തിരക്കുകൾക്കിടയിൽ കാണാതെ പോകുന്നവർ

ആ ദിവസത്തെ എന്ത് വിളിക്കണം.. നല്ലതെന്നോ ചീത്തയെന്നോ.. അന്നക്ക് നിശ്ചയമുണ്ടായിരുന്നില്ല.. റെയിൽവേ സ്റ്റേഷനിൽ എല്ലാരും ട്രെയിൻ നോക്കിയിരിക്കുമ്പോൾ താൻ ജീവിതം നോക്കിയിരിക്കുകയാണ് എന്നവൾക്ക് പലപ്പോഴം തോന്നാറുണ്ട്.
ഓടിയണച്ച് എത്തിയപ്പോഴേക്കും അവൾക്കുള്ള ട്രെയിൻ അതിന്റെ പാട് നോക്കി പോയിക്കഴിഞ്ഞിരുന്നു. രണ്ടു മണിക്കൂറിനു ശേഷമുള്ള ട്രെയിന് ടിക്കറ്റുമെടുത്ത് പ്ലാട്ഫോമിലേക്ക് നടക്കവേ കാലിൽ ഒരു പിടുത്തം. അന്ന നിന്നു .. രണ്ട് പഴഞ്ചൻ ബാഗുകൾക്കിടയിൽ ഇരുന്ന് ഒരു സ്ത്രീ അവളുടെ കാലിൽ പിടി മുറുക്കിയിരിക്കുന്നു.. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ കാലിലെ കെട്ടു കാട്ടി ആ അമ്മ സംസാരിച്ചു തുടങ്ങി..
" ആശുപത്രിയിൽ നിന്നും വരുവാന് മോളെ. കോഴിക്കോട് എത്തണം. ഒന്നും കഴിച്ചിട്ടില്ല. മോൻ വെള്ളമെടുക്കാൻ പോയി. ഒരു ഇരുപത് രൂപ തരാൻ ഉണ്ടാകുമോ .. എന്തെങ്കിലും കഴിക്കാൻ ആണ്."
അന്ന പോക്കെറ്റ്‌ നോക്കി. ഇല്ല ചില്ലറയില്ല. ഇപ്പോൾ  വരാം എന്ന പറഞ്ഞു അന്ന മുന്നോട്ട് നടന്നു. ഒരുപാട് കഥകൾ കേള്ക്കുന്ന കാലത്ത്, ഇത് സത്യമോ കള്ളമോ എന്ന അന്ന തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചു. വെറുതെയാവും.. അന്ന ചിന്തിച്ചു.
 അങ്ങനെ നിന്ന നേരമാണ് ആ മനുഷ്യൻ ഒരു പൊതി അവൾക്കരികിൽ വച്ചത്.. എന്നിട്ടയാൾ ആംഗ്യം കാട്ടി, ഒന്നും മിണ്ടരുത് എന്ന്. കുളിച്ചിട്ട് മാസങ്ങളായ ശരീരം.. എവിടെ നിന്നോ കളഞ്ഞു കിട്ടിയ ഷർട്ട്‌. കറ പുരണ്ട പല്ലുകൾ. ആർകും വേണ്ടാത്ത ഭ്രാന്തൻ. അയാള് തിരക്കിട്ട് നടന്ന് എന്തൊക്കെയോ തിരയുകയായിരുന്നു. അല്പം കഴിഞ്ഞ് തിരഞ്ഞത് കണ്ടെത്തിയ ആഹ്ലാദത്തിൽ അയാള് തിരിച്ചെത്തി ആ പൊതിയെടുത്ത് നടന്നു..
കാക്കക്കൂട്ടം.. അതായിരുന്നു അയാള് കണ്ടെത്തിയത്. അവക്കിടയിലെക്ക് ആ പൊതി തുറന്ന് അയാള് ഇട്ടു.. എന്നിട്ട് ഉറക്കെയുറക്കെ ചിരിച്ചു.. ചിര
അന്ന വാച്ചിൽ നോക്കി.. അര മണിക്കൂറോളം കഴിഞ്ഞിരിക്കുന്നു. ആ അമ്മയിരുന്നിടത്തേക്ക് ഓടിയെത്തിയപ്പോഴേക്കും അവിടെയാരുമുണ്ടായിരുന്നില്ല..തിരക്കിനിടയിൽ അവൾ ആ അമ്മയെ തിരഞ്ഞു. ഒടുവിൽ കുപ്പി വെള്ളം അമ്മയുടെ വായിലേക്ക് ഒഴിച്ച് കൊടുക്കുന്ന മകനെയും അമ്മയെയും അവൾ കണ്ടെത്തി. അരികിലെത്തിയതും അമ്മ പറഞ്ഞു.
"മോൾ വരുന്നത് നോക്കി കുറെ നേരം അവിടെ ഇരുന്നു.. പിന്നെ ഇങ്ങു പോന്നു.. ഇനി വരില്ല എന്ന് കരുതി "
അന്നക്ക് അവളോട തന്നെ അമര്ഷവും വെറുപ്പും തോന്നി.. " അമ്മ വാ.. എന്തേലും കഴിക്കാം." അന്ന ഇരുവരെയും മാറി മാറി നോക്കി.
" വേണ്ട മോളെ.. ചായ കുടിച്ചു. ഇനി കുറെ നേരത്തേക്ക് വിശപ്പ് കാണില്ല.."
അന്ന പേഴ്സ് തുറന്നു.. നൂറ്റിപ്പത്തു രൂപ.. നൂറു രൂപയെടുത്ത്‌ അമ്മയുടെ കയ്യിൽ വച്ച് കൊടുത്ത് അവൾ പറഞ്ഞു. " വൈകുന്നേരം രണ്ടു പേരും എന്തേലും വാങ്ങി കഴിക്കണം.. "
ആ അമ്മ അന്നയുടെ കയ്യില മുറുകെ പിടിച്ചു. ആ മകന്റെ കണ്ണുകൾ  നിറഞ്ഞിരുന്നു. അപ്പുറത്തെ പ്ലാറ്റ്ഫോമിൽ ആ ഭ്രാന്തൻ ചിരിക്കുന്നത്  അന്ന കണ്ടു.
ജീവിതം കൊണ്ട് അന്നയെ രാകി മൂർച്ചപ്പെടുത്തുന്നവർ.. 


Comments

  1. ചിലപ്പോൾ ആഗ്രഹമില്ലാഞ്ഞിട്ടായിരിക്കില്ല നാം ഉദാരമതികളാകാതിരിക്കുന്നത്...

    ReplyDelete

Post a Comment

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം