അപ്പൂപ്പൻ താടിക്കു പിന്നാലെ ഓടിയ ഒരു കാലമുണ്ടായിരുന്നു.
ഒരു വേനലവധിക്കാണ് കൊച്ചേച്ചീടെ പറമ്പിൽ മഞ്ചാടിക്കുരുവുള്ള രഹസ്യം ഞങ്ങൾ മനസിലാക്കുന്നത്. വേനലവധി എന്ന് പറഞ്ഞാൽ ശരിയാവില്ല. വേനൽ പരീക്ഷ. ഉത്തരക്കടലാസ് കയ്യിൽ കിട്ടാത്ത ഒരേ ഒരു പരീക്ഷ ഇതായതിനാൽ പഠിത്തം ഒക്കെ കണക്കാണ്. പക്ഷെ അപ്പൻ അമ്മമാരുടെ മുന്നിൽ ഭയങ്കര പഠിത്തം ആണ്. ഒരൊറ്റ പ്രശ്നമേ ഉള്ളു പഠിത്തം വരണേൽ മരത്തിന്മേൽ കേറണം. അതായത് പഠിക്കാൻ ആണെന്ന് പറഞ്ഞൊരു ഓട്ടമാണ് 'അമ്മ വീടിന്റെ അരികത്തു കൂടി ബേബിച്ചായന്റെ പറമ്പിൽ ചെന്നാണ ് ആ ഓട്ടം നിൽക്കുക.. അവനവനു ആകുന്ന മരത്തിലൊക്കെ ഓരോരുത്തരായി കയറിക്കൂടും. ഏതേലും ഒരു ചില്ലയിൽ ഇരിപ്പുറപ്പിക്കും. പിന്നെ പുസ്തകം നിവർത്തിവയ്ച്ചു അതിഗംഭീരം പഠനമാണ്. ഇതിനിടയിൽ ആവും അപ്പുള്ളാച്ചനും ബേബിച്ചായനുമൊക്കെ പശുനെ കെട്ടാൻ ആ വഴി പോകുന്നത്. കാക്കിരി പൂക്കിരി പിള്ളേരെ ഇവരുണ്ടോ മരത്തിന്മേൽ കാണുന്നു. ആ സമയം ഓരോരോ ശബ്ദങ്ങളാണ് ഓരോ മരത്തിന്മേൽ നിന്നായി. കാര്യം പിള്ളേരാണെന്നു പറഞ്ഞാലും ഒരു അതിരില്ലേ.. കാർന്നോന്മാരുടെ മൂക്ക് ചുവക്കും.. ഇങ്ങനെയുള്ള അതിമനോഹരമായ ഒരു പഠന ഒഴിവു ദിവസം. മരത്തിന്മേൽ കേറിയ ജിക്കൂട്ടീടെ തലയിന്മേല് ഒരു അപ്പൂപ്പന്താടി. അപ്പൂപ്പന്താടി എന്ന് പറഞ...