അവിടെ അന്നൗൺസ്‌മെന്റ്... ഇവിടെ പൊട്ടിയ ചരട് [ഒരോർമ്മചിത്രം ]

അതി ഗംഭീരമായ ഈ ചിത്രത്തിന് പിന്നിൽ ഇത് വരെ പറയാത്തൊരു രഹസ്യമുണ്ട്. .................................................... ഡാൻസ് കളിയ്ക്കാൻ അറിയാമെങ്കിലും ഇല്ലെങ്കിലും ഡാൻസ് കളിക്കുക എന്നത് നാലാം ക്ലാസ് വരെ ഉള്ള അതി സാധാരണമായ പ്രക്രിയ ആണ്.അതിൽ പെട്ട് പോയ ഒരാളായിരുന്നു ഞാനും. അന്നത്തെ അതി മനോഹര കാലത്തെടുത്ത ഈ ഫോട്ടം കാണുമ്പോഴൊക്കെ 'അമ്മ ചോദിക്കും "നിന്റെ പാവാട മാത്രം എന്താടി ഇങ്ങനെ ഏങ്കോണിച് ഇരിക്കുന്നെ?" എന്ന്. ആദ്യം ആദ്യമൊക്കെ " എനിക്കറിയാവോ... അല്ലേലും പന്ന സാധനമൊക്കെ എനിക്കല്ലേ കിട്ടുക "എന്ന് ചോദിച്ചു തടി തപ്പി. പിന്നെ പിന്നെ അങ്ങനെ ഒരു ചോദ്യം ഞാൻ കേട്ടിട്ടേയില്ല എന്ന മട്ടിൽ ആയിരുന്നു. ആ ഏങ്കോണിച്ച പാവാടയുടെ രഹസ്യം എന്റേത് മാത്രമായി തുടർന്നു.. ................................ ഈ നാലാം ക്ലാസെന്നൊക്കെ പറഞ്ഞാൽ എന്നതാണെന്നാ വിചാരം. എൽ പി സ്കൂളിലെ സീനിയർ ആണ്. എന്നുവച്ചാൽ നമ്മളെക്കാൾ വലിയ പുള്ളികളൊന്നും അവിടെ വേറെ ഇല്ല എന്ന് ചുരുക്കം. അങ്ങനെ നാലാം ക്ലാസ്സിലേക്ക് കേറാൻ റെഡി ആയിട്ടു നിൽപ്പാണ്. മൂന്നാം ക്ലാസ്സിന്റെ ആനിവേഴ്സറി.. ഗ്രൂപ്പ് ഡാൻസ് ന്റെ ഡ്രസ്സ് ഒക്കെ ഇട്ടുവന്നപ്പോഴാണ് ആ നഗ്ന സത്യം ഞാനും ചിത്രയും റ്റിനുവുമൊക്കെ മനസിലാക്കിയത്. രണ്ടാം ക്ലാസ്സുകൾക്ക് പുതിയ ഡാൻസ് ഡ്രസ്സ്,.. ചങ്കു തകർന്നു പോയിന്നു പറഞ്ഞാൽ മതിയല്ലോ. നാലാം ക്ലാസ്സിൽ കേറാൻ മുട്ടി നിൽക്കുന്ന ഞങ്ങൾക്ക് മൂന്നു കൊല്ലം മുന്നുള്ള ഡ്രെസ്സും. അപ്പോഴുണ്ട് ചിത്രയുടെ സംശയം. പഴയ ഡ്രെസ്സല്ലേ.. പൊട്ടിയോ, കീറിയോ, ഊരിയോ വല്ലോം പോവോ... അമ്പോ.. അത്തരമൊരു റിസ്ക് ഏറ്റെടുക്കാൻ ഞാൻ റെഡി ആയിരുന്നില്ല. ഒരുങ്ങി റെഡി ആയതും ഹാളിന്റെ പിന്നിൽ ഒരു മൂലയ്ക്ക് മാറി നിന്ന് പാവാട നല്ല മുറുക്കി സ്വന്തമായി ഒന്നുടെ അങ്ങ് കെട്ടാൻ തീരുമാനിച്ചു. ചരട് രണ്ടും കൂട്ടി കെട്ടി ഒരൊറ്റ വലി. നല്ലോണം മുറുകി.. ഡും.. നല്ല ഒന്നാന്തരമായി പൊട്ടി.. ഭൂമി പിളർന്നു താഴേക്കു പോയിരുന്നെങ്കിൽ എന്നാണു തോന്നിയത്. ഉടനെ വരുന്നു അന്നൗൺസ്‌മെന്റ്.. ഇനിയുള്ളത് മൂന്നാം ക്ലാസ്സുകാരുടെ നൃത്തം. കഴിഞ്ഞില്ലേ.... അവിടെ അന്നൗൺസ്‌മെന്റ് ഇവിടെ പൊട്ടിയ ചരട് ... അവിടെ അന്നൗൺസ്‌മെന്റ് ഇവിടെ പൊട്ടിയ ചരട് ... അവിടെ അന്നൗൺസ്‌മെന്റ് ഇവിടെ പൊട്ടിയ ചരട് ... ഡാൻസ് മഷിനോടോ സിസ്റ്ററിനോടോ കാര്യം പറയാൻ അഭിമാനം (വഴക്കു കേൾക്കാൻ വയ്യാഞ്ഞിട്ട്.. അല്ലതെന്നാ) സമ്മതിച്ചില്ല. വല്യമ്മച്ചിയേം അപ്പനേം മനസ്സിൽ ധ്യാനിച്ച് മുണ്ടു വലിച്ചു കെട്ടുന്ന പോലെ വലിച്ചു ഇറുക്കി അങ്ങ് വച്ച്. മറ്റു കുട്ടികൾക്കൊക്കെ അതൊരു ഏഴു മിനിറ്റു ഡാൻസ്. എനിക്കതൊരു അഭിമാന പരീക്ഷണം ആയിരുന്നു. .................. ഇപ്പൊ ഈ ഫോട്ടം കാണുമ്പോ കാണുമ്പോ സ്വന്തമായി ചോദിക്കും.. "അല്ല മോളിതു എന്നാ ധൈര്യത്തിലാ വല്യമ്മച്ചീടെ മുണ്ടു മുറുക്കിക്കെട്ടലും വിശ്വസിച്ചു തട്ടേൽ കയറിയത്" എന്ന് ഉള്ളത് പറയാലോ.. അന്ന് തൊട്ടിന്നു വരെ. ഒന്നും വലിച്ചു മുറുക്കാൻ പോയിട്ടില്ല... ചൂട് വെള്ളത്തിൽ വീണ പൂച്ച, പച്ച വെള്ളം അല്ല ഭായ്, വെള്ളത്തിന്റെ ചരുവം കണ്ടാൽ വരെ പേടിക്കും. സത്യം..

Comments

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം