റെയില്‍വേ ബെഞ്ചുകള്‍ വീണ്ടും കഥകള്‍ പറയുന്നു

റെയില്‍വേ സ്റ്റേഷനില്‍ സുഹൃത്തിനെ കാത്തിരുന്നപ്പോഴാണ്‌ അവരെ ശ്രദ്ധിച്ചത്..
കാല്‍പ്പാദത്തില്‍ ഒരു കെട്ടുമായി ഒരു പെണ്‍കുട്ടി..
" ഈ കൊല്ലത്തിനു പോകുന്ന ട്രെയിന്‍ ആണോ മോളേ ഈ കിടക്കുന്നത് ?" എന്റെ അരികില്‍ വന്ന്‍ ഒരു ചെറിയ ചിരിയോടു കൂടി അവര്‍ ചോദിച്ചു. ചെരുപ്പിടാത്ത ആ കാലുകളിലായിരുന്നു എന്റെ കണ്ണുകള്‍.. വെളുത്ത തുണിക്കെട്ടിനു മുകളില്‍ ചോരപ്പാടുകള്‍ തെളിഞ്ഞു കണ്ടിരുന്നു.. ഒരിക്കല്‍ കൂടി ചോദ്യമാവര്‍ത്തിച്ചപ്പോള്‍ അല്ല എന്ന് ഞാന്‍ തലയാട്ടി..
അരികില്‍ ഇരുന്ന അവരോടു മടിച്ച് മടിച്ച് ഞാന്‍ ചോതിച്ചു..
"കാലിനെന്തുപറ്റി?"
"ഓട്ടോ കയറിയതാണ്.. മാസം ഒന്നായി.. കൊല്ലത്ത് ഒരു വീട്ടിലാ ജോലി.. അങ്ങോട്ട് പോവാ.. മോള് അങ്ങോട്ടാണോ? രണ്ടു ദിവസം ലീവ് എടുക്കാന്‍ പോലും അവര്‍ സമ്മതിക്കുന്നില്ലന്നേ"
തിരുവന്തപുരം ഭാഷയില്‍ ഒരു പെണ്‍കുട്ടി അവളുടെ ജീവിതം പറഞ്ഞു തുടങ്ങുന്നു..
                                " എന്റെ വീടാ ഇവിടെ.. ഞാന്‍ കൊല്ലത്ത് നില്‍ക്കുവാ. ജോലി ചെയ്യുന്ന വീട്ടില്‍.. ഇടക്കിടെ ഇങ്ങു വരും.." നെറുകയിലെ സിന്ദൂരവും അവളുടെ പ്രായവും എന്നെ തെല്ലൊന്നു അമ്പരപ്പിച്ചു. ഒരു കൈക്കുഞ്ഞ് ഉണ്ടാവണം എന്തായാലും.. ധൈര്യം സംഭരിച്ചു അങ്ങ് ചോതിച്ചു.. "അപ്പൊ കുട്ടികള്‍ ?"
" മൂത്തത് മോളാ.. +2 പഠിക്കുന്നു. മോന്‍ ഒന്‍പതിലും"
ഉള്ളത് പറയാലോ പറയുന്ന ഇവര്‍ക്കോ കേള്‍ക്കുന്ന എനിക്കോ വട്ടു എന്നായി എന്റെ ചിന്ത.. എന്റെ അമ്പരപ്പ് കണ്ടു അവര്‍ തുടര്‍ന്നു..
" കണ്ടിട്ട് തോന്നിയില്ല അല്ലേ? എനിക്കിപ്പോ 31 വയസു കഴിഞ്ഞു. എന്നെ പതിമൂന്നാം വയസില്‍ കെട്ടിച്ചതാ."
വിശ്വസിക്കാനാവാതെ ഞാന്‍ അവരെ നോക്കി. നെറുകയിലെ സിന്ദൂരം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നത് പോലെ.. അവര്‍ തുടര്‍ന്നു.
"ചെറുപ്പത്തിലേ അച്ഛന്‍ മരിച്ചു. രണ്ടാനച്ഛന്റെ ക്രൂരത കൂടിയപ്പോള്‍ രക്ഷപെടാനായി എന്നെ കെട്ടിച്ചു.. ഇഷ്ടമാണ് എന്ന് പറഞ്ഞു, സ്വര്‍ണം ഇങ്ങോട്ട് തന്നു അയാള്‍ എന്നെ കെട്ടി.. അയാളുടെ അമ്മ മരിക്കുന്നത് വരെ സന്തോഷമായി ജീവിച്ചു. 5 വര്ഷം.. അതിനു ശേഷം അയാള്‍ വീട്ടില്‍ വരാതെ ആയി.. പിന്നീടറിഞ്ഞു, മറ്റൊരു ഭാര്യയും കുട്ടിയും ആയി എന്ന്‍. അടുത്ത വീടുകളില്‍ ജോലിക്ക് പൊയ് ഞാന്‍ കുട്ടികളെ നോക്കി. എന്റെ വീട്ടിലേക്ക്. മടങ്ങി പോരേണ്ടി വന്നു. വീണ്ടും രണ്ടാനച്ഛന്റെ അടുത്തേക്ക്. രണ്ടു ചേട്ടന്മാരില്‍ ഒരാളുടെ ഭാര്യ ഒളിച്ചോടി. എന്നും കുടിച്ചു ബഹളമുണ്ടാക്കുന്ന രണ്ടു ചേട്ടന്മാര്‍. ഇവര്‍ക്കിടയില്‍ എന്റെ മക്കള്‍ വളരുന്നു."
നിറഞ്ഞു വരുന്ന കണ്ണുകള്‍ കണ്ടു എന്ത് ചെയ്യണം എന്നറിയാതെ റെയില്‍വേ ബെഞ്ചില്‍ ആ ഇരിപ്പ് ഞാന്‍ ഇരുന്നു. കണ്ണുകള്‍ തുടച്ചപ്പോള്‍ പഴകിയ വരവ് വളകള്‍ ശബ്ദമുണ്ടാക്കി. ഒരു ചിരിയോടെ അവര്‍ തുടര്‍ന്നു..
" മോള്‍ക്ക് പോലീസില്‍ ചേരണം എന്നാണ്. അവളാണ് എന്റെ പ്രതീക്ഷ. പാവം കുട്ടി. വെളുപ്പിനെ എണീറ്റ്‌ ഒരു വീട്ടിലെ ജോലി മുഴുവന്‍ തീര്‍ത്തിട്ടാണ് പഠിക്കാന്‍ പോകുന്നത്. ഇനിം പഠിപ്പിക്കാന്‍ ഒരുപാട് കാശ് ആകുമോ? എനിക്ക് കഴിയുന്ന പോലെ ഞാന്‍ പഠിപ്പിക്കും. +1 ഇലെ മാര്‍ക്ക്‌ വന്നപ്പോ നല്ല മാര്‍ക്ക്‌ ഉണ്ടെന്നാ പഠിച്ചവര്‍ ഒക്കെ അവള്‍ടെ മാര്‍ക്ക്‌ കണ്ടിട്ട് പറഞ്ഞത്. ജീവിതം ജീവിച്ചു തുടങ്ങേണ്ട പ്രായമേ എനിക്കായുള്ളൂ.. പക്ഷെ അപ്പോഴേക്കും എന്റെ മകള്‍ വളര്‍ന്നു.. ഒരു ജോലി വാങ്ങണം എന്നവള്‍ ഇപ്പോഴും പറയും.. എന്നിട്ട് നല്ല രീതിയില്‍ ഞാന്‍ അവളെ കല്യാണം കഴിച്ചയക്കും."
ഇത് പറയുമ്പോള്‍ അവര്‍ തന്റെ മകളെയോര്‍ത്ത് അഭിമാനിച്ചിരുന്നു.. എന്റെ കണ്ണുകളില്‍ നോക്കി ചിരിച്ച അവരോടു ഒക്കെ ശരിയാകും, മകളെ പഠിപ്പിക്കണം എന്നല്ലാതെ മറ്റൊന്നും എനിക്ക് പറയാനുണ്ടായിരുന്നില്ല..
എന്റെ മുഖത്തു നിന്നും കണ്ണുകള്‍ എടുത്തു അവര്‍ പറഞ്ഞു " ഉള്ളതൊക്കെ ചേര്‍ത്തു ഞാന്‍ അവള്‍ക്കൊരു മാല വാങ്ങി. ആദ്യമായി. അതവള്‍ക്ക് കൊടുത്തപ്പോ എന്റെ കുഞ്ഞിന്റെ മുഖം ഒന്ന്‍ കാണാമായിരുന്നു" തെളിഞ്ഞ ആ മുഖത്ത് നോക്കി ഞാന്‍ ചിരിച്ചു. അവര്‍ എന്നെ നോക്കിയും..
ആ ചിരികള്‍ക്കിടയിലെക്ക് ഒരു കൈ നീണ്ടു വന്നു..
"ഹം ടിക്കറ്റ്‌ കാണിക്ക്."
എന്റെ ടിക്കറ്റ്‌ നോക്കി അവര്‍ പറഞ്ഞു. "നിങ്ങള്‍ ഇവിടെ വന്നിറങ്ങിയതല്ലേ.. ഇനി ഇവിടെ ഇരിക്കാന്‍ പറ്റില്ല. ഉടന്‍ പോണം."
"ഞാന്‍ ബാഗുമായി എണീറ്റു. അവര്‍ക്കുള്ള ട്രെയിന്‍ അപ്പോഴും വന്നിരുന്നില്ല. ഒരിക്കല്‍ മാത്രം ആ കണ്ണുകളിലേക്ക് നോക്കി.. അവര്‍ എന്നെയും.. "ഒക്കെ ശരിയാകും " അവരുടെ കൈകള്‍ വിടുവിച്ചുകൊണ്ട് ഞാന്‍ തിരിഞ്ഞു നടന്നു.. ഒരു ഭീരുവിന്റെ നടത്തം..   

Comments

  1. Simple and powerful narration. So many of them are around us and hardly any one share and care

    ReplyDelete

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം