JULY - Cleft and Craniofacial awareness month (അമ്മിണിയമ്മ പഠിപ്പിച്ചത് )
ചുറ്റുമുള്ള പലരെയും പോലെ ഞാനും കണ്ട് ആസ്വദിച്ച് വിട്ടുകളഞ്ഞ ഒരു സിനിമയാണ് സൗണ്ട് തോമ. ഇനിയൊരിക്കലും അത് ആസ്വദിക്കാൻ കഴിയാത്ത വിധം അതിലുപരി ആസ്വദിക്കരുതായിരുന്നു എന്ന പറച്ചിലുമായി അമ്മിണിക്കുട്ടി വരുമെന്ന് അവൾ വരുന്നത് വരെ അറിഞ്ഞിരുന്നില്ല. അമ്മിണികുട്ടി ഉണ്ടായി പിറ്റേദിവസം ആണ് ക്ലെഫ്ട് പാലറ്റ് എന്ന് ആദ്യമായി കേൾക്കുന്നത്. മുച്ചുണ്ട്, മുറി നാവ്, ഉണ്ണാക്കില്ലാത്തവൻ എന്നൊക്കെ ഉള്ള വാക്കുകൾ എവിടെയൊക്കെയോ കേട്ടിട്ടുണ്ടെങ്കിലും, അങ്ങനെയുള്ള ഒരാളുമായും പരിചയപ്പെടുന്ന അവസ്ഥ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ സൗണ്ട് തോമ എന്ന സിനിമ മാത്രം ആണ് പരിചയം. അമ്മിണിക്കുട്ടിക്ക് ശേഷമാണ് എന്തുകൊണ്ട് സൗണ്ട് തോമ പോലെ, ആ അവസ്ഥയിലുള്ള ഒരാളെ പൊതുവേദിയിൽ ഇത്ര നാൾ എനിക്ക് കാണാൻ കഴിയാതെ പോയത് എന്ന് ചിന്തിച്ചത്. അതിനുള്ള ഉത്തരം, തോമയുടെ അവസ്ഥയെ കഴിയും വിധം തമാശയാക്കിയ സിനിമ തന്നെ കാട്ടിത്തരുന്നുണ്ട്. ഇങ്ങനെയുള്ള ആളുകളെ വളരെ നോർമൽ ആയി സ്വീകരിക്കാൻ ഇപ്പോഴും നമ്മൾക്കു സാധിക്കുന്നില്ല എന്നത് തന്നെ കാര്യം. ഇത്ര പറയാൻ ഇതൊരു ആനക്കാര്യമാണോ എന്ന പലരുടെയും ചോദ്യത്തിൽ നിന്നാണ് ഈ പോസ്റ്റ് ഉണ്ടാവുന്നത...