ആദ്യ പ്രണയം
എൽ കെ ജിൽ പഠിക്കുന്ന പിള്ളേര് വരെ ഐ ലവ് യുന്നു പറയണ കാലമാണ് .പത്താം ക്ലാസ്സിൽ പടിക്കണ കാലത്തും പൂമ്പാറ്റ, തുമ്പി എന്നൊക്കെ പറഞ്ഞു നടന്ന നീ എന്ത് പ്രണയകഥ പറയാനാ എന്നാണെങ്കിൽ തെറ്റി.. അതിഭീകരമായി കൊണ്ട് നടന്ന ഗംഭീരമായ ആദ്യ പ്രണയത്തിന്റെ ചുരുളഴിയൽ ആണ് ഇവിടെ. നായകനെക്കുറിച്ചു ഘനഗാംഭീര്യത്തോടെ ആദ്യമൊന്നു വർണ്ണിക്കേണ്ടതുണ്ട്.. ആദ്യ പ്രണയമല്ല.. ഇമ്മിണി വർണ്ണനയില്ലാതെ എന്താഘോഷം ?? സങ്കൽപ്പത്തിന്റെ അങ്ങേയറ്റത്തെ സൗന്ദര്യമുള്ള ഒരു കോമളൻ. അതുക്കും മീതെ നല്ല ഒന്നാന്തരം സ്വഭാവം. സാഹസികൻ എന്നൊക്കെ പറഞ്ഞാൽ ഒരു ജയിൽ ചാടാനുള്ള ചങ്കുറപ്പ്. ഒരു പട്ടാളക്കാരന്റെ മോളാകുമ്പോ മിനിമം ആ ലെവൽ സാഹസികത എങ്കിലും നോക്കണമല്ലോ. കാലം എന്റെ അഞ്ചാം ക്ലാസാണ് . നാട്ടിലെ ഒരു കുഞ്ഞി സ്കൂളിൽ നിന്നും നഗരത്തിലെ ഒന്നാംകിട സ്കൂളിൽ പഠിക്കാനെത്തിയ വാഴക്കാളി പെങ്കൊച്ചിനു ഈ കൂട്ടുകിട്ടുന്നത് സ്കൂൾ ലൈബ്രറിയിൽ നിന്നാണ്. നായകനെ കണ്ടുമുട്ടിയതും മൂക്കും കുത്തി ഒരു വീഴച അല്ലാരുന്നോ ? പിന്നെ സ്വപ്നം കാണലിന്റെ പള്ളിപ്പെരുന്നാളാരുന്നു. ഇരിക്കുമ്പോഴും കിടക്കുമ്പോഴും എന്തിനു ക്ലാസ്സിൽ വരെ മനസ്സിൽ നമ്മുടെ നായകൻ മാത്രം. (വായി...