ടെക്കി പറഞ്ഞ കഥകള്‍
"എന്നെ നായ്ക്കള്‍ ഓടിക്കുകയായിരുന്നു. ഏറെ ദൂരം. അവസാനം അവര്‍ക്കൊപ്പമോടുന്ന ഒരു നാല്ക്കാലിയായി ഞാനും രൂപാന്തരപ്പെട്ടിരുന്നു." പറഞ്ഞു നിര്‍ത്തിയ കഥയുടെ എഴുത്ത് രൂപത്തിനായി ദിവസങ്ങളും ആഴ്ചകളും അവള്‍ നോക്കിയിരുന്നു. പണ്ടും അവന്‍ അങ്ങനെ ആയിരുന്നു. കഥകള്‍ പറയുകയും, മറ്റാരും മറക്കുന്നതിനു മുന്‍പേ ആ കഥയെ മറന്നു കളയുകയും ചെയ്യുന്നവന്‍. ആദ്യം പറഞ്ഞ കഥ അവള്‍ ഓര്‍ത്തെടുത്തു. കിഴവന്‍ ദാവീദിന്റെ കഥ. വെള്ളക്കടലാസില്‍ തലക്കെട്ടെഴുതി അവള്‍ വരികളോര്‍ത്തു . ഇല്ല. അവന്‍ പറഞ്ഞ കഥകള്ക്കൊന്നും ഒരിക്കല്‍ പോലും ശ്വാസം നല്‍കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ല. എന്തിന്, അവന്റെ പ്രണയം പോലും പകര്‍ത്താന്‍ കഴിയാത്തവള്‍. പക്ഷെ ഇത് എഴുതിയെ പറ്റൂ..
കിഴവന്‍ ദാവീദ്
.................................
കടലാവസാനിക്കുന്നിടത്ത് ഒരു വലിയ പാറക്കെട്ടുണ്ടത്ത്രെ.. സൂര്യ രശ്മികളില്‍ നിന്നും സ്വര്‍ണമുണ്ടാക്കുന്ന കിഴവന്‍ ദാവീദ് അവിടെയാണ് താമസിച്ചിരുന്നത്. കുട്ടികള്‍ക്കിടയില്‍ പരന്ന കഥയാണിത്. പാറയിടുക്കുകളില്‍ താമസിച്ചിരുന്ന ആ കിഴവന് ഇതിലും നല്ല എന്ത് ജോലിയാണ് കുട്ടികള്‍ക്ക് ചാര്‍ത്തിക്കൊടുക്കാനാവുക.
പാറയിടുക്കുകളിലെ കിഴവന്‍ ദാവീദ്. അയാള്‍ക്ക് സ്വര്‍ണ ശേഖരമായിരുന്നില്ല ഉണ്ടായിരുന്നത്. പകരം നായകള്‍ ആയിരുന്നു. എണ്ണാനാവാത്ത വിധം നായകള്‍. ഓടുക മാത്രം ചെയ്തിരുന്നവ. കടല്‍ തീരത്തും, ഇടവഴികളിലും, മൈതാനങ്ങളിലുമൊക്കെ ഉണ്ടായിരുന്നു കിഴവന്റെ തുറിച്ചു നോക്കുകയും ഓടുകയും മാത്രം ചെയ്തിരുന്ന വിചിത്ര നായകള്‍. ഇതേ നായകള്‍ ആണ് സ്വപ്നത്തില്‍ അവനെ ഓടിച്ചത്.
"നശിച്ച കഥ" പേപ്പര്‍ തുണ്ടം തുണ്ടം വലിച്ചു കീറി അവള്‍ പുറത്തിറങ്ങി. ഇനിയും ചെയ്തു തീര്‍ത്തിട്ടില്ലാത്ത കമ്പ്യൂട്ടര്‍ പ്രോഗ്രാമുകള്‍ അവളുടെ തലയിലേക്ക് ഇരച്ചു കയറി. മുറിയിലേക്ക് അവള്‍ തിരിഞ്ഞു നോക്കി. ഒരിക്കല്‍ പോലും ഷട്ട് ഡൌണ്‍ ചെയ്യേണ്ടി വരാത്തൊരു കമ്പ്യൂട്ടര്‍ . അതിനു ചുറ്റുമായി ചിതറിക്കിടക്കുന്ന അവള്‍. അവന്‍ സമ്മാനിച്ച പുസ്തകങ്ങള്‍ ഒരു വരി പോലും വായിക്കാനാവാതെ ഒരു മൂലക്ക് അടുക്കി വച്ചിരിക്കുന്നു. മറുപടി എഴുതാനാവാത്ത അവന്റെ മെയിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുന്നു. കത്തുകള്‍ക്ക് മറുപടി പോലും എഴുതാന്‍ കഴിയാത്തവള്‍ കഥയെഴുതാനിരിക്കുന്നു. അതും അവന്‍ പറഞ്ഞ കഥ. അവള്‍ക്ക് അവളോട് തന്നെ പുച്ഛം തോന്നി.
വാതില്‍ ചാരി അവള്‍ പുറത്തേക്കിറങ്ങി. അവനെ ആദ്യം കണ്ടിടത്തേക്ക്.
"കടല്‍ തിരകളുടെ ചുംബനം" ഈ പറച്ചില്‍ കേട്ടിടത്തേക്ക് നോക്കിയപ്പോഴാണ് ആദ്യമായി അവനെ കണ്ടത്. മറ്റൊരു ടെക്കി. അങ്ങനെ ആണ് അവന്‍ സ്വയം പരിചയപ്പെടുത്തിയത്. അതിനപ്പുറം ഒന്നും പറഞ്ഞതുമില്ല ചോദിച്ചതുമില്ല. അവന്റെ ഓരോ കഥകള്‍ക്കും ഒരു തരം മാത്രികത ഉണ്ടായിരുന്നു.
'ടെക്കി പറഞ്ഞ കഥകള്‍' ഓരോ കഥയും പറഞ്ഞവസാനിപ്പിക്കുമ്പോള്‍ താന്‍ അവനോടു പറഞ്ഞിരുന്നത് ഓര്‍ത്ത് അവള്‍ ചിരിച്ചു.
ഇന്നവനെ കാണാതായിട്ട്, അവന്റെ കത്തുകള്‍ ഇല്ലാതായിട്ട്, കഥകള്‍ ഇല്ലാതായിട്ട് എന്പത്തിയെഴാം ദിവസം. എന്തായിരുന്നു അവന്‍ അവസാനം പറഞ്ഞത്.. അവള്‍ ഓര്‍ത്തെടുത്തു.
" ചെറുപ്പത്തില്‍ വായിച്ച കഥകള്‍ക്കൊക്കെ ശുഭാന്ത്യമായിരുന്നു. എല്ലാ കഥയിലും രാജകുമാരനും രാജകുമാരിയും സന്തോഷമായി ജീവിച്ചു. വളര്‍ന്നപ്പോള്‍ വായിച്ച കഥകള്‍ പലതും ശുഭാന്ത്യമായിരുന്നില്ല......
. പെണ്ണെ, ശുഭാന്ത്യമുള്ള ഒരു കഥയാവരുത്.. അന്ത്യമേ ഇല്ലാത്തൊരു കഥയാവണം. നിന്റെ കഥയില്‍ ആശ്ച്ചര്യങ്ങളും അത്ഭുതങ്ങളും മാത്രമേ പാടുള്ളൂ.."
അവള്‍ കടലിലെക്കിറങ്ങി. തിരകള്‍ ചുംബിക്കുകയാണെന്ന് അവന്‍ കള്ളം പറഞ്ഞതാണ്. അവനെ പോലെ, തിരകളും പൊട്ടിച്ചിരിക്കുകയാണ്. ദൂരെ കണ്ട പാറക്കെട്ടുകള്‍ ലക്ഷ്യമാക്കി അവള്‍ നടന്നു. അവളെ കാത്തു അവിടെ കിഴവന്‍ ദാവീദും, ഒരു ടെക്കിയും കുറെ കഥകളും..
പാറയിടുക്കുകളില്‍ താമസിച്ചിരുന്ന ആ കിഴവന് ഇതിലും നല്ല എന്ത് ജോലിയാണ് കുട്ടികള്‍ക്ക് ചാര്‍ത്തിക്കൊടുക്കാനാവുക. സത്യം പരമാത്രം.....
ReplyDeleteപാറയിടുക്കുകളില്‍ താമസിച്ചിരുന്ന ആ കിഴവന് ഇതിലും നല്ല എന്ത് ജോലിയാണ് കുട്ടികള്‍ക്ക് ചാര്‍ത്തിക്കൊടുക്കാനാവുക. സത്യം പരമാത്രം.....
ReplyDelete:)
Delete