അപ്പൻ
ഇന്നലെ രാത്രിയിൽ അപ്പനിങ്ങനെ വന്നു നിൽപ്പാണ്.ഒരു തോർത്തുമുണ്ടും ഉടുത്ത് കയ്യിൽ ഒരു ടോർച്ചും പിടിച്ചു. വാതിൽക്കൽ വന്നൊരു വിളി, പോരുന്നോ എന്ന്. പുറത്തു മഴയപ്പോഴും പൊടിയുന്നത് അരണ്ട വെളിച്ചത്തിൽ കാണാൻ ഉണ്ടായിരുന്നു. കണ്ണ് തുറന്നു ചുറ്റും നോക്കിയപ്പോഴേക്കും കോക്കിറി കാട്ടി ഒരു സ്വപ്നം ഒരു പോക്കങ്ങട് പോയിരുന്നു. സമയം വെളുപ്പിനെ മൂന്നു മണി. ചില സ്വപ്‌നങ്ങൾ വലിച്ചിടുന്നത് ഓർമ്മകളുടെ വലിയൊരു കുഴിയിലേക്കാണ്. ഇത്തരം വിളിപ്പുറങ്ങളിൽ ചാടിയെഴുന്നേറ്റോരു പോക്കാണ്(അന്നേ ദിവസം അപ്പന്റേം മകളുടെയും ചിന്തകൾ തമ്മിൽ ഘോര യുദ്ധം നടത്തി അവിടെ ഒരു പിണങ്ങൾ സീൻ ഉണ്ടായിട്ടില്ലെങ്കിൽ). അപ്പനൊപ്പം നടക്കാനാണ് അപ്പൻ പണ്ടേ പഠിപ്പിച്ചിട്ടുള്ളത്. പാതിരായുടെ മയക്കത്തിൽ പുറത്തിറങ്ങുന്ന വരാലുകളെയും കാരിയെയുമൊക്കെ അന്വേഷിച്ചുള്ള പോക്കാണ്. മഴ മൂക്കത്തു കൈ വച്ച് നോക്കുമ്പോഴേക്കും അപ്പനും മോളും (ഈ ഞാനേ) കണ്ടത്തിൻ വരമ്പത്തു എത്തിയിട്ടുണ്ടാവും. കയ്യിൽ പറമ്പിൽ കിളച്ചു പൊക്കിയെടുത്ത് മുട്ടൻ വിരകൾ ഒരു ചിരട്ടയിലാക്കി അൽപ്പം മണ്ണും തൂകി കരുതിയിട്ടുണ്ടാവും. കൂടെ ചൂണ്ട കൊളുത്തുകളും. അമ്മ വീടിന്റെ ഇറയത്തു കൂടി വരമ്പിലേക്കിറങ്ങി ...