ഏഴാറ്റുമുഖം ഒരു ചങ്ങാതിയാണ്

പുസ്തകങ്ങളും യാത്രകളും അനുഗ്രഹീതമാകുന്നത് അവ നമ്മെ തേടിയെത്തുമ്പോഴാണ്. മറ്റുള്ളവരുടെ കൈയ്യിലും പലയിടങ്ങളിലുമിരുന്ന് നമ്മെ വായിക്കാൻ ആഗ്രഹിക്കുന്ന പുസ്തകങ്ങൾ കണ്ണിറുക്കി കാട്ടും. അതുപോലെ ആണ് ചില സ്ഥലങ്ങളും. എവിടേക്കെങ്കിലും പോകുന്ന വഴി
സൈൻ ബോർഡുകളിൽ പേര് കാട്ടി "നമ്മൾ ഇത് വരെ കണ്ടില്ലല്ലോ മാഷെ" എന്ന് ചോദിക്കും. ആ ചോദ്യം കേട്ടാൽ ഉടൻ തിരിച്ചോണം വണ്ടി അങ്ങോട്ടേയ്ക്ക്. ഏഴാറ്റുമുഖത്തേക്കുള്ള യാത്ര അങ്ങനെ ആയിരുന്നു. എത്തും വരെ അവിടെ എന്തായിരിക്കും എന്നതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല.
സിനിമകളെയും യാത്രകളെയും കുറിച്ചു സംസാരിച്ചിരുന്ന ചങ്ങാതിയെ നേരിൽ കാണുക, ഡിഗ്രി പഠനകാലത്തെ ചങ്ക് സഹോയെ അങ്കമാലിയിലെ ഒരു പട്ടിക്കാട്ടിൽ കല്യാണവേഷത്തിൽ കാണുക എന്ന കാര്യങ്ങൾ മാത്രം ആയിരുന്നു ഉദ്ദേശം.
അപ്പോഴാണ് "എന്നതാണേലും സമയം ഉണ്ടല്ലോ, എന്ന പിന്നെ ഈ വഴി വാ ഭായ്" എന്ന് ഒരു അശരീരി കേട്ടത്. പിന്നെ ഒരു
പോക്കല്ലാരുന്നോ. എസ്റ്റേറ്റ് റോഡ് കേറി, പനകൾക്കിടയിലൂടെ പാഞ്ഞു അതിരപ്പള്ളി വഴിയിലൂടെ എത്തിനിന്നതു ഏഴാറ്റുമുഖത്ത്. അകെ മൊത്തം ആളുകൾ. മുന്നോട്ടു നടന്നു എത്തി നോക്കിയതും ഇങ്ങനെ നീണ്ടു നിവർന്നു കിടപ്പല്ലേ.. പാറകൾക്കിടയിലൂടെ വെള്ളമൊഴുകുന്ന, ഒഴുക്ക് നിലയ്ക്കാത്ത ഉറവകളുള്ള ഏഴാറ്റുമുഖം. വേനൽ ആയതിനാൽ തന്നെ വെള്ളം നന്നേ കുറവ്. പക്ഷെ അതുകൊണ്ട് ആവശ്യത്തിൽ അധികം ആളുകൾ വെള്ളത്തിലുണ്ട്. ചെരുപ്പൂരി പിടിച്ചു വള്ളത്തിൽ പുതഞ്ഞ കല്ലുകൾ ചവുട്ടി മുന്നോട്ടു പോയപ്പോഴുണ്ട് ഗംഭീര സീൻ. വീഗാലാന്റിലെ വാട്ടർ സ്ലൈഡ് പോലെ ഒരു നാച്ചുറൽ കുട്ടി സ്ലൈഡ്. കുട്ട്യോളെന്നില്ല വല്യോരെന്നില്ല എല്ലാരും അതിന്മേൽ നിരങ്ങി വെള്ളത്തിൽ വീണു കുട കൂടാ ചിരിക്കുന്നു. അനാവശ്യ ഗൗരവകരമായ ഒറ്റ കാർന്നോരെ പോലും അവിടെ കണ്ടില്ല. ഗൗരവം പോലും ആ ഒഴുക്കുകൾ അലിയിച്ചു കളഞ്ഞിരുന്നു. പിന്നിലേയ്ക്ക് നോക്കിയതും ദാ നിൽക്കുന്നു അതി ഗംഭീരമായ ഒരു തൂക്കുപാലം. ഇനിയെന്ത് വേണം.
അങ്ങനെയങ്ങനെ നിൽക്കെ തിരികെ പോകുവാൻ നേരമായി. ഒരുപാട് ആളുകൾക്കിടയിൽ നില്ക്കാൻ കഴിയില്ല എന്നതും ഒരു കാരണമായിരുന്നതുകൊണ്ടും  അവിടെ നിന്നും തിരിച്ചു.
ഇപ്പോഴും മനസ് നിറയെ ഏഴാറ്റുമുഖം ആണ്. എണ്ണത്തിൽ കവിഞ്ഞ ആളുകളെ മായ്ചുകളഞ്ഞാൽ ഏഴാറ്റുമുഖം ഒരു ചങ്ങാതിയാണ്. എത്ര നേരം തോള് ചാരിയിരുന്നതും സങ്കടപ്പെടുത്തത്തൊരു ചങ്ങാതി. 

Comments

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം