കഥ

അവളോട് പറയുവാനുള്ള അടുത്ത കഥയായിരുന്നു അയാളുടെ മനസ്സിൽ.. ഒരു കഥ കൂടി എന്നവൾ ഒരിക്കൽ പോലും ആവശ്യപ്പെട്ടില്ല. എന്നിട്ടും അയാൾ കഥകൾ പറഞ്ഞുകൊണ്ടിരുന്നു. അവൾ എഴുത്തുകാരിയാണെന്നു അറിഞ്ഞിട്ടും, തന്റെ കഥകൾ മോഷ്ടിക്കപ്പെട്ടേയ്ക്കാം എന്നിരുന്നിട്ടും അയാൾ കഥകൾ പറഞ്ഞു പോന്നു .
പതിവിലധികം വേഗത്തിൽ കാലുകൾ നീട്ടിവലിച്ച് അയാൾ  നടന്നു. നടപ്പാതകൾ പോലും ആ വേഗം കണ്ടു ഭയന്നിരിക്കണം.
ഒറ്റമുറി വീട്ടിലെ ഒരിക്കലും അടയാത്ത ജനാലയിൽ കൂടി പതിവ് പോലെ ആ കറുമ്പൻ പൂച്ച അയാൾ കതകു തുറന്നതും അപ്രത്യക്ഷമായി.
ഇന്ന് അതിനെക്കുറിച്ചൊന്നും ചിന്തിക്കാൻ അയാൾക്ക് സമയമില്ല.
കഥ. അത് മാത്രമാണ് മനസ്സിൽ. പക്ഷെ പതിവ് പോലെ അവളെ അമ്പരപ്പിക്കാവുന്നതൊന്ന് കൈയ്യിൽ ഇല്ല താനും.
ശബ്ദമുണ്ടാക്കുന്ന ഫാനിനൊപ്പം ഞരങ്ങുകയും മൂളുകയും ചെയ്യുന്ന ആ കട്ടിലിലേക്ക് അയാൾ ചാഞ്ഞു. കഥ...കഥ മാത്രം...

.....................................

ഏതു നാഴികയിലാണ് താൻ ഉറങ്ങി പോയതെന്ന് അയാൾ അറിഞ്ഞില്ല. അസഹ്യമായ ശരീരവേദനയാണ് അയാളെ ഉണർത്തിയത്. കണ്ണ് തുറന്നു ചുറ്റും നോക്കിയതും ഭയം ഒരു കടൽ പോലെ ഇരച്ചു കയറിയതും ഒന്നിച്ചായിരുന്നു. വീണ്ടും വീണ്ടും അയാൾ കണ്ണുകൾ ഇറുക്കിയടച്ചു തുറന്നു. ഒരു മാറ്റവുമില്ല.. താൻ കിടന്നുറങ്ങിയ കട്ടിലും മുറിയും കാണുവാൻ ഇല്ല. നെടും നീളത്തിൽ ആകാശത്തേക്ക് ഉയർന്നു നിൽക്കുന്ന ഒരു പടുകൂറ്റൻ തടിയിൽ അയാൾ അള്ളിപ്പിടിച്ചു ഇരിക്കുകയാണ്. കമുക് പോലെ വണ്ണം കുറഞ്ഞ ഒന്ന്. താഴെ വീഴാതിരിക്കാൻ എന്ന വണ്ണം ഒരു താങ്ങായി കുരിശു പോലെ കുറുകെ ചെറിയൊരു തടി കൂടി ഉണ്ടെന്നു മാത്രം. അയാൾ താഴേക്കു നോക്കി. ഇടതു വശത്തു പരന്ന് കിടക്കുന്ന കര. വലതു ഭാഗത്തു കടൽ. മനുഷ്യവാസത്തിന്റെ ഒരു ലക്ഷണവുമില്ല.  ആ ഇരിപ്പ് അയാളുടെ അസ്ഥികളെ മരവിപ്പിച്ചു തുടങ്ങി. മണിക്കൂറുകൾ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഏതെങ്കിലുമൊരു സമയത്തു താഴെ വീണുള്ള തന്റെ മരണത്തെക്കുറിച്ചു അയാൾ ചിന്തിച്ചു തുടങ്ങി.

...............................

ഒരു ഞെട്ടലോടെയാണ് അയാൾ കണ്ണ് തുറന്നതു. ഇതിനിടക്ക് എപ്പോഴാണ് താൻ കണ്ണടച്ചത്. ഞാൻ ചുറ്റും നോക്കി. ഇല്ല. അയാൾ താഴെ വീണിട്ടില്ല. വീണ്ടും അതെ കരയും കടലും തന്നെ അയാൾക്ക് ചുറ്റും. പക്ഷെ എന്തോ ഒരു മാറ്റം വന്നിരിക്കുന്നു. അയാൾ ഒരു കൈ വിട്ട് പിന്നിലേക്ക് പരതി. അയാൾക്ക് ഇരിക്കുവാൻ പാകത്തിന് അവിടെ ഒരു പലക ഉണ്ടായിരിക്കുന്നു. സ്വസ്ഥമായി അയാള് ഒന്നമർന്നിരുന്നു. വിശപ്പ് അയാളെ താഴ്ത്തി തുടങ്ങിയിരുന്നു. ഒരിറ്റു വെള്ളം കുടിച്ചിട്ട് തന്നെ മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. അപ്പോഴാണ് അയാൾ അത് ശ്രദ്ധിച്ചത്. പുതുതായി ഉണ്ടായ പലകയിൽ ഒരു ചെറിയ പാത്രത്തിൽ എന്തോ ഒന്ന്.
അയാൾ കയ്യെത്തിച്ച് പാത്രം അരികിലേക്ക് നീക്കി. നിറയെ അനാർ... അയാൾ ഓക്കാനിച്ചു. അനാറിനോടുള്ള അയാളുടെ വെറുപ്പിനെ മനസിലാക്കാൻ അയാൾക്കുപോലും ഒരിക്കലും സാധിച്ചിരുന്നില്ല. അത്രമേൽ അത് വെറുക്കാനുംമാത്രം എന്തെങ്കിലും ചെറുപ്പത്തിൽ പോലും സംഭവിച്ചിട്ടുള്ളതായും അയാൾക്ക് ഓർമ്മയില്ല. എങ്കിലും എങ്ങനെയാവും അതവിടെ എത്തിയിട്ടുണ്ടാവുക? താൻ എത്തിപ്പെട്ടതിനെക്കുറിച്ചു പോലും കൃത്യമായ ധാരണ ഇല്ലാത്ത ഒരാൾ അങ്ങനെ ചിന്തിക്കുന്നതിന്റെ വൈരുധ്യം അയാളെ ആ ചിന്തയിൽ നിന്നും പിന്തിരിപ്പിച്ചു.
പിന്നിലേക്ക് ഒന്ന് കൂടി ചാഞ്ഞിരുന്ന് അയാൾ കണ്ണുകൾ അടച്ചു.
നേരം പുലർന്നപ്പോഴും പ്രത്യേകിച്ച് മാറ്റം ഒന്നും സംഭവിച്ചിരുന്നില്ല. അനാർ ചീഞ്ഞു തുടങ്ങിയിരുന്നു. വിശപ്പ് സഹിക്കാനാവാതെ കണ്ണുകൾ ഇറുക്കിയടച്ച് ആ അനാർ മുഴുക്കെ അയാൾ വിഴുങ്ങിക്കളഞ്ഞു. ശേഷം ചുറ്റും ഒന്നുകൂടി നോക്കി. ഒരു പലക കൂടി വന്നിരിക്കുന്നു. അയാൾക്ക്‌ ഒന്ന് നടക്കാൻ പാകത്തിന് ഒന്ന്. അയാൾ എഴുന്നേറ്റു നടു നിവർത്തു. അതിലൂടെ ഒന്ന് നടന്നു. കടലിനും കരക്കും ഒരു മാറ്റവുംമില്ല.. ആളുകളുടെ ഒരു ലക്ഷണവുമില്ല.

താൻ ഇന്ന് ഓഫീസിൽ എത്താത്തതിനെക്കുറിച്ചും  നൽകാത്ത ഡോക്യൂമെന്ററിയെക്കുറിച്ചും ഇതിനോടകം അവിടെ ചർച്ചകൾ നടന്നിട്ടുണ്ടാവണം. അയാൾ ഓർത്തു. അവൾ എന്താവും കരുതിയിരിക്കുക? ഒന്നും കരുതിയിട്ടുണ്ടാവില്ല. കഥകൾ പറയുവാൻ താൻ എത്തുമ്പോൾ മാത്രം തന്നെ ഓർക്കുന്ന ഒരുവൾ. താൻ ഇല്ല എന്ന് പോലും അവൾ മനസിലാക്കിയിട്ടുണ്ടാവില്ല. ചിലപ്പോൾ ഒരു ദിവസം കഥ കേൾക്കണം എന്നവൾക്കു തോന്നുകയും അവൾ എന്നെ തിരയുകയും ചെയ്യുമായിരിക്കും. ചിന്തകൾ ഇങ്ങനെ കാട് കയറി ഇരുട്ടി വെളുത്തു. ഒരു പലക കൂടി ഉണ്ടായിരിക്കുന്നു. ഒരു വശത്ത് മുകളിലേക്കായി ഒന്ന്. രണ്ടു പത്രങ്ങളും. ഒന്നിൽ കഴിഞ്ഞ ദിവസത്തെ പോലെ അനാർ. മറ്റൊന്നിൽ ആപ്പിൾ . അയാളുടെ പ്രീയപ്പെട്ടത്. ഒറ്റ ഇരിപ്പിൽ ആപ്പിൾ മുഴുവൻ അയാൾ കഴിച്ചു
എവ്ടെയാവും ഇനി ഒരു പലക വരിക? ചിലപ്പോൾ ഇതൊരു വീടാകുമായിരിക്കും. നാളെ മറ്റു പഴങ്ങൾ വന്നേക്കാം. ചിലപ്പോൾ മേൽക്കൂരയും വന്നേക്കാം. അയാൾ ഒന്ന് നടന്നു നോക്കി. അവിടെ നിന്നും രക്ഷപെടുവാനുള്ള ചിന്ത അസ്തമിക്കും വിധം അയാൾ ആ സാഹചര്യത്തോടു താദാത്മ്യപ്പെട്ടു തുടങ്ങിയിരുന്നു.

ദിവസം ഒന്ന് കൂടി കഴിഞ്ഞു.  അനാർ ചീഞ്ഞു തുടങ്ങിയിരിക്കുന്നു. അയാൾ ചുറ്റും നോക്കി. ഇല്ല. മറ്റൊന്നും സംഭവിച്ചില്ല. ഒരു പലക കൂടി വന്നിട്ടില്ല. അന്നയാൾ ആകാശം നോക്കിയിരുന്നു. മേഘങ്ങളുടെ കണക്കെടുത്തു അയാൾ വിശപ്പ്  മറക്കാൻ ശ്രമിച്ചു. എന്നാൽ പിറ്റേദിവസം അയാൾ അത്യധികം നിരാശനായി. അനാർ കുറച്ചധികം ചീഞ്ഞിരിക്കുന്നു. മുകളിലേക്ക് വന്നിരുന്ന പലകയിൽ ഒന്ന് നഷ്ടപ്പെട്ടിരിക്കുന്നു. അയാൾ വിശപ്പ് താങ്ങാനാവാതെ ചീഞ്ഞ അനാറുകൾ വാരി വിഴുങ്ങി.
പിറ്റേന്ന് വീണ്ടും ആപ്പിളും അനാറും പ്രത്യക്ഷപ്പെട്ടു. നഷ്ടപ്പെട്ട പലകയും. വീണ്ടും അയാൾ ആപ്പിൾ ആവേശത്തോടെ കഴിച്ചു. അനാർ വീണ്ടും ബാക്കിയായി.
അയാൾ ഉള്ള സമയം മുഴുവൻ അന്നയാൾ ചിന്തകളോട് കലഹിച്ചു. തന്റെ കണക്കുകൂട്ടലുകൾക്കു പിടി തരാതെ സംഭവിയ്ക്കുന്ന മാറ്റങ്ങൾ അയാളെ അസ്വസ്ഥനാക്കി. പിറ്റേന്ന് അയാൾ ബാക്കി വച്ച അനാർ മാത്രം ബാക്കിയാക്കി രണ്ടു പലകകൾ കൂടി അയാൾക്ക്‌ നഷ്ടമായി. പിന്നിലേക്കുള്ള ഒരു പലകയും ആയാളും മാത്രം ബാക്കിയായി.
പിറ്റേന്നത്തെ പ്രഭാതത്തിൽ  അയാൾ ആവേശത്തോടെ കണ്ണ് തുറന്നു. ഒരു പാത്രം കൂടി വന്നിരിക്കുന്നു.  എന്നാൽ ശൂന്യമായ ഒന്ന്. ഒരു പലക കൂടി വന്നില്ല എന്നത് അയാളെ നിരാശനാക്കി. സന്ധ്യ ആവും തോറും അയാളുടെ ചങ്കിടിപ്പുകൾ കൂടി.  നാളെ അവസാനത്തെ പലക കൂടി ഇല്ലാതായാൽ? ഇനി  ശൂന്യമായ പാത്രങ്ങൾ മാത്രം വന്നാൽ ??
അയാൾ ഒന്ന് തീരുമാനിച്ചു. ഉറങ്ങാതെയിരിക്കുക.. ഒന്നും നഷ്ടപ്പെടാൻ ഇട കൊടുക്കാതെ ഇരിക്കുക....

സൂര്യൻ പൂർണ്ണമായി താഴ്ന്നു കഴിഞ്ഞിരുന്നു. അവളോട് പറയുവാനായി ഈ ദിവസങ്ങൾ അത്രയും ഒരു കഥയായി അയാൾ ഓർമ്മിച്ചു. കൺപോളകൾ അടഞ്ഞു തുടങ്ങിയപ്പോഴേക്കും അവൾക്കുള്ള കഥയിലെ അവസാനത്തെ വരികളും അയാൾ കൊരുത്തുകഴിഞ്ഞിരുന്നു..

ശുഭം....

--ഈ കഥ എഴുതിച്ച സുഹൃത്തിന്, ഈ കഥയുടെ ബീജ ദാതാവിന്, മനുഷ്യൻ എന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കാത്ത, ഞാൻ മാത്രം കാണുന്നു  എന്ന് ഞാൻ കരുതുന്ന ചങ്ങാതിക്ക്, ഇനി ഒരിക്കലും കേൾക്കില്ലാത്ത കഥകൾക്ക്.. നന്ദി...കടപ്പാട്. --


Comments

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം