കുളക്കുമല ചിന്നാര്‍ വഴി ഒരു പെണ്ണും സഹയാത്രികരും...

"പെണ്ണെ നിനക്ക്  കാട് കാണാന്‍ ഇഷ്ടമാണോ ? നീ പോരുന്നോ ?"
അതായിരുന്നു വാട്ട്‌സാപ്പില്‍ മിന്നിയ മെസ്സേജ്..
എന്ത് പറയണം എന്ന് ഒരൊറ്റ
നിമിഷത്തെ ആലോചന.. "ചേച്ചി വിളിക്കൂ.. ഞാന്‍ വരാം" ഒരു നിമിഷത്തെ തീരുമാനം..
                     Travancore Natural History Society യുടെ Butterfly Survey.. കൂടെ ഒരു ചെറിയ കാട് കാണലും.. ഈ യാത്രയെക്കുറിച്ച് ഒരു കിടിലന്‍ യാത്രാവിവരണം നീതു ഫിലിപ്പ് എഴുതിയതാണ്..  അത് ദാ  ഇവിടെ വായിച്ചോളൂ..
           പിന്നെ എന്തുന്നാണ് മുപ്പിലാനെ നിങ്ങള്‍ ഇപ്പോ  ഇവിടെ എഴുതിക്കൂട്ടാന്‍ പോകുന്നെ എന്ന് ചോദിച്ചാല്‍ അതൊരു പെണ്ണിന്റെ യാത്രയാണ്. അവളുടെ യാത്രാ പറച്ചില്‍ ..... എല്‍ദോ ഭായി പറഞ്ഞ പോലെ, "ഇപ്പോള്‍ പെണ്ണുങ്ങളുടെ കാലമാണ്. നിങ്ങള്‍ ചെയ്യുന്ന ഓരോ ചുവടു വെയ്പ്പിനും വിമര്‍ശിക്കുന്നവരെക്കാള്‍ അധികം പ്രോത്സാഹിപ്പിക്കാന്‍ ഇന്നാളുകളുണ്ട്."

ഉള്ളൊരു ബാഗും തൂക്കി നേരെ ഏറണാകുളത്തിനു വച്ച് പിടിച്ചു. വഴിയും പുഴയും തപ്പി നീതു ചേച്ചിയേം കൂട്ടി യാത്ര. യാത്രയുടെ ആരംഭത്തിലാണ് മറ്റു സഹയാത്രികരെ പരിചയപ്പെടുന്നത്. വിവേകേട്ടന്‍. എല്‍ദോ ഭായ്, ചിക്കു... അഞ്ചു പേരുമായി യാത്ര ആരംഭിച്ചു.
..................................................................................................................




സ്വര്‍ഗം മേട്

ആദ്യ ലക്ഷ്യ സ്ഥാനം അതായിരുന്നു. വിവേകേട്ടനും ചിക്കുവും മാറി മാറി ഡ്രൈവര്‍ പോസ്റ്റ്‌ ഏറ്റെടുത്തു.. ഒരു കമ്പനി സി ഇ ഒ, ഓന്റെ വലം കൈ, അതേ കമ്പനിയിലെ ജോലിക്കാരിയായ പെണ്‍കുട്ടി,  ആര്‍ക്കിട്ടെക്ടായ ഒരു പരിസ്ഥിതി സ്നേഹി, ഇവര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറിയ ഞാന്‍. കഥകളും പാട്ടുകളുമായി വണ്ടി മല കയറിത്തുടങ്ങി. ഇടക്കെവിയോ ഇനിയും മുന്നോട്ട് പോകാനാവാതെ യാത്ര നിര്‍ത്തി. പിന്നീട് ജീപ്പില്‍. വഴി ചെറുതായി വന്നു. ഇരു വശങ്ങളിലും പേരില്ലാ ചെടികള്‍ വഴിയിലേക്ക് ചാഞ്ഞു നിന്നു.. കുന്നിന്റെ മുകളറ്റം തേടി ഒരു യാത്ര. അവസാനിച്ചതാവട്ടെ ശരിക്കുമൊരു  സ്വര്‍ഗത്തിലും. ചെറിയ പുല്ലുകള്‍ മാത്രം നിറഞ്ഞൊരു കുന്ന്. അരികില്‍ നിന്നും അകത്തേക്ക് കയറിയപ്പോഴാകട്ടെ മരമേത് ചെടിയെത് എന്ന് തിരിച്ചറിയാനാവാത്ത വിധം ഒരു കാട്. നടന്നു നടന്നു കണ്ടതൊരു ശതാവരി പൂത്ത കാഴ്ച..
സ്വര്‍ഗത്തില്‍നിന്നും തിരികെ ഇറങ്ങാന്‍ നേരമായിരുന്നു. തിരികെ വരും വഴി നിറയെ കാപ്പി തോട്ടങ്ങള്‍.
എന്തോ, എന്നും തെയിലത്തോട്ടങ്ങളെക്കാള്‍ കാപ്പിത്തോട്ടങ്ങളോടായിരുന്നു എനിക്ക് പ്രിയം. .. ലക്ഷ്യ സ്ഥാനം മറ്റൊന്നായിരുന്നത് കൊണ്ട് യാത്ര തുടരാതെ വേറെ നിവൃത്തി ഉണ്ടായിരുന്നില്ല.
...........................................................

കുളക്ക്മലയിലേക്ക്.

മീശപ്പുലിമലയ്ക്ക്  അസാധ്യമായ ഡിമാണ്ട് ഉള്ള സമയമാണ്. പക്ഷെ

ഞങ്ങളുടെ യാത്ര കുളക്കുമലയിലെക്കായിരുന്നു. ജീപ്പിലും, ബാക്കി നടന്നുമായി മല കയറി. ചെന്നപ്പോഴുണ്ട് നല്ല കിടിലന്‍ തണുപ്പ്. കട്ടന്‍ ചായ കൈകൊണ്ടു തൊടാത്ത ഈ പച്ച പരിഷ്ക്കാരി രണ്ടും കയ്യും നീട്ടി കട്ടന്‍ ചായ വാങ്ങി.. കിടിലോല്‍ക്കിടിലം ചായയും അതി മനോഹരമായൊരു തണുപ്പും. കിട്ടിയ ഊര്‍ജ്ജത്തില്‍ മലയുടെ ഉച്ചിയിലേക്ക് വച്ചു പിടിച്ചു. നടന്നു കയറി മുകളിൽ എത്തിയതും സ്വീകരിക്കാനെന്ന പോലെ ചങ്കു പോലെ ചുവന്നോരു പൂവ്.. റോഡാ ഡെൻട്രോം.. കണ്ടു നിന്ന നേരത്തിനിടക്ക് നോക്കുമ്പോഴുണ്ട് ആരോടോ പരാക്രമം തീർക്കാൻ എന്ന പോലെ കോട. തമ്മിൽ തമ്മിൽ കാണാനാവാത്തത്ര  മഞ്ഞുയര്‍ന്നു പൊങ്ങി. താഴെ വല്യമ്മച്ചി കരിയില കൂട്ടി കത്തിച്ചിട്ടു പുക വന്ന പോലെ.. അഞ്ചു മിനുട്ട് കൊണ്ട് വീണ്ടും കാണാമെന്നായി.. അങ്ങനെ പതിയെ തിരികെ ഇറങ്ങി. ഇണ്ട്രപിടുറംഡ്രംഡ്രം എന്ന് പറഞ്ഞു കുത്തി മറിഞ്ഞു അങ്ങ് മലയിറങ്ങി.. അപ്പോഴുണ്ട് അസ്തമയ സൂര്യന്റെ സര്‍ക്കസ്.

ചാടിയിറങ്ങി സൂര്യനെ നോക്കി സലാം പറഞ്ഞു, പാറമുകളില്‍ കയ്യും വിരിച്ചു നിന്ന് ശ്വാസം അങ്ങ്ട് വലിച്ചു വിട്ടു.. ആദ്യായിട്ട് തോന്നി, ശ്വാസകോശം സ്പോഞ്ച് പോലെ ആണെന്ന്.. അമ്മാതിരി സുഖം
അല്ലാരുന്നോ.. മലയിറങ്ങി താഴെ എത്തിയപ്പോഴേക്കും നന്നായി ഇരുട്ടി. വണ്ടി ഉരുട്ടി, സ്റ്റേ ശരിയാക്കിയ സ്ഥലത്ത് എത്തിയപ്പോഴുണ്ട്‌ അകെ ഒരു മുറി. അഞ്ചു പേരും കണ്ണില്‍ കണ്ണില്‍ നോക്കി. ഒന്ന് ഫ്രഷ്‌ ആയിട്ടു എല്‍ദോ ഭായ് ഒരു ബാഗ് എടുത്തു. ടെന്റ് ടെന്റെ... എന്നിട്ടൊരു പറച്ചില്‍ എന്നോടും നീതു ചേച്ചിയോടും. "ഇങ്ങള്‍ വിശാലമായിട്ട് കിടന്നോളിന്‍, ഞങ്ങള്‍ ടെറസില്‍ ഇതിനുള്ളില്‍ കൂടിക്കോളാം" എന്ന്.
ആ രാത്രി അങ്ങനെ അവിടെ കഴിച്ചു കൂട്ടി. ആ സമയം മുതല്‍ ഫോണില്‍ റേഞ്ച് ഉണ്ടായിരുന്നില്ല. ചിന്ത മുഴുവന്‍ അടുത്ത യാത്രയെക്കുറിച്ച് ആയിരുന്നു. ചിന്നാര്‍..
......................................................................

ചിന്നാര്‍

ബാഗും തൂക്കി ഇറങ്ങിയത് ചിന്നാര്‍ ചിത്രശലഭങ്ങളുടെ എണ്ണം എടുക്കാന്‍
എന്ന് പറഞ്ഞാണ്. എല്ലാം പൂമ്പാറ്റ എന്ന് പറയുന്ന നമ്മക്ക് അതൊരു കിടിലന്‍ അനുഭവം ആരുന്നുട്ടോ.. ചിന്നാര്‍ എത്തിയതും അഞ്ചു പേരും രണ്ടു ഗ്രൂപ്പ്‌കളിലായി തിരിഞ്ഞു. ഞാനും നീതു ചേച്ചിയും ടോംസ് എന്ന് പറയുന്ന ഒരു കെമിസ്ട്രി ഗവേഷകനും കൂടി യാത്ര. കാട്ടിനുള്ളില്‍ ഒഴുകുന്ന നദിയുടെ അരികു പിടിച്ചായിരുന്നു യാത്ര. വെള്ളത്തിന്‌ അടുത്താണത്രെ ഇവ ഉണ്ടാവുക. കയ്യില്‍ ഒതുങ്ങുന്നതൊക്കെ നീതു പെറുക്കി കൂട്ടുന്നുണ്ടായിരുന്നു.  ഇലകളും പൂവുകളുമൊക്കെ. കൂടെ കാട് നിറയെ അപ്പൂപ്പന്‍താടികളും.
പലതരം ചിത്രശലഭങ്ങളെ കണ്ടു. അതില്‍ കടല്‍ കടന്നു ഇവിടെ എത്തിപ്പെട്ടവയും ഉണ്ടായിരുന്നു. ചൂട് താങ്ങാനാവാതെ ഇല്ലാതായവ ഒരുപാട്. ആ നടപ്പിനിടയില്‍ പുഴയരികത്ത് ഒരു മൃഗത്തിന്റെ ജഡം. കടുവയും പുലിയെയുമോന്നുമല്ല, കാട്ടുപട്ടികളെ ആണ് സൂക്ഷിക്കേണ്ടത് എന്ന് എല്‍ദോ ഭായ്. അവ തിന്നു മറന്നൊരു കാലിക്കുഞ്ഞ്.
ഇവറ്റകള്‍ കൂട്ടമായി മുന്നില്‍ വന്നാല്‍ പിന്നെ രക്ഷയില്ലാത്രേ. ചെറിയൊരു പേടി ഉരുണ്ടു കേറിത്തുടങ്ങി. അതിനിടയില്‍ കണ്ണില്‍ ഉടക്കിയതൊരു വലിയ പയര്‍. അമ്പോ ഇത്ര വലിയ പയറോ എന്ന് ചോദിച്ചു കണ്ണ് തള്ളിയപ്പോ അരികില്‍ ചുള്ളികള്‍ ചെര്‍ത്തുണ്ടാകിയ ചെറിയൊരു ഇരിപ്പിടം പോലെ എന്തോ ഒന്ന്.
നോക്കിയപ്പോ ഉണ്ട് കിടിലന്‍ ഐറ്റം. നമ്മളൊക്കെ ഗ്രില്ലിംഗ് കണ്ടു പിടിക്കണേനു മുന്നേ അതിന്റെ ഉസ്താതുക്കള്‍ ആയിരുന്ന ചില ആദിവാസി ഗോത്രങ്ങള്‍ അവിടെ ഉണ്ട്. അവര്‍ ഗ്രില്‍ ചെയ്യാന്‍ ഉപയോഗിച്ച പ്രകൃതി ദത്ത ഐറ്റം. എന്നെ അമ്പരിപ്പിച്ചത് ആ ചെറിയ ചുള്ളിക്കമ്പുകള്‍ കരിയാതെ അവര്‍ അത് ചെയ്തു എന്നതായിരുന്നു. യാത്രവസാനിപ്പിച്ചു മടങ്ങിയപ്പോഴാണ്‌ പുഴയുടെ മറ്റൊരു വശത്തെ മനോഹാരിതയില്‍ കണ്ണുടക്കിയത്. പിന്നെ കുറെ സമയം അവിടെ. വീട്ടില്‍ നിന്നും യാത്രയ്ക്കനുവദിച്ചിരുന്ന സമയം അവസാനിച്ചിരുന്നു. രണ്ടും കല്‍പ്പിച്ചു യാത്ര ഒരു ദിവസം കൂടി നീട്ടി.

സന്ധ്യ മയങ്ങി. താമസമൊരുക്കിയ ഒറ്റ മുറി ലക്ഷ്യമാക്കി നീങ്ങി. ഒരു കുന്നിനടിയില്‍ വണ്ടി നിന്നു... ഇറങ്ങി നടന്നു.. മരം കോച്ചുന്ന തണുപ്പ്. കയ്യില്‍ ഉണ്ടായിരുന്ന സ്ലീപ്പിംഗ് ബാഗിനുള്ളില്‍ തിരുകിക്കയറി തല മാത്രം പുറത്താക്കി, കണ്ണ് പോലും തുറക്കാന്‍ മടിച്ച്, ഒരു സാന്‍വിച്ച് കണക്കെ ചിക്കു നടന്നത് കണ്ടു ചിരിക്കാതിരിക്കാനായില്ല. ചെന്നപ്പോ കണ്ടതൊരു കിടിലന്‍ കാഴ്ച. ഒരു കുന്നിന്റെ തലപ്പത്തൊരു കുഞ്ഞു വീട് കണക്കൊരു കിടിലന്‍ സംഭവം. നടന്നു പോയ ചിക്കു സാന്‍വിച്ച് എന്തോ അപകടത്തിലേക്ക് പോകുന്ന പോലെ തോന്നി. പിന്നാലെ ചെന്ന് പിടിച്ചു നിര്‍ത്തിയതും മുന്നില്‍ ഒരു ജമണ്ടന്‍ കിടങ്ങ്. പോത്തും ആനയും ഒന്നും കേറാതെ ഇരിക്കാനാണത്രെ. ചെന്നപ്പോഴുണ്ട് ഒറ്റ മുറി. വീണ്ടും ടെന്റടി തന്നെ ശരണം. ഒരു ബെഞ്ച്‌ പിടിച്ചു പുറത്തിട്ടു ആകാശം നോക്കിയപ്പോഴുണ്ട് നല്ല കിടിലന്‍ സീന്‍. വല്യ പണിയൊന്നും ഇല്ലാത്ത കൊണ്ട് കര്‍ത്താവും മാലാഖമാരും കൂടി നക്ഷത്രം ഉണ്ടാക്കി കളിക്കുവാരുന്നു എന്ന് തോന്നി. നക്ഷത്രങ്ങള്‍ വാരി വിതറിയ ആകാശം. നോക്കുമ്പോഴുണ്ട്‌ ദാ പോണു ആശകള്‍ സഫലീകരിക്കുന്നൊരു ഷൂട്ടിംഗ് സ്റാര്‍. നോക്കി നിന്ന നേരത്ത് ചറ പറാന്നു ഷൂട്ടിംഗ് സ്റാര്‍. ഇങ്ങനെ ഊഷ്മളതയും പച്ചപ്പും ഒക്കെ നോക്കി നിന്നപ്പോ ഉണ്ട് ഒരു പറച്ചില്‍. കഴിഞ്ഞ ആഴ്ച ഇവിടെ കടുവയെ കണ്ടിരുന്നു എന്ന്.. പിന്നെ ഒന്നും നോക്കിയില്ല. ഓടി മുറിയില്‍ കേറി. പിറ്റേന്നത്തെ കാട്ടിലേക്കുള്ള യാത്ര ഓര്‍ത്ത്‌ കിടിലന്‍ മയക്കം.
....................................................

ചിന്നാറിന്റെ സ്വന്തം കാട്

രാവിലെ കാപ്പിയും കുടിച്ചു ഒരു നടപ്പാരുന്നു. കാടിനുളിലേക്ക്.. ഇത് വരെ കാണത്ത പക്ഷികളും, നിങ്ങളൊക്കെ ഇതെന്താണ് മാഷേ എന്ന രീതിയില്‍ പുച്ചിച് ഇരുന്നിട്ട് അവസാനം പോസ് ചെയ്തു തന്ന മൂങ്ങ മുത്തശിയും ശലഭങ്ങളും എല്ലാം കണ്ടു കാട്ടു വള്ളിയില്‍ ടാര്‍സണ്‍ ഒക്കെ കളിച്ചു മുന്നോട്ട് പോയപ്പോഴുണ്ട് മാനിന്റെ കാല്‍പ്പാടുകള്‍. അടുത്ത് എവിടെ എങ്കിലും കടുവയും ഉണ്ടാവമത്രേ. കാടു കണ്ടു രസിച്ചു തിരികെ എത്തിയപ്പോള്‍ കൂടെ ഉണ്ടാരുന്ന ഡോക്ടര്‍ മാഷ് പറഞ്ഞു, നമ്മള്‍ കണ്ടില്ലേലും രണ്ടു കടുവ എങ്കിലും നമ്മളെ കണ്ടിട്ടുണ്ടാവും എന്ന്. യാത്ര അവസാനിക്കുകയായിരുന്നു.

മൂന്നു ദിവസം കൊണ്ട് അപരിചിതര്‍ കിടു സുഹൃത്തുക്കളായി. ഒരൊറ്റ വിടല്‍ തിരുവനന്തപുരത്തെക്ക്. വെളുപ്പിനെ മൂന്നു മണിക്ക് ചെന്ന് കയറുമ്പോള്‍ ശ്വാസമടക്കിപ്പിടിച്ച് സായി നോക്കിയിരിക്കുന്നുണ്ടാരുന്നു. ഒരു ദിവസം കൂടുതല്‍ എടുത്തതിന്റെ എല്ലാ അമര്‍ഷവും കടിച്ചു പിടിച്ചു കൊണ്ട്. ഓരോ ദിവസത്തെയും പത്രത്തിലെ വാര്‍ത്തകള്‍ അവളെയും മറ്റുള്ളവരെയും പരിഭ്രാന്തരാക്കിയതില്‍ തെറ്റ് പറയാനൊക്കില്ല.

ഒരു കുളിയും പാസാക്കി ഉറങ്ങാന്‍ കിടന്നപ്പോള്‍ ചങ്ക് ചിരിക്കുകയായിരുന്നു. നിറഞ്ഞ ചിരി. പേടികളെ മാറ്റി വയ്ക്കണം പെണ്ണെ.. എന്നിട്ട് ജീവിതത്തെ പ്രണയിക്കണം എന്ന് പറഞ്ഞ്.

       

Comments

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം