അപ്പൻ

ഇന്നലെ രാത്രിയിൽ അപ്പനിങ്ങനെ വന്നു നിൽപ്പാണ്.ഒരു തോർത്തുമുണ്ടും ഉടുത്ത് കയ്യിൽ ഒരു ടോർച്ചും പിടിച്ചു. വാതിൽക്കൽ വന്നൊരു വിളി, പോരുന്നോ എന്ന്. പുറത്തു മഴയപ്പോഴും പൊടിയുന്നത് അരണ്ട വെളിച്ചത്തിൽ കാണാൻ ഉണ്ടായിരുന്നു. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോഴേക്കും കോക്കിറി കാട്ടി ഒരു സ്വപ്നം ഒരു പോക്കങ്ങട് പോയിരുന്നു. സമയം വെളുപ്പിനെ മൂന്നു മണി. ചില സ്വപ്‌നങ്ങൾ വലിച്ചിടുന്നത് ഓർമ്മകളുടെ വലിയൊരു കുഴിയിലേക്കാണ്.

ഇത്തരം വിളിപ്പുറങ്ങളിൽ ചാടിയെഴുന്നേറ്റോരു പോക്കാണ്(അന്നേ ദിവസം അപ്പന്റേം മകളുടെയും ചിന്തകൾ തമ്മിൽ ഘോര യുദ്ധം നടത്തി അവിടെ ഒരു പിണങ്ങൾ സീൻ ഉണ്ടായിട്ടില്ലെങ്കിൽ). അപ്പനൊപ്പം നടക്കാനാണ് അപ്പൻ പണ്ടേ പഠിപ്പിച്ചിട്ടുള്ളത്. പാതിരായുടെ മയക്കത്തിൽ പുറത്തിറങ്ങുന്ന വരാലുകളെയും കാരിയെയുമൊക്കെ അന്വേഷിച്ചുള്ള പോക്കാണ്.
മഴ മൂക്കത്തു കൈ വച്ച് നോക്കുമ്പോഴേക്കും അപ്പനും മോളും (ഈ ഞാനേ) കണ്ടത്തിൻ വരമ്പത്തു എത്തിയിട്ടുണ്ടാവും. കയ്യിൽ പറമ്പിൽ കിളച്ചു പൊക്കിയെടുത്ത് മുട്ടൻ വിരകൾ ഒരു ചിരട്ടയിലാക്കി അൽപ്പം മണ്ണും തൂകി കരുതിയിട്ടുണ്ടാവും. കൂടെ ചൂണ്ട കൊളുത്തുകളും.

അമ്മ വീടിന്റെ ഇറയത്തു കൂടി വരമ്പിലേക്കിറങ്ങി  ഒരു നടപ്പാണ് തോടിനെയും കണ്ടത്തിനെയും ഇരു രാജ്യങ്ങളാക്കി തിരിച്ച വരമ്പത്തും കൂടി ഇങ്ങനെ. ഇടയ്ക്കിടെ അപ്പനൊന്നു നിൽക്കും. ചൂണ്ട കൊളുത്തിൽ വിരയെ കോർത്തു വെള്ളത്തിലേക്കിട്ടു ചൂണ്ടക്കമ്പ്  വരമ്പിന്റെ അരികിൽ തറപ്പിച്ചു നിർത്തും. ഒരു നാലഞ്ച് ഇടങ്ങളിൽ ചൂണ്ടക്കമ്പ് ഇങ്ങനെ ഉറപ്പിച്ച ശേഷം വെള്ളത്തിലേക്ക് ഒരു ഇറക്കമാണ്. കണ്ടത്തിലേക്ക്. അപ്പന്റെ കണ്ണുകൾ കണ്ടെത്തുന്നവ  പലപ്പോഴും എന്റെ കണ്ണുകളിൽ ഉടക്കാറു പോലും ഉണ്ടായിരുന്നില്ല.

തോർത്തുമുണ്ടിൽ തിരുകിയിരുന്ന വെട്ടരുവ ഒന്നെടുത്ത് ഒരു വീശാണ്  വെള്ളത്തിലേക്ക്. വരാലോ, കാരിയോ, വാളയോ ഏതെങ്കിലുമൊന്നിന്  കൊണ്ടിട്ടുണ്ടാവും. കാലിനു മുകളിലൂടെ പരലുകൾ ഇക്കിളിയുണ്ടാക്കി പായും.

ആ നേരം വെളിച്ചമുണ്ടാകുന്ന ഒരേ ഒരു സ്ഥലം കുറച്ചു മാറി കാണുന്ന ചാലച്ചിറ ഷാപ്പ് മാത്രമാവും. ഇടക്കിടക്കുള്ള പാത്തികളിൽ ഒളിച്ചിരിക്കുന്ന മീനുകൾ പലതും അപ്പന്റെ കയ്യിൽ കുടുങ്ങും.
ഇതിനിടയിൽ പോലീസ്‌കാർക്കെന്താ ഈ വീട്ടിൽ കാര്യം എന്ന് ചോദിച്ചു പുളകനോ, കട്ടപ്പുളകനോ തലപൊക്കി നോക്കും. അപ്പൊ അപ്പന്റെ കൈയ്യിൽ  അള്ളിപ്പിടിച്ചൊരു നിൽപ്പാണ്.

അന്നേരം അപ്പനൊരു നോട്ടമുണ്ട്. ആ നോട്ടത്തിൽ അള്ളിപ്പിടിച്ച കൈ ഞാൻ പിൻവലിക്കും. ഭയങ്ങൾ ഉണ്ടാകാൻ പാടില്ലത്രേ. അങ്ങനെ തിരികെ വരുന്ന വഴിക്ക് ചൂണ്ട കൊളുത്തുകളിലേക്ക് ഒന്ന് കൂടി നോക്കും. ചിലതിൽ ആരെങ്കിലുമൊക്കെ കുടുങ്ങിയിട്ടുണ്ടാവും. തിരികെ വരമ്പിലൂടെ വീട്ടിലേക്കു നടക്കുമ്പോൾ മാക്രി കുഞ്ഞുങ്ങൾ കാൽപാദത്തിനു മുകളിലൂടെ വട്ടം ചാടും. തണുത്ത പുൽനാമ്പുകൾ കാലുകളെ ഇക്കിളിപ്പെടുത്തും. തിരികെ എത്തുമ്പോൾ നോക്കിയിരുന്നു 'അമ്മ ഉറങ്ങിയിട്ടുണ്ടാവും.

ചില ഓർമ്മകളിങ്ങനെ സ്വപ്നത്തിൾ വന്നുമ്മ തരികയാണ്. 

Comments

Popular posts from this blog

അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.

എനിക്ക് തെമ്മാടിക്കുഴി വെട്ടുന്നവനോട്

അക്ഷർധാം അഥവാ യാത്രക്കൊതിയുടെ ഒരു ദിവസം