അപ്പന്റെ മീനുകളിലെ പെണ്ണുങ്ങൾ

ജീവിതത്തിന്റെ രാഷ്ട്രീയം തേടുന്ന കവിതകളാണ് അപ്പന്റെ മീനുകളിൽ. വീടും വഴിയും പറമ്പും അതിർത്തികളും അയൽരാജ്യങ്ങളും പ്രണയവും വിശപ്പും എന്നിങ്ങനെ കവിതകൾ പലവഴി കടന്നു പോകുന്നുണ്ട്. കണ്ടതും, കാണുന്നതുമായ ജീവിതകളും ഇനിയുണ്ടാവേണ്ട വസന്തവും കവി തന്റെ കവിതകളിൽ ഉടനീളം എഴുതിയിടുന്നു. പുസ്തകത്തിന്റെ ആമുഖ പഠനത്തിൽ ഷീല ടോമി എൽദോയുടെ കവിതകളെ തിരസ്‌കൃതരുടെ സങ്കീർത്തനം എന്നാണ് വിളിച്ചിരിക്കുന്നത്. ഒരിക്കലും നിലയ്ക്കാത്ത നിലവിളികളായി ഓരോ കവിതയും വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിയുമ്പോഴും പറയാതെ പറയുന്ന പെണ്ണിടങ്ങളാണ് എൽദോയുടെ കവിതകളുടെ പ്രത്യേകത.

അപ്പന്റെ മീനുകളിലെ  പെണ്ണടയാളങ്ങൾ പലപ്പോഴും അരികുവൽക്കരിക്കപ്പെട്ടവരോ തിരസ്ക്കരിക്കപ്പെട്ടവരോ മറന്നു പോകപ്പെട്ടവരോ ആണ്. 'ലിലിത്ത്', 'വിപ്ലവങ്ങളുടെ ദേവത' എന്നീ രണ്ടു കവിതകളാണ് അപ്പന്റെ മീനുകളിലെ പെൺകവിതകൾ.

ജൂതന്മാരുന്ടെ ദുര്ദേവതയായ ലിലിത്തിനെ കവി വിളിക്കുന്നത് 'ആദ്യത്തെ ഫെമിനിസ്റ്റ്' എന്നാണ്. ആദാമിനൊപ്പം സൃഷ്ടിക്കപ്പെട്ട ആദ്യത്തെ പെണ്ണ്. 

"വഴങ്ങുന്നവളെ 
മതം വിശുദ്ധയാക്കുമ്പോൾ
ചോദ്യം ചെയ്യുന്നവൾ 
വേശ്യയും കൊള്ളരുതാത്തവളും 
പിശാചിനിയുമാകുമ്പോൾ 
നാം മറന്നുകളഞ്ഞവൾ ചീത്തയാക്കപ്പെട്ടവൾ 
ലിലിത്ത്"

ഈ വരികളിലൂടെ മതത്തെയും സമൂഹത്തെയും നിലനിൽക്കുന്ന വ്യവസ്ഥകളേയും ഒന്നടങ്കം കവി ചോദ്യം ചെയ്യുന്നുണ്ട്. ഗർഭപാത്രത്തിൽ വച്ച് കുഞ്ഞുങ്ങളെ കൊള്ളുന്ന, മുലക ളിൽ വിഷം ചീറ്റുന്ന, ദുർദേവതയെ "സുന്ദരിയായ പിശാചിനി" എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കവി പറയുന്നത് "വിധേയയായി നിൽക്കാത്തതിനാൽ മാത്രം ഏദൻ എന്ന ആഡംബരം ഉപേക്ഷിക്കേണ്ടി വന്നവൾ" എന്നാണ്. സൃഷ്ടി  മുതൽ ആവർത്തിക്കപ്പെടുന്ന സ്ത്രീകളിടെ അഭിപ്രായ സ്വാതത്ര്യ  നിഷേധം  തുറന്നു കാട്ടലാണ് ലിലിത്ത്. 

'വിപ്ലവങ്ങളുടെ ദേവത'യാകട്ടെ ചരിത്രം അടയാളപ്പെടുത്തി ചരിത്രത്തിന്റെ നടുവിൽ നിന്നിട്ടും സ്വന്തം ജനങ്ങൾക്കിടയിൽ ഒരിക്കൽ തോറ്റുപോയ ഇറോമിന്റെ ജീവിതമാണ്. 

"ഏതു ഗോത്രദേവതയാണ് 
വിശപ്പിനെ സമരമാക്കാൻ 
നിനക്കിത്ര ധൈര്യം തരുന്നത്? എന്നതുൾപ്പടെ ഇറോമിനെ ഓർമ്മപ്പെടുത്തലാണ് 'വിപ്ലവങ്ങളുടെ ദേവത'.

എൽദോയുടെ കവിതകളിൽ ഉടനീളം കടന്നുവരുന്ന മറ്റൊരു സ്ത്രീ ചിത്രം 'അമ്മ'യുടേതാണ്. യുദ്ധത്തിൽ മരിച്ച മകന്റെ പേര് പൂച്ചയ്ക്ക് നൽകി, ശേഷം കാണാതായ പൂച്ചയെ ഉറക്കെ ഏതൊരു വിളിച്ചു നടക്കുന്ന സിറിയൻ സ്ത്രീയും, യുദ്ധത്തിൽ മരിച്ച കുട്ടികളുടെ, മുലകൾ ചുരത്താത്ത അമ്മമാരും ആത്മഹത്യ ചെയ്ത സുഹൃത്തിന്റെ അമ്മയും വായനയിൽ പങ്കു വയ്ക്കുന്നത് ഒരേ കണ്ണുകളാണ്. തിരിഞ്ഞു നോക്കി കരഞ്ഞു തീർക്കാതെ മുന്നോട്ടു  ജീവിക്കുന്ന അമ്മമാർ. ഇതിനിടയിൽ അപ്പൻ വരുന്ന വൈകുന്നേരം നിറയെ നിലാവുമായി അകത്തേയ്ക്കു പോകുന്ന അമ്മയുടെ ചിത്രമുണ്ട്. പലപ്പോഴും എഴുതി മടുത്ത 'അമ്മ സങ്കല്പമല്ല ഈ കവിതകളിലേത്. മകന്റെ മരണവും, യുദ്ധവും, തനിച്ചാവാലുമൊക്കെ വളരെ തന്മയത്വത്തോടുക്കൂടി കൈകാര്യം ചെയ്യുന്ന അമ്മമാരാണ്. സ്ഥലവും കാലവും സമയവും മാത്രം മാറുകയും അമ്മമാർ അതിജീവനത്തിന്റെ അടയാളങ്ങളിലായി അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നു.

"ആത്മഹത്യ ചെയ്ത കൂട്ടുകാരന്റെ 
അമ്മ വിളംബിത്തന്ന 
അത്താഴം കഴിച്ച്
അവനെക്കുറിച്ചു മാത്രം 
സംസാരിക്കാതെയിരുന്നിട്ടുണ്ടോ?" 
"ബസ്റ്റോപ്പിൽ വച്ച് 
അവന്റമ്മയെ കണ്ടു 
അവൻ മരിച്ചുപോയെന്നൊന്നും
അവർ പറഞ്ഞില്ല 
പകരം 
കുറച്ച്‌ കടല കൊറിക്കാൻ തന്നു"
എന്നീ വരികളിലൊക്കെത്തന്നെ അവരുടെ കണ്ണുകളിൽ സങ്കടമോ പരിഭവമോ ഇല്ല. 'അമ്മ സങ്കലപ്പത്തിന്റെ പൊളിച്ചെഴുത്താണ് ഈ വരികൾ.

മുല മുറിച്ചുകളഞ്ഞ കാമുകിയുടെയും മുല കൊടുക്കാത്ത അമ്മമാരുടെയും ചിത്രം വല്ലാത്തൊരു ഓർമ്മപ്പെടുത്തൽ പോലെയാണ് കവി ആവതരിപ്പിക്കുന്നത്. വായനയുടെ അവസാനം മുഴുത്ത നിലവിളികളായി ഓരോ കവിതയും ഞെഞ്ചിൽ തറയ്ക്കപ്പെടുകയാണ്. അത്രമേൽ ഉറപ്പാണ് എൽദോയുടെ വരികൾക്ക്.
പ്രിയ കൂട്ടുകാരന്, കവിയ്ക്ക്, ഏറെ സ്നേഹം.

Comments

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം