ഹാരി പോട്ടറിന്റെ അവസാന പേജുകൾ
ഒരു ഹാരി പോട്ടർ ഭ്രാന്തി എങ്ങനെയാവും അവസാന പുസ്തകത്തിന്റെ അവസാന പേജുകൾ വായിക്കുക. ?
ഇരുപത്തിനാലു വയസ്സായിട്ടും ഹാരി പോട്ടർ വായനയോ എന്ന ചോദ്യത്തിന് പ്രൊഫസർ സ്നേപിനെ ചങ്കിൽ നിറച്ച് "ഓൾവേസ്" എന്നവൾ ഉത്തരം പറയും. ഡംബിൾഡോർ മരിച്ചത് ട്രെയിനിൽ ഇരുന്നു വായിച്ചപ്പോൾ കരഞ്ഞു കുളമാക്കുമോ എന്ന് ഭയന്നതിനെക്കുറിച്ച് നാണമില്ലാതെ വാചാലയാവും. അഞ്ചാം ക്ലാസ്സിലെ ആദ്യ പുസ്തക വായനയെ മനസ്സിലിട്ടു താലോലിക്കും. ഒറ്റ രാത്രികൊണ്ട് വായിച്ചു തീർത്ത ആദ്യ ഭാഗം. അന്ന് മുതൽ തുടങ്ങിയ പോട്ടർ പ്രണയം ശരിക്കും ഹാരി പോട്ടറിനോടല്ല റോണിനോടായിരുന്നു എന്ന് പറഞ്ഞു ഞെട്ടിക്കും. സ്കൂളിലെ ദിവാ സ്വപ്നങ്ങളിൽ പോലും പോട്ടർ. സ്വപ്നങ്ങളിൽ കയറിവന്ന ഡോബി. ചങ്കു തുളച്ച, ഡോബിയുടെയും ഫ്രെഡ്ന്റെയും മരണങ്ങൾ. മനഃപാഠമാക്കിയ മാന്ത്രിക ചൊല്ലുകൾ. അടുപ്പിലെ കനലുകൾക്കുള്ളിൽ തെളിഞ്ഞേക്കും എന്ന് കരുതിയ സിറിയസ് ബ്ലാക്ക്. പാമ്പുകൾക്ക് ഭാഷായുണ്ടോ എന്നുള്ള അന്വേഷണം. തൂവലുകളിൽ മഷി നിറച്ചു ഉണ്ടാക്കുവാൻ ശ്രമിച്ച പേനകൾ. ഇപ്പോഴും പ്രലോഭിപ്പിക്കുന്ന വട്ട കണ്ണട. അത്രമേൽ കണ്ണുനനയിച്ച സ്നേയിപ്പിന്റെ ലില്ലിയോടുള്ള പ്രണയം. പതിനാലു വർഷത്തെ പോട്ടർ ജീവിതം ഒറ്റയടിക്ക് തീരാതെ ഇരിക്കുവാൻ കുറേശെ കുറേശെ വായിച്ചു തീർത്ത അവസാന പുസ്തകം.
ഹാരി പോട്ടറിന്റെ അവസാന പേജുകൾ മറിക്കുമ്പോൾ ചങ്കിൽ നിന്ന് എന്തോ ഒന്ന് നഷ്ടമാകുകയായിരുന്നു. ഇത്ര മാത്രം ഇതിലെന്താ എന്ന് ചോദിക്കരുത്. പോട്ടറിനൊപ്പം വളർന്നവൾ വിശദീകരിക്കുവാൻ കഴിയാത്തത്ര നിസ്സഹായ ആണ്.
ആദ്യ ഹാരി പോട്ടർ പുസ്തകം സമ്മാനിച്ച അമ്മക്ക്, അവസാന ഹാരി പോട്ടർ പുസ്തകം സമ്മാനിച്ച ചേട്ടായിക്ക്, ഉമ്മകൾ.
Comments
Post a Comment