പ്രണയമല്ലാത്ത ഇഷ്ടങ്ങള്‍..
ആണിനും പെണ്ണിനും പരസ്പരം ഉണ്ടാകുന്ന സ്നേഹം ആണത്രേ പ്രണയം. അതിപ്പോ ആണിനും ആണിനും, പെണ്ണിനും പെണ്ണിനും ആകാമെന്ന്.. അതെന്തുമാകട്ടെ. പ്രണയം അന്ധമാണെന്നും, അതിനു ചുവപ്പും മഞ്ഞയും പൂവും കായും മാങ്ങാത്തൊലിയും വരെ പ്രതീകങ്ങളാണെന്നും പ്രണയിനികള്‍ പറയുന്നു.
എന്റെ സംശയം അതല്ല. പ്രണയത്തിനു അപ്പുറമുള്ള സ്നേഹത്തെ അപ്പോള്‍ എന്ത് പേരിട്ടു വിളിക്കും? പ്രണയത്തിനു സര്‍വ്വജ്ഞ പീഠവും സ്നേഹത്തിനു ചാര് കസേരയും, ഇഷ്ടത്തിനൊരു തടിക്കസേരയും ഇട്ടു കൊടുത്തിരിക്കുന്ന ലോകത്തിലാണല്ലോ നമ്മള്‍ ജീവിക്കുന്നത്..
പ്രണയിക്കുന്നവര്‍ ഹൃദയവും കരളും കടം കൊടുത്തും, സ്നേഹിക്കുന്നവര്‍ മുറിവേറ്റും ജീവിക്കുന്നതിനിടയിലാണ് അങ്ങൊരു മൂലയ്ക്ക് ആരാണ്ടൊരാള്‍ ഇഷ്ടത്തിനു സര്‍വ്വജ്ഞ പീഠം നല്‍കിയത്. അവനെ ഒന്ന് നമിച്ചിട്ടു കാര്യത്തിലേക്ക് കടക്കാം.
പ്രണയത്തേക്കാള്‍ ഇഷ്ടത്തെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടത്തിലാണ് ഞാനും. ചില ഇഷ്ട്ടങ്ങളുണ്ട്.. പേരിട്ടു വിളിക്കാന്‍ സാധിക്കാത്ത ഇഷ്ടങ്ങള്‍. എല്ലാത്തിനും ലേബലൊട്ടിക്കുന്ന നാട്ടുകാരായ നമ്മള്‍ അതിനു സൗഹൃദം എന്ന് പേര് നല്‍കും. പക്ഷെ പലപ്പോഴും അതിനപ്പുറത്തേക്ക് ആ ഇഷ്ട്ടം ചിറക് വിടര്‍ത്തും.. മറ്റു ചില ചൊറിയന്‍ ലേബല്‍ ഒട്ടിക്കലുകാര്‍ അതിനു പ്രണയം എന്നു പേര് നല്‍കും. ഇവിടെയാണ് ഇഷ്ടം സര്‍വജ്ഞ പീഠക്കാര്‍ മറ്റൊരു ലേബല്‍ തപ്പുന്നത്.
ചില ബന്ധങ്ങള്‍ അങ്ങനെയാണ്, സംസാരിക്കാന്‍ അതിരുകള്‍ ഇല്ലാതാകും, ഉള്ളു തുറന്നു സ്നേഹിക്കും, പരസ്പരം അറിയാന്‍ വാക്കുകള്‍ വേണ്ടാതാവും. പ്രണയത്തിനു അനിവാര്യമായ ശരീരത്തിന് ഇവിടെ സ്ഥാനമില്ല. ഈ ഇഷ്ടത്തിന് സര്‍വജ്ഞപീഠം ഇല്ലതാനും. ഇഷ്ടമുള്ളവരെ സ്വന്തമാക്കാന്‍ വിവാഹം എന്ന വഴി മാത്രമുള്ള ലോകത്ത് ഇഷ്ടം എന്നാ ലെബലിന് എന്ത് പ്രസക്തി..
Comments
Post a Comment