തിരക്കുകൾക്കിടയിൽ കാണാതെ പോകുന്നവർ
ആ ദിവസത്തെ എന്ത് വിളിക്കണം.. നല്ലതെന്നോ ചീത്തയെന്നോ.. അന്നക്ക് നിശ്ചയമുണ്ടായിരുന്നില്ല.. റെയിൽവേ സ്റ്റേഷനിൽ എല്ലാരും ട്രെയിൻ നോക്കിയിരിക്കുമ്പോൾ താൻ ജീവിതം നോക്കിയിരിക്കുകയാണ് എന്നവൾക്ക് പലപ്പോഴം തോന്നാറുണ്ട്. ഓടിയണച്ച് എത്തിയപ്പോഴേക്കും അവൾക്കുള്ള ട്രെയിൻ അതിന്റെ പാട് നോക്കി പോയിക്കഴിഞ്ഞിരുന്നു. രണ്ടു മണിക്കൂറിനു ശേഷമുള്ള ട്രെയിന് ടിക്കറ്റുമെടുത്ത് പ്ലാട്ഫോമിലേക്ക് നടക്കവേ കാലിൽ ഒരു പിടുത്തം. അന്ന നിന്നു .. രണ്ട് പഴഞ്ചൻ ബാഗുകൾക്കിടയിൽ ഇരുന്ന് ഒരു സ്ത്രീ അവളുടെ കാലിൽ പിടി മുറുക്കിയിരിക്കുന്നു.. എന്തെങ്കിലും ചോദിക്കുന്നതിനു മുൻപ് തന്നെ കാലിലെ കെട്ടു കാട്ടി ആ അമ്മ സംസാരിച്ചു തുടങ്ങി.. " ആശുപത്രിയിൽ നിന്നും വരുവാന് മോളെ. കോഴിക്കോട് എത്തണം. ഒന്നും കഴിച്ചിട്ടില്ല. മോൻ വെള്ളമെടുക്കാൻ പോയി. ഒരു ഇരുപത് രൂപ തരാൻ ഉണ്ടാകുമോ .. എന്തെങ്കിലും കഴിക്കാൻ ആണ്." അന്ന പോക്കെറ്റ് നോക്കി. ഇല്ല ചില്ലറയില്ല. ഇപ്പോൾ വരാം എന്ന പറഞ്ഞു അന്ന മുന്നോട്ട് നടന്നു. ഒരുപാട് കഥകൾ കേള്ക്കുന്ന കാലത്ത്, ഇത് സത്യമോ കള്ളമോ എന്ന അന്ന തിരിഞ്ഞും മറിഞ്ഞും ചിന്തിച്ചു. വെറുതെയാവും.. അന്ന ചിന്തിച്ചു. അങ്ങന...