മിശിഹാ ചരിത്രം
ജോസഫ് എന്ന പേരാണ് മാമോദീസ മുങ്ങിയ ദിവസം അയാൾ സ്വയം തിരഞ്ഞെടുത്തത്. കാരണം ചോദിച്ചപ്പോ, "ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം ആണച്ചാ എനിക്കിഷ്ടം" എന്നായിരുന്നു പളനിയുടെ മറുപടി. അങ്ങനെ ഒരു രൂപം അയാളുടെ 'അമ്മ മുണ്ടിന് എളിയിൽ എപ്പോഴും തിരുകിവയ്ച്ചിരുന്നു. പളനിക്കൊപ്പം അവന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അന്ന് മാമോദീസ മുങ്ങി. ആർക്കും എതിരൊന്നും തോന്നിയില്ല. കത്തോലിക്കാ സഭയ്ക്കിരിക്കട്ടെ നാല് പേരുകൂടി എന്ന് പ്രമാണിമാരും കരുതി.
'ജോസഫ്' എന്നയാൾ പലരോടും പേര് പറഞ്ഞു. എല്ലാരും അയാളെ പളനി എന്ന് തന്നെ വിളിച്ചു. അയാൾക്കും പരിഭവം തോന്നിയില്ല. അത്രയധികം അയാൾ ആ പേരും ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ അയാൾ ഭാര്യയോട് പറഞ്ഞു "എന്റമ്മയിട്ട പേരാണ് പളനി. അവർക്ക് അങ്ങനെ ഒരാങ്ങളയുണ്ടായിരുന്നു. മുലപ്പാല് വിക്കി മരിച്ചു എന്നാണ് കേട്ടിട്ടുള്ളത്. 'അമ്മ പറയുമായിരുന്നു. അമ്മമ്മയ്ക്ക് പാലില്ലായിരുന്നുവെന്ന്. വെള്ളം കുടിച്ചു കുടിച്ച് ആ കുഞ്ഞു കരയുമായിരുന്നു. അങ്ങനെ ഒരു കരച്ചിലിനിടയിൽ ആ കുഞ്ഞ് മരിച്ചു പോയി. പിന്നെ ആ കുഞ്ഞ് ഞാനായി.അത്ര സ്നേഹമായിരുന്നു അമ്മയ്ക്കാ ആങ്ങളക്കുഞ്ഞിനെ."
.................................................*********************************................................................
മാർച്ച് മാസത്തിന്റെ ചൂടിനെ വെല്ലുന്ന ചൂടാണ് അകത്ത്. പള്ളിക്കമ്മറ്റി ഇതിനു മുൻപ് ഇത്രയ്ക്കും ചൂട് പിടിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
"ഇതിപ്പോ ഇത്ര കാര്യമാക്കാൻ എന്താണുള്ളത് എന്ന് എനിക്ക് മനസിലാകുന്നില്ല." വികാരിയച്ചൻ തീർത്തു പറഞ്ഞു.
"അച്ചനത് തോന്നുകേല. അച്ചനത് തോന്നേണ്ട കാര്യവുമില്ലല്ലോ. മൂന്നുകൊല്ലം തികച്ചാൽ അച്ചൻ വേറെ ഇടവക നോക്കി പോകും. അന്നും ഇന്നും ഈ ഇടവകയിൽ ഉള്ളത് ഞങ്ങളാ. ഇടവക സെമിത്തേരി എല്ലാ ഇടവകക്കാർക്കും ഉള്ളതാ എന്ന് പറയുന്നത് ന്യായം. എന്നും വച്ച് വരുത്തന്, അതും മാർക്കം കൂടിയ വരുത്തന് കപ്യാരുപണി കൊടുക്കാൻ ഒക്കുകേല."
വികാരിയച്ചൻ വിയർത്തു. പ്രമാണിമാരെന്നല്ല, സമ്പാദ്യം മെലിഞ്ഞിട്ടും കുടുംബമഹിമ മെലിയാത്ത ഒരു അച്ചായന്മാരും അടുക്കുന്നില്ല. നല്ല എണ്ണം പറഞ്ഞ സത്യക്രിസ്ത്യാനികള്, അച്ചനെ കുരിശേൽ കേറ്റാനെന്ന മട്ടിൽ നിൽപ്പാണ്. "ഈമാതിരി കുരിശൊക്കെ ഏൽക്കാനാണോ കർത്താവേ ഈ ഇടവകയിലേക്കു നീ എന്നെ പറിച്ചു നട്ടത്" എന്നും ചോദിച്ചു വികാരിയച്ചൻ ഇടവക ജനങ്ങളുടെ പരാതി മുഴുവനും കേട്ടു. അങ്ങുന്നും ഇങ്ങുന്നും ചില ഞരക്കങ്ങൾ ഒഴിച്ചാൽ ബാക്കിയെല്ലാവരും പളനിക്കെതിരുനിന്നു.
പളനി ആ നേരം പെണ്ണുമ്പിള്ളേടെ കൂടെ കട്ടനും മോന്തി കപ്പ പുഴുങ്ങിയത് കഴിക്കുവാരുന്നു.
.................................................*********************************................................................
ഒരു കൊല്ലം മുൻപാണ് പളനി ഇട്ടിവാരത്ത് എത്തിയത്. അന്നവിടെ വികാരി ഡാനിയേലച്ചനാണ്. അസ്സിസ്റ്റന്റ് വികാരി സോണിയച്ചനും. ഒരു ദിവസം പളനി ഭാര്യയേം മക്കളേം കൂട്ടി അച്ചനെ കണ്ടു. "അച്ചോ, എനിക്ക് ക്രിസ്ത്യാനിയാകണം. എനിക്ക് മാത്രമല്ല. എന്റെ പെമ്പ്രെന്നോൾക്കും പിള്ളേർക്കും."
അച്ചൻ പളനിയെ അടിമുടി നോക്കി. കുറച്ചു നാളായിട്ട് പള്ളിപ്പറമ്പിലെ ഒരുമാതിരി പണികളെല്ലാം തന്നെ പളനിയാണ് ചെയ്യുന്നത്. പള്ളിവക തെങ്ങിലെ തേങ്ങയിടൽ ഉൾപ്പടെ പളനി ചെയ്യാത്തതായി ആ പള്ളിപ്പറമ്പിൽ ഒന്നുമില്ല.
"ഇപ്പോ ഇങ്ങനെ തോന്നാനെന്താ?" അച്ചൻ പളനിയെ ഒന്നാഞ്ഞു നോക്കി
പളനി വികാരി അച്ചന്റെ മുറിയിൽ കയറി. പുറത്തേക്ക് ഒന്നും കേട്ടില്ല.
സോണിയച്ചൻ പളനിയുടെ കുഞ്ഞുങ്ങളെ കാണുകയായിരുന്നു. അച്ചനവരെ മാലാഖക്കുഞ്ഞുങ്ങളെപ്പോലെ തോന്നി. കുനിഞ്ഞിരുന്ന് ഉരുളൻകല്ലുകൾ പെറുക്കുന്ന ചിറകുകൾ ഇല്ലാത്ത മാലാഖാമാർ. തോളെല്ലകൾ ഒട്ടിയും കണ്ണുകൾ കഴിഞ്ഞുമിരിക്കുന്ന മാലാഖാമാർ . സോണിയച്ചന് കണ്ണിനു മുന്നിൽ കാണുന്നതെല്ലാം ക്യാൻവാസിലെ ചിത്രങ്ങളായിരുന്നു.
ഈ സമയം പളനിയും വികാരിയച്ചനും പുറത്തെത്തി.
"കൊച്ചച്ചൻ ഇവരെയൊന്ന് വേദപാഠം പഠിപ്പിക്കണം." ഇത്രയും പറഞ്ഞു വികാരിയച്ചൻ മുറിയിൽ കയറി.
മാസം രണ്ടിന് ശേഷം, തീരെ ആഘോഷങ്ങൾ ഒന്നുമില്ലാതെ നാലു പേർ മാമോദീസാ മുങ്ങി. അന്ന് വൈകുന്നേരം പളനിയുടെ കെട്ട്യോള് അരക്കിലോ പോത്ത് ഉലർത്തി വട്ട മേശയുടെ നടുക്ക് വച്ചു. അന്ത്യത്താഴത്തിന്റെ ചിത്രം കണക്കെ അന്ന് വൈകിട്ട് അവർ ഒന്നിച്ചു കഴിച്ചു.
.................................................*********************************................................................
വികാരിയച്ചൻ മുകളിലേക്ക് നോക്കി പത്തുനാല്പത്തഞ്ചു ഫാൻ ഉണ്ട്. ഒരു കാര്യവും ഇല്ല. ചൂട് കൂടുന്നതേയുള്ളു. പലരും ഇരിക്കുന്നുപോലുമില്ല. അച്ചൻ സോണിയച്ചനെ നോക്കി. സോണിയച്ചൻ എണീറ്റ് നിന്നു.
"പളനി ഇല്ലാതെ ഇവിടെ ഇങ്ങനെ അയാളുടെ കാര്യം ചർച്ച ചെയ്യുന്നതിൽ എന്ത് കാര്യമാണുള്ളത്. അയാൾക്ക് പറയാൻ ഉള്ളത് കേൾക്കണ്ടേ?" സോണിയച്ചൻ അവയുന്നത്ര ഉറക്കെ പറയാൻ ശ്രമിച്ചു.
കരപ്രമാണികളുടെ നിയന്ത്രണം വിട്ടു.
"ഇനിയാ വരുത്തനെ പള്ളിക്കമ്മറ്റീലോട്ടും കൂടെ കേറ്റാത്തതിന്റെ കുറവേ ഉള്ളു. അതൊന്നും ഇവിടെ നടക്കുകേല. ഇനീം ഇതിങ്ങനെ മുന്നോട്ട് പോകാനാ ഉദ്ദേശമെങ്കിൽ ഞായറാഴ്ചക്കുർബാന ഇടവക പള്ളീൽ കൂടണോ വേണ്ടയോ എന്ന് ഞങ്ങൾക്ക് ഒന്ന് ആലോചിക്കേണ്ടി വരും." പാലപ്പറമ്പിൽ കറിയാച്ചായൻ രോഷം കൊണ്ടു. രണ്ടു ദിവസം മുന്നേക്കൂടെ "എടാ പളനിയേ വീട്ടിലെ തേങ്ങയൊക്കെ ഉണങ്ങി വീഴാൻ തുടങ്ങി, ഈ വഴി ഒന്ന് വന്നു തേങ്ങായിട്ടു തരണം കേട്ടോ" എന്ന് പറഞ്ഞ കറിയാച്ചായനാണോ അതെന്ന് പെറ്റ അമ്മച്ചിക്ക് പോലും സംശയം തോന്നുന്നത്ര അസാധ്യ പെർഫോമൻസ്.
ദളിതനെന്നും ദളിതനാണെന്നും, മാമോദീസ മുങ്ങിയാൽ ചരിത്രം മായില്ലെന്നും തുടങ്ങി, ചോദ്യങ്ങളും പറച്ചിലുകളും പലതു ഉയർന്നു വന്നു. വൈകാതെ ഒരു തീരുമാനമാക്കാം എന്ന ഉറപ്പിൽ അസ്വസ്ഥമായിത്തന്നെ പള്ളികമ്മറ്റി പിരിഞ്ഞു.
.................................................*********************************................................................
പള്ളിക്കമ്മറ്റി പിരിഞ്ഞെങ്കിലും ഡാനിയേലച്ചനത് കൊണ്ടു. ന്യായമായി തന്നെ കൊണ്ടു. മാമോദീസാ വെള്ളം വീണ ചരിത്രം.
വൈകുന്നേരം തേങ്ങായിട്ടു തിരിച്ചു പോകുന്ന പളനിയെ അച്ചൻ പള്ളിമേടയിൽ പിടിച്ചു നിർത്തി.
"പളനി എന്റെയപ്പനെ അറിയുവോ?"
പളനിയൊന്നു പരുങ്ങി. അവന്റെ ചരിത്രം തന്നെ അവന് കഷ്ടിയറിവായിരുന്നു.
വികാരിയച്ചൻ തുടർന്നു. "ചാക്കോച്ചൻ എന്നാരുന്നു പേര്. ഒരു സാധു. അഞ്ചാറ് ആൺപിള്ളേരിലൊരെണ്ണം അച്ചൻ ആകണം എന്ന് പറഞ്ഞപ്പോ എതിരൊന്നും പറഞ്ഞില്ല. അങ്ങനെ ഞാൻ ഡാനിയേലച്ചനായി. അച്ചൻപട്ടത്തിനു പഠിക്കുന്ന ആദ്യത്തെ വർഷങ്ങളിൽ എന്നോ ആണ് കുന്നേലെ തോമസ് എന്നോട് കുടുംബചരിത്രം ചോദിച്ചത്. സത്യം പറയാലോ. എന്റെ അപ്പന്റെ അപ്പന്റെ അപ്പനെ പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ, അതിനു പിന്നിലേക്ക് ആർക്കും ഒന്നും അറിഞ്ഞൂടാ. അപ്പന്റെ അപ്പന്റെ അപ്പനും സഹോദരങ്ങളും കുടിയേറി വെട്ടിപ്പിടിച്ച് കൃഷി തുടങ്ങിയ സ്ഥലമാണ് ഈ എന്റെ കുടുംബക്കാര് അതിഗംഭീരമായി പൂർവിക സ്വത്ത് എന്നുപറഞ്ഞോണ്ട് കൈവശം വച്ചിരിക്കുന്നത്. വല്യപ്പാപ്പന്റെ അപ്പൻ ആരാരുന്നു എന്ന് ചോദിച്ചാൽ എല്ലാവരും കൈമലർത്തും. എനിക്കും അറിഞ്ഞൂടാ. തോമസിന്റെ ചോദ്യത്തിന് മുന്നിൽ ചൂളി നിന്നിടത്താണ് ഞാൻ കുടുംബ ചരിത്രം അന്വേഷണം ആരംഭിച്ചത്. മങ്കൊമ്പിൽ ഒരു അമ്മായി ഉണ്ടായിരുന്നു. കത്രിക്കുട്ടി. അവർ പറഞ്ഞു. "ഇതൊന്നും അന്വേഷിക്കേണ്ടടാ കൊച്ചനേ, അവസാനം ഉള്ളതൊക്കെ പോയ മട്ടാകും" എന്ന്. അവിടെ അന്വേഷണം അവസാനിപ്പിച്ചു.
പളനിക്ക് വല്ലതും മനസിലായോ?”
"പള്ളിക്കമ്മറ്റി പിരിഞ്ഞിട്ട് അകെ പ്രശ്നവാ അല്ലെ അച്ചാ. ഞാൻ എന്താ ചെയ്യേണ്ടേന്ന് അച്ചൻ പറഞ്ഞാ മതി. അന്തോണിച്ചൻ ഏണിയേന്ന് വീണേന്റെ പിറ്റേന്ന് അച്ചൻ എന്നോട് പള്ളിമണി മുട്ടാൻ പറഞ്ഞു ഞാൻ മുട്ടി. പറഞ്ഞതൊക്കെ ചെയ്തു. ഇപ്പോതൊട്ട് ഒന്നും വേണ്ടാന്ന് പറഞ്ഞാൽ വേണ്ട, അത്രേ ഉള്ളു.” പളനി അച്ചന്റെ മുഖത്തേക്ക് നോക്കി.
“ഇതിപ്പോ ഇങ്ങനെ നിൽക്കട്ടെ. നമുക്ക് നോക്കാം.”
.................................................*********************************................................................
പിറ്റേന്ന് വെളുപ്പിനെ ആറുമണിയുടെ കുർബാനയും ചൊല്ലി ഡാനിയേലച്ചൻ മങ്കൊമ്പിന് തിരിച്ചു. അടുത്തകാലത്തായിട്ട് അമ്മായിടെ ഓർമ്മ കഷ്ടിയാണ്. എന്നാലും പഴയ കാര്യങ്ങളൊക്കെ നല്ല തിട്ടമാണെന്നാണ് സേവിച്ചൻ പറഞ്ഞത്. ഇത്തവണ കാര്യമറിയണം. വല്യപ്പാപ്പനും സഹോദരങ്ങളും നാടുവിട്ടു പോന്നതിനു വല്ല നാണക്കേടിന്റെയും കഥ പറഞ്ഞാലും സാരമില്ല. അറിഞ്ഞിട്ടു തന്നെ കാര്യം. അതുമല്ലെങ്കിൽ ഒരു മാർക്കം കൂടലിന്റെ കഥ. ഡാനിയേലച്ചന്റെ തല തരിച്ചു. പഴയ ആ മാരുതി കാർ വർക്കിച്ചായന്റെ പറമ്പും കഴിഞ്ഞ്, തേൻ വരിക്കപ്ലാവിന്റെ വളവും തിരിഞ്ഞ് വീടെത്താറായി.
മങ്കൊമ്പിലെ ചുറ്റും കൊച്ചുതിണ്ണയോടുകൂടിയ പഴയ വീട് പൊളിച്ചുമാറ്റി സേവിച്ചൻ ഒന്നാന്തരമൊരു രണ്ടുനില വാർക്കക്കെട്ടിടം കെട്ടിയിരുന്നു. അകത്തെ രണ്ടാമത്തെ മുറിയിൽ കത്രിക്കുട്ടി ഓർമ്മകളുമായി മല്ലിട്ട് കിടന്നു. രാവിലെക്കൂടി കത്രിക്കുട്ടി സേവിച്ചനോട് പറഞ്ഞത് വടക്കേലെ പറമ്പിൽ ആരോ ഓരാനയെ കെട്ടിയിട്ടുണ്ടെന്നായിരുന്നു. ഡാനിയേലച്ചനെ കണ്ടതും കത്രിക്കുട്ടി കൈകൂപ്പി. മുഖവുര ഒന്നുമില്ലാതെ അച്ചൻ ചോദിച്ചു. “നമ്മുടെ വല്യവല്യപ്പൻ എന്താ അമ്മായി ഇങ്ങോട്ട് വരാഞ്ഞത്?” കത്രിക്കുട്ടി ചിരിച്ചു. "വല്യാപ്പാപ്പനൊരു ആനയുണ്ടാരുന്നു. "
മറുപടി മുഴുമിക്കുംമുൻപേ ഡാനിയേലച്ചൻ പള്ളിയിലേക്ക് തിരിച്ചു. പോരുന്നവഴി കറിയാച്ചന്റെ വീട്ടിൽകേറി. കറിയാച്ചനന്നേരം മുട്ടയിടൽ നിർത്തിയ കോഴിയൊന്നിന്റെ പിടലി തിരിച്ച് ചാവാൻ നോക്കി നിൽക്കുകയായിരുന്നു.
“ കറിയാച്ചാ, നാളെ വെളുപ്പിനെ നാലു മണിക്ക് പള്ളിയിലെത്തണം അടുത്ത ആഴ്ചത്തെ കപ്യാര് കറിയാച്ചനാ. ഇനിയങ്ങോട്ട് ഇടവകജനങ്ങൾ മാറി മാറി അങ്ങ് പോരട്ടെ. നാല് മണിക്ക് എണീക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉറങ്ങാതെ ഇരുന്നാലും മതി. കൂട്ടക്കാരോടൊക്കെ ഒന്ന് പറഞ്ഞേക്ക്. കുടുംബ ചരിത്രം വിളമ്പിയവരൊക്കെത്തന്നെ ആകട്ടെ ആദ്യമാദ്യം കപ്യാര് സ്ഥാനത്തേക്ക്. ഇനി വരുത്തൻ കാരണം ആർക്കും ഇടവകക്കുർബാന മുടങ്ങേണ്ട. മറക്കെണ്ട, നാല് മണി. ബാക്കി അന്നേരം പറയാം. പിന്നെ എത്തിയിട്ട് എന്നാഒക്കെ ചെയ്യണമെന്ന് പളനിയോട് ചോദിച്ചാ മതി അവൻ പറഞ്ഞു തരും.മോണ്ടളത്തിൽ വന്നു പടിഞ്ഞാട്ട് നോക്കി കുർബാന കാണുന്നവർക്കൊന്നും കപ്യാരുപണി പെട്ടെന്ന് വഴങ്ങീന്ന് വരത്തില്ല. അതുകൊണ്ടാ.” കറിയാച്ചൻ വാ പൊളിച്ചു വന്ന നേരത്ത് ഡാനിയേലച്ചൻ പള്ളിമേടയിലെത്തി.
സോണിയച്ചൻ ഉച്ചകഴിഞ്ഞനേരത്ത് രണ്ടു മാലാഖക്കുഞ്ഞുങ്ങളെ വരയ്ക്കുകയായിരുന്നു. മണ്ണുവാരിക്കളിക്കുന്ന മെലിഞ്ഞുകൊലുന്നനേയുള്ള രണ്ട് മാലാഖക്കുഞ്ഞുങ്ങൾ. ഡാനിയേലച്ചനത് അൾത്താരയുടെ ചുവരിൽ തൂക്കി.
മറ്റു മാലാഖമാർ പുഞ്ചിരിച്ചു.
പളനിയുടെ കുഞ്ഞുങ്ങളപ്പോൾ “ പുഴുങ്ങിയ വാട്ടുകപ്പയുടെ മണവുമായി നന്മ നിറഞ്ഞ മറിയം..” ചൊല്ലുകയായിരുന്നു.
Comments
Post a Comment