച് അയാൾ തിരക്കിട്ടു വണ്ടിയെടുത്ത് ആശുപത്രിയിലേക്ക് തിരിച്ചു.


അപ്പൻ മരിച്ചപ്പോഴും സണ്ണി സ്ഥലത്തുണ്ടായിരുന്നില്ല. ദ്രാസിലെ മഞ്ഞു പുതഞ്ഞ പട്ടാള ക്യാമ്പുകളിൽ ആഴ്ചയിൽ ഒരിക്കൽ മാത്രം സാധ്യമായിരുന്ന ഫോൺ കാളിലൂടെയാണ് അയാൾ അപ്പന്റെ മരണവാർത്തയറിഞ്ഞത്. ദിവസവും കിട്ടുന്ന രണ്ടു പെഗ്ഗിനോപ്പം ഒന്ന് കൂടെ ചേർത്തു അയാൾ ആ മരണവാർത്ത വിഴുങ്ങുകയായിരുന്നു.


സണ്ണിയുടെ സ്‌പ്ലെൻഡർ മൂന്നാം ഗിയറിനു അപ്പുറം പോയില്ല. ഇങ്ങോട്ടേക്കു വന്ന സ്പീഡ് സണ്ണിയ്ക്ക് തിരികെ പോകാൻ ഉണ്ടായില്ല. 'അമ്മ കാത്തുനിന്നില്ലെങ്കിൽ താൻ എങ്ങനെയാകും പ്രതികരിക്കുക എന്ന് സണ്ണി ആലോചിച്ചു. ആൻസിയെ ഒന്ന് വിളിച്ചാലോ ! സണ്ണി പതിയെ പോക്കെറ്റിൽ കിടന്ന മൊബൈൽ കയ്യിലെടുത്തു. അത് ഉപയോഗിച്ച് ശീലമായിട്ടില്ല. എന്നാലും അൻസിയുടെയും മക്കളുടെയും നമ്പറുകൾ കുത്തി വിളിക്കാൻ അയാൾ ശീലിച്ചിട്ടുണ്ട്. ബൈക്ക് സൈഡ് ഒതുക്കി പോസ്റ്റിലേക്ക് ചാരി അയാൾ ആൻസിയെ വിളിച്ചു. മൂനാം ബില്ലിൽ ആൻസി ഫോൺ എടുത്തു. സണ്ണിയും ആൻസിയും ഒന്നും സംസാരിച്ചില്ല. ഇരുതലയ്ക്കലും കവിഞ്ഞൊഴുകുന്ന നാലു കണ്ണുകൾ വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങൾ. അടുത്തുള്ള ഒതുക്കുകല്ലിലേയ്ക്ക് അയാൾ ചുരുണ്ടിരുന്നു. ഏതോ പട്ടാളക്യാമ്പിൽ വച്ച് മറന്നു വച്ച കണ്ണീർചാലുകൾ അയാളിലേക്ക് ഇരച്ചെത്തി.


Comments

Popular posts from this blog

അപ്പന്റെ മീനുകളിലെ പെണ്ണുങ്ങൾ

അന്നമ്മ, അന്ന, അന്ന

മുദ്രമോതിരം