മിശിഹാ ചരിത്രം
ജോസഫ് എന്ന പേരാണ് മാമോദീസ മുങ്ങിയ ദിവസം അയാൾ സ്വയം തിരഞ്ഞെടുത്തത്. കാരണം ചോദിച്ചപ്പോ, "ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപം ആണച്ചാ എനിക്കിഷ്ടം" എന്നായിരുന്നു പളനിയുടെ മറുപടി. അങ്ങനെ ഒരു രൂപം അയാളുടെ 'അമ്മ മുണ്ടിന് എളിയിൽ എപ്പോഴും തിരുകിവയ്ച്ചിരുന്നു. പളനിക്കൊപ്പം അവന്റെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും അന്ന് മാമോദീസ മുങ്ങി. ആർക്കും എതിരൊന്നും തോന്നിയില്ല. കത്തോലിക്കാ സഭയ്ക്കിരിക്കട്ടെ നാല് പേരുകൂടി എന്ന് പ്രമാണിമാരും കരുതി. 'ജോസഫ്' എന്നയാൾ പലരോടും പേര് പറഞ്ഞു. എല്ലാരും അയാളെ പളനി എന്ന് തന്നെ വിളിച്ചു. അയാൾക്കും പരിഭവം തോന്നിയില്ല. അത്രയധികം അയാൾ ആ പേരും ഇഷ്ടപ്പെട്ടിരുന്നു. ഒരിക്കൽ അയാൾ ഭാര്യയോട് പറഞ്ഞു "എന്റമ്മയിട്ട പേരാണ് പളനി. അവർക്ക് അങ്ങനെ ഒരാങ്ങളയുണ്ടായിരുന്നു. മുലപ്പാല് വിക്കി മരിച്ചു എന്നാണ് കേട്ടിട്ടുള്ളത്. 'അമ്മ പറയുമായിരുന്നു. അമ്മമ്മയ്ക്ക് പാലില്ലായിരുന്നുവെന്ന്. വെള്ളം കുടിച്ചു കുടിച്ച് ആ കുഞ്ഞു കരയുമായിരുന്നു. അങ്ങനെ ഒരു കരച്ചിലിനിടയിൽ ആ കുഞ്ഞ് മരിച്ചു പോയി. പിന്നെ ആ കുഞ്ഞ് ഞാനായി.അത്ര സ്നേഹമായിരുന്നു അമ്മയ്ക്കാ ആങ്ങളക്കുഞ്ഞിനെ." .................