അയാള്‍ - മകന്‍
ആശുപത്രി മുറിയുടെ വാതില്‍ക്കല്‍ നിന്നും അയാള്‍ അകത്തേക്ക് നോക്കി.. ഇല്ല.. അമ്മയുടെ മുഖം പോലും കാണാന്‍ കഴിയുന്നില്ല. മക്കളും മരുമക്കളും കൊച്ചുമക്കളും ആങ്ങളമാരും അവരുടെ മക്കളും തിങ്ങി നിറഞ്ഞു നില്‍ക്കുന്ന ആശുപത്രി മുറിക്ക് നടുവില്‍ ആ അമ്മ ഹൂര്‍ എന്ന ശബ്ദത്തോടെ ശ്വാസം എടുക്കാന്‍ പണിപ്പെടുന്നു. തലക്കല്‍ ഇരുന്നു കൊന്ത ചൊല്ലുന്ന മരുമോള്‍. സീരിയസ് ആണെന്ന് പറഞ്ഞു മിനിഞ്ഞാന്നു ഓടി വന്നീട്ട് വെറുതെ ആയത് പോലെ ഇതും വെറുതെ ആവും എന്ന് പരിഭവിക്കുന്ന ഇളയ മരുമോള്‍. അരികില്‍ ഇരുന്നു കരയുന്ന മകളും ആണ്മക്കളും.
അയാള്‍ ഒരിക്കല്‍ കൂടി അകത്തേക്ക് നോക്കി. മൂത്ത മകന്‍. എന്നത്തെയും പോലെ നിര്‍വികാരമായ മുഖം. ആളുകളുടെ വിടവുകളിലൂടെ മകള്‍ തന്റെ അച്ഛന്റെ മുഖം കണ്ടു. താന്‍ മരിക്കുമ്പോഴും അച്ഛന്‍ ഇങ്ങനെ നില്‍ക്കുമോ. അവളുടെ ചിന്ത അതായിരുന്നു. \
മണിക്കൂറുകള്‍ കടന്നു പോയി. ഭാര്യയുടെ ചെവിയില്‍ എന്തോ പറഞ്ഞിട്ട് അയാള്‍ പുറത്തേക്ക് നടന്നു. പത്തടി നടന്നതും മുറിയില്‍ ഒരു കൂട്ടക്കരച്ചില്‍. ഒന്ന് കണ്ണ് തുറന്ന്‍ ആ അമ്മ എല്ലാവരെയും നോക്കി അവസാനമായി ശ്വാസം വലിച്ചു. ഒന്ന്‍ നിന്ന് അയാള്‍ മുന്നോട്ട് നടന്നു. ആ സമയത്ത് മാത്രം വയറ്റില്‍ തികട്ടി വന്ന അസുഖകരമായ തിരയിളക്കത്തെ ഫ്ലെഷ് അടിച്ചു ഒഴിക്കി കളയുമ്പോള്‍ അയാള്‍ കരയുകയായിരുന്നു. അച്ഛന്റെ മരണസമയത്ത് അടുത്തില്ലാതെ പോയ അമ്മയുടെ അവസാന കാഴ്ചയില്‍ പതിയാതെ പോയ ഒരു മകന്‍.. അയാള്‍ കരയുകയായിരുന്നു. അപ്പോള്‍ ആ മകള്‍ വാതില്‍ക്കല്‍ നിന്ന് ആലോചിക്കുകയായിരുന്നു താന്‍ മരിക്കുമ്പോഴും അച്ഛന്‍ എവിടെക്കെങ്കിലും പോകുമോ എന്ന്‍.
അപ്പോഴും അയാള്‍ കരയുകയായിരുന്നു. നിര്‍വികാരനായി തിരിച്ച് ആശുപത്രി മുറിയില്‍ എത്തുന്നത് വരെ..
:)
ReplyDelete