അപ്പനുമമ്മക്കും
"ക്രിസ്ടി ചേച്ചിയെ.. കെട്ടുവാണേൽ പപ്പയെ പോലെ ഒരുത്തനെ ഞാൻ കെട്ടുവൊള്ളൂ.. പപ്പ എന്നാ കിടുവാന്നെ" ആ പറഞ്ഞതെങ്ങാനും അവളുടെ അപ്പൻ അന്നേരം കേട്ടിരുന്നേൽ രോമാഞ്ചം വന്നു അറ്റാക്ക് വന്നേനെ. അമ്മാതിരി പറച്ചിൽ അല്ലാരുന്നോ..
അന്നേരം ഞാനും ആലോചിച്ചു കെട്ടുവാണേൽ എങ്ങനെ ഉള്ളവനെ കെട്ടണം എന്ന്. അപ്പനെ പോലെ ചേട്ടായിയെ പോലെ എന്നൊന്നും അങ്ങോട്ട് നമുക്ക് ഫുൾ പറയാൻ പറ്റുന്നില്ല. പക്ഷെ ഒരു കാര്യം ഉണ്ട്. സ്നേഹിക്കുവാണേൽ അത് എന്റെ അപ്പനേം അമ്മയേം പോലെ സ്നേഹിക്കണം. അതൊരു കഥയാ..
ഇച്ചിരി ഇച്ചിരി എനിക്കോർമ്മ വച്ച് വരുന്ന കാലത്ത് അപ്പൻ അങ്ങ് പട്ടാളത്തിൽ ആയിരുന്നു. 'അമ്മ കൃത്യമായി സ്കൂളിൽ പോകുന്ന ടീച്ചറും. പക്ഷെ എന്നും മുടങ്ങാതെ വീട്ടിൽ ഒരു കത്തു വരുമായിരുന്നു. ആദ്യത്തെ അഭിസംബോധനക്കു ശേഷമുള്ള മൂന്നാലു നാല് വരികൾ ഞങ്ങൾക്കുള്ളതാണ്. ബാക്കി മമ്മിക്ക് സ്വന്തം. നീല ഇല്ലെന്റിൽ കുരു കുരു അക്ഷരത്തിൽ അരികിൽ വരെ അപ്പൻ എഴുതും. ഒരുപാട് വിശേഷങ്ങൾ.
തിരിച്ചു മമ്മിയും എഴുതും.എന്നെ നോക്കാൻ ,പട്ടാളത്തിൽ അപ്പൻ കഷ്ടപ്പെടുന്നതിനേക്കാൾ വല്യ പാടായതുകൊണ്ടു 3 ദിവസം കൂടുമ്പോ ആണ് മമ്മീടെ എഴുത്തു.
തിരിച്ചു മമ്മിയും എഴുതും.എന്നെ നോക്കാൻ ,പട്ടാളത്തിൽ അപ്പൻ കഷ്ടപ്പെടുന്നതിനേക്കാൾ വല്യ പാടായതുകൊണ്ടു 3 ദിവസം കൂടുമ്പോ ആണ് മമ്മീടെ എഴുത്തു.
അന്നത്തെ എന്റെയും ചേട്ടായിടേം പ്രധാന അജണ്ട ഒരു ദിവസമെങ്കിലും പോസ്റ്മാന്റെ കയ്യിൽ നിന്നും കത്ത് വാങ്ങുക എന്നതായിരുന്നു. പക്ഷെ അപ്പന്റെ കൂടോത്രം കൊണ്ടോ എന്തോ, ഒരിക്കൽ പോലും ഞങ്ങൾക്ക് കത്ത് കയ്യിൽ കിട്ടിയില്ല.
കത്തുകളിൽ നിന്നും അപ്പൻ മുഴുവനായും ഞങ്ങൾക്കിടയിൽ എത്തുന്നത് പതിനാലു കൊല്ലം മുൻപാണ്. അന്ന് തൊട്ടിന്നു വരെയുള്ള അവരുടെ ജീവിതമാണ് അക്ഷരാത്ഥത്തിൽ സ്നേഹിക്കുവാണേൽ അവരെ പോലെ സ്നേഹിക്കണം എന്ന് ചിന്തിക്കാൻ കാരണം.
മൊത്തം അങ്ങ് എഴുതി പിടിപ്പിച്ചാൽ ആ ഗും അങ്ങ് പോയില്ലേ. എങ്കിലും എഴുതണം.
പെങ്കുട്യോള് നല്ല ഒന്നാന്തരം മീൻ കറി വയ്ക്കാൻ പഠിച്ചു വീട് നോക്കണം എന്ന് പറഞ്ഞിരുന്ന ഒരു കാലത്ത് കല്യാണ പിറ്റേന്ന് അപ്പൻ അമ്മയെ കോളേജിൽ ചേർത്തു. തുടർ പഠനം സാധ്യമാകാതെ വന്നപ്പോ പ്രൈവറ്റ് ആയി പഠിപ്പിച്ചു. ഇത്തിത്താനത്തെ ഒരു പാവം പാവം പെണ്ണിനെ ഒരു അധ്യാപികയാക്കി. അവർ ഒന്നിച്ചു യാത്രകൾ ചെയ്തു.ഒന്നിച്ചു മഴ നനഞ്ഞു. കൃഷി ചെയ്തു. മീൻ പിടിച്ചു. എല്ലാ ഞാറാഴ്ചകളും വീട്ടു പണികൾ ഒന്നിച്ചൊരാഘോഷമാക്കി. തീരുമാനങ്ങൾ അവർ ഒന്നിച്ചെടുത്തു... പരസ്പരം രഹസ്യങ്ങളില്ലാതെ രണ്ടു പേർ.
ഇത്തിത്താനത്തെ വീട്ടിൽ ഈ പോസ്റ്റ് പോലും അവർ ഒന്നിച്ചു വായിക്കുന്നുണ്ടാവും. ഇല്ലേൽ 'അമ്മ ആദ്യം വായിച്ചിട്ടു, തോമാച്ചാ ഇത് കണ്ടോ എന്നും ചോദിച്ചു ഇത് വായിച്ചു കേൾപ്പിക്കുന്നുണ്ടാവും.
അപ്പൊ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ.. ന്റപ്പനും മ്മയും ഉണ്ടല്ലോ, തോമാച്ചനും മോളിക്കുട്ടിയും..കിടുവാ. അതാണ്.
അപ്പനുമമ്മക്കും നമ്മൾ പിള്ളേര് വക നല്ല കിടിലൻ valentine's ദിനാശംസകൾ.
#HappyValetine"sDayPapaMummy
Comments
Post a Comment