റെയില്‍വേ ബെഞ്ചുകളില്‍ ഒരമ്മ..

കയ്യിലിരുന്ന ചുരുണ്ട കടലാസില്‍ നിന്നും നോട്ടുകള്‍ നിവര്‍ത്തി അവര്‍ കൂട്ടി വച്ചു.. മൂന്ന് നൂറു രൂപ നോട്ടുകള്‍. കുറച്ചു പത്തിന്റെ നോട്ടുകള്‍.. അവര്‍ പറഞ്ഞു തുടങ്ങി.. “ ചിലപ്പോള്‍ അവന്‍ പോയിക്കാണും.” ഞാന്‍ ആ അമ്മയുടെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു.. അമ്മക്ക് സന്തോഷം ..
“ മോള്‍ക്ക്‌ എവിടെ പോകാനാ?”
“ചങ്ങനാശ്ശേരി.. അമ്മ ആരെയെങ്കിലും നോക്കി ഇരിക്കുവാണോ?”
“ അതെ.. എന്റെ മോന്‍ വരും.. ചിലപ്പോള്‍ അവന്‍ വരുന്ന ട്രെയിന്‍ കടന്നു പോയിട്ടുണ്ടാകും.. ഇന്ന് ഞാന്‍ ഒരുപാട് താമസിച്ചു.”
“ മകന്‍ ഏത് ട്രെയിന്‍ ആണ് വരുന്നത്”
“ ആവോ അതൊന്നും അറിയില്ല. വടക്കൊട്ടുള്ള വണ്ടിക്കാ അവന്‍ വരിക.. എന്റെ മൂത്ത മോനാ.. രണ്ടാണും ഒരു പെണ്ണും ആണ് എനിക്ക്..”
അരികെ വന്നിരുന്ന വൃദ്ധനെ ഭയത്തോടെ നോക്കി ആ അമ്മ എഴുന്നേറ്റു നിന്നു.. ഇരുന്നോള് എന്ന് പറഞ്ഞിട്ടും മാറാത്ത പരിഭ്രമം.. ഒരല്പം നീങ്ങി ഇട നല്‍കിയപ്പോള്‍ അമ്മ എന്നോട് ചേര്‍ന്നിരുന്നു.. അപ്പോഴൊക്കെയും അവര്‍ ചിരിക്കുന്നുണ്ടായിരുന്നു. മുഖത്തേക്ക് നോക്കി അവര്‍ പറഞ്ഞു തുടങ്ങി..
“ വനം വകുപ്പില്‍ ആയിരുന്നു എനിക്ക് ജോലി. വണ്ടി ഇടിച്ചപ്പോള്‍ പലതും ഓര്‍മയില്‍ നില്‍ക്കാതെ ആയി.. 18 വയസില്‍ എന്റെ കല്യാണം നടന്നു.. ഊര് തെണ്ടി പണി ചെയ്തു നടന്ന ആ മനുഷ്യനെപ്പറ്റി ആകെ അറിയാവുന്നത്, പാലായില്‍ അയാള്‍ക്കൊരു വീട് ഉണ്ടെന്നും, എന്നെ അല്ലാതെ മറ്റാരെയും അയാള്‍ വിവാഹം കഴിച്ചിരുന്നില്ല എന്നതും മാത്രം ആയിരുന്നു. മൂന്ന് മക്കളെ പഠിപ്പിച്ചു വളര്‍ത്തി. ഇതിനിടയില്‍ പാറ വീണു കേട്ട്യോന്‍ ചത്തു.”
മുറുക്കാന്‍ ചവച്ചു ചുവന്ന ചുണ്ടുകള്‍ക്കിടയിലൂടെ പാതി പൊട്ടിയടര്‍ന്ന ചുവന്ന പല്ലുകള്‍ കാട്ടി അവര്‍ ചിരിച്ചു... കറുത്ത തൊലിപ്പുറത്തെ തോല്‍പ്പിക്കാനും മാത്രം സൗന്ദര്യം ഉള്ള കറുത്ത ചുണ്ടുകള്‍.. അവയെ ചുവപ്പിക്കനാവാതെ മുറുക്കാന്‍ തുപ്പലുകള്‍ തോറ്റ് മടങ്ങി..
“അങ്ങേരു ചത്ത വിവരം വനം വകുപ്പില്‍ അറിയിച്ചു. അവര്‍ അടുത്തുള്ള പള്ളിയില്‍ കുഴിച്ചിട്ടു.. മോനും അപ്പന് ഒപ്പമാണ്. മോന്റെ കാര്യം ഞാന്‍ പറഞ്ഞില്ല അല്ലെ.. വീണ്ടും പുഞ്ചിരി.. മൂത്തവന്‍ ഒരു കള്ളന്‍ ആണ്.. കള്ളന്റെ അമ്മ എന്നാ എന്നെ പലരും വിളിക്കുക.. ഞാന്‍ അത് കേട്ടു.. അല്ലാതെ എന്ത് ചെയ്യാന്‍.. പക്ഷെ കള്ളന്റെ അനിയന്‍ എന്ന വിളി കേള്‍ക്കാന്‍ വയ്യാതെ രണ്ടാമത്തെ അവന്‍ അങ്ങ് തൂങ്ങിച്ചത്തു..”
എന്റെ കണ്ണുകളിലേക്കു നോക്കി അവര്‍ തുടര്‍ന്നു ..
“ഞാന്‍ വീട്ടില്‍ എത്തിയപ്പോ കുളിമുറി തുറക്കാന്‍ പറ്റുന്നില്ല.. ഒരു തരത്തില്‍ തുറന്നപ്പോ എന്റെ മോന്‍ ഇങ്ങനെ തൂങ്ങി നില്‍ക്കുവാ.. കരിവീട്ടി പോലെ ആരോഗ്യം ഉള്ള അവന്‍ അങ്ങനെ തൂങ്ങി നില്‍ക്കുന്നു.. ചിരിക്കാതെ ഞാന്‍ എന്ത് ചെയ്യും. അവനേം കുഴിച്ചിട്ടു. അപ്പനൊപ്പം..”
അവരുടെ ചിരി ഭ്രാന്തമായിരുന്നു എന്ന് തോന്നി. അനുഭവത്തിന്റെ നേരുകളില്‍ ഉള്ള ഭ്രാന്ത്. എന്നെ തോണ്ടി വിളിച്ചു അവര്‍ പറഞ്ഞു.
“ മോളെ ഞാന്‍ കെട്ടിച്ചു വിട്ടു. ഇപ്പോ മകനെ നോക്കി ഇരിപ്പാണ്. അവന്‍ വരും. എന്നെ കാണുന്നത് അവനു ഇഷ്ടം അല്ല.. എന്നാലും ഉള്ളത് എന്തേലും കയ്യില്‍ വച്ച് തരും..ഏതെങ്കിലുമൊക്കെ റെയില്‍വേ സ്റ്റേഷനുകളില്‍ ഞങ്ങള്‍ തമ്മില്‍ കാണും.. പൈസ തന്നു അവന്‍ പോകും. ഇനി അവന്‍ തന്നില്ലേലും ഞാന്‍ ജീവിക്കും..” വീണ്ടും അവര്‍ക്ക് ചിരി മാത്രം. കയ്യിലുണ്ടായിരുന്ന നോട്ടുകള്‍ ചുരുട്ടി അവര്‍ സഞ്ചിയില്‍ വച്ചു.

പോകുവാനുള്ള ട്രെയിന്‍ ചൂളം കുത്തി വരുന്നു. പോവാണ് എന്ന് പറഞ്ഞു നടന്നപ്പോള്‍ ആ അമ്മ വീണ്ടും ചിരിക്കുകയായിരുന്നു.. ഒരിക്കല്‍ കൂടി തിരിഞ്ഞു നോക്കിയ എന്നോട് അവര്‍ ഇങ്ങനെ പറഞ്ഞു.. “ അവന്‍ ഇന്നും വരില്ലായിരിക്കും.. മോള് സൂക്ഷിച്ചു പോണേ..” ചിരിച്ചു കൊണ്ട് അവര്‍ നടന്നകന്നു.. ഒപ്പം കയറിയ വൃദ്ധന്‍ എന്നോട് ഇങ്ങനെ പറഞ്ഞു.. “ ചിലര്‍ ഇങ്ങനെയാണ്.. ജീവിതത്തെ ചിരിച്ചു തോല്‍പ്പിക്കും. അവസാനം ആ ചിരി ഭ്രാന്തമാകും.. പിന്നെയും അവര്‍ ജീവിക്കും. ഇങ്ങനെ ഇങ്ങനെ.” 

Comments

  1. എത്ര സുന്ദരമായ വരികൾ. കഥ അതിമനോഹരം! ഇതൊക്കെ ആരെങ്കിലും കാണുന്നുണ്ടോ അന്നേ? ഭാവുകങ്ങൾ!

    ReplyDelete
  2. ///കറുത്ത തൊലിപ്പുറത്തെ തോല്‍പ്പിക്കാനും മാത്രം സൗന്ദര്യം ഉള്ള കറുത്ത ചുണ്ടുകള്‍.. അവയെ ചുവപ്പിക്കനാവാതെ മുറുക്കാന്‍ തുപ്പലുകള്‍ തോറ്റ് മടങ്ങി..///

    ///ചിലര്‍ ഇങ്ങനെയാണ്.. ജീവിതത്തെ ചിരിച്ചു തോല്‍പ്പിക്കും. അവസാനം ആ ചിരി ഭ്രാന്തമാകും.. പിന്നെയും അവര്‍ ജീവിക്കും. ഇങ്ങനെ ഇങ്ങനെ.///

    ReplyDelete
  3. anne ... arinjilla njan ninne...
    romba pramadamaana ezhuthu......

    ReplyDelete

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം