ആദ്യ പ്രണയം
എൽ കെ ജിൽ പഠിക്കുന്ന പിള്ളേര് വരെ ഐ ലവ് യുന്നു പറയണ കാലമാണ് .പത്താം ക്ലാസ്സിൽ പടിക്കണ കാലത്തും പൂമ്പാറ്റ, തുമ്പി എന്നൊക്കെ പറഞ്ഞു നടന്ന നീ എന്ത് പ്രണയകഥ പറയാനാ എന്നാണെങ്കിൽ തെറ്റി.. അതിഭീകരമായി കൊണ്ട് നടന്ന ഗംഭീരമായ ആദ്യ പ്രണയത്തിന്റെ ചുരുളഴിയൽ ആണ് ഇവിടെ.
നായകനെക്കുറിച്ചു ഘനഗാംഭീര്യത്തോടെ ആദ്യമൊന്നു വർണ്ണിക്കേണ്ടതുണ്ട്.. ആദ്യ പ്രണയമല്ല.. ഇമ്മിണി വർണ്ണനയില്ലാതെ എന്താഘോഷം ??
സങ്കൽപ്പത്തിന്റെ അങ്ങേയറ്റത്തെ സൗന്ദര്യമുള്ള ഒരു കോമളൻ. അതുക്കും മീതെ നല്ല ഒന്നാന്തരം സ്വഭാവം. സാഹസികൻ എന്നൊക്കെ പറഞ്ഞാൽ ഒരു ജയിൽ ചാടാനുള്ള ചങ്കുറപ്പ്.
ഒരു പട്ടാളക്കാരന്റെ മോളാകുമ്പോ മിനിമം ആ ലെവൽ സാഹസികത എങ്കിലും നോക്കണമല്ലോ.
കാലം എന്റെ അഞ്ചാം ക്ലാസാണ് .
നാട്ടിലെ ഒരു കുഞ്ഞി സ്കൂളിൽ നിന്നും നഗരത്തിലെ ഒന്നാംകിട സ്കൂളിൽ പഠിക്കാനെത്തിയ വാഴക്കാളി പെങ്കൊച്ചിനു ഈ കൂട്ടുകിട്ടുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നാണ്.
നായകനെ കണ്ടുമുട്ടിയതും മൂക്കും കുത്തി ഒരു വീഴച അല്ലാരുന്നോ ? പിന്നെ സ്വപ്നം കാണലിന്റെ പള്ളിപ്പെരുന്നാളാരുന്നു. ഇരിക്കുമ്പോഴും കിടക്കുമ്പോഴും എന്തിനു ക്ലാസ്സിൽ വരെ മനസ്സിൽ നമ്മുടെ നായകൻ മാത്രം.
(വായിച്ചു ഇത് വരെ എത്തുമ്പോൾ തന്നെ അമ്മയുടെ വക "നിനക്കിത് എന്നാത്തിന്റെ കേടാ എന്റെ കർത്താവെ എന്നുള്ള പറച്ചിലും, പൊതിരെ തല്ലും ഉറപ്പുള്ളതുകൊണ്ട് നായകന്റെ പേരിലേക്ക് കടക്കാം.. അതാണ് ബുദ്ധി)
മോണ്ടി ക്രിസ്റ്റോ പ്രഭു ( ആരാന്നാ എന്നൊന്നും ചോദിക്കല്ല്, നമ്മള് പുളിങ്കൊമ്പേ നോക്കൂ )
മലയാളം മീഡിയത്തിൽ മാത്രം പഠിച്ചു ഇംഗ്ലീഷ് മീഡിയത്തിൽ വന്നു പെട്ടുപോയ പാവം കൊച്ചിന് ലൈബ്രറിയിൽ നിന്നും ആദ്യമായി കിട്ടിയ പുസ്തകമായിരുന്നു അത്. നല്ല ഒന്നാന്തരം മലയാള പരിഭാഷ. ക്ലാസ്സിൽ ഇരുന്നുള്ള പുസ്തക വായന ഏതാണ്ട് അന്ന് തുടങ്ങി എന്ന് പറയാം. അവസാനത്തെ താളുകൾ ആരുടെയോ വായനകാരണം നഷ്ടപ്പെട്ടു പോയി എന്നറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു.
അങ്ങനെ ആദ്യ പ്രണയം രൂപം കൊണ്ടു . കേരളത്തിലെ ഒരു ഗ്രാമത്തിലെ മലയാളിപ്പെൺകൊച്ചിനു ഏതോ മറുനാട്ടുകാരൻ സായിപ്പിനോട് പ്രേമമായി. എന്തിനധികം പറയുന്നു. കെട്ടുന്നുണ്ടേൽ അത് അങ്ങനെ ഒരാളെ ആയിരിക്കും എന്ന് ശപഥം വരെ ചെയ്തില്ലേ.. ഹിഹി
പക്ഷെ ആ ചിന്ത റോബിൻ ഹുഡ് വന്നപ്പോൾ അങ്ങ് മാറി. പിന്നെ താരം റോബിൻ ഹുഡ് ആയിരുന്നു.
പിന്നീടങ്ങോട്ട് പ്രണയത്തിന്റെ ഉത്സവമായിരുന്നു.
അപ്പൊ പറഞ്ഞു വന്നതിതാണ്.. ഏതു പ്രായത്തിലും മോണ്ടി ക്രിസ്റ്റോയെ സ്നേഹിക്കാം, റോബിൻ ഹുഡിനെ പ്രണയിക്കാം.. ചുമ്മാ അങ്ങ് വായിക്കന്നെ... ഓൻ ബോറടിപ്പിക്കൂല
അപ്പൊ എല്ലാം പറഞ്ഞ പോലെ ....
Comments
Post a Comment