എഴുതപ്പെടാത്ത അമ്മമാർ
എഴുതപ്പെടാത്ത അമ്മമാരെക്കൊണ്ട് നിറഞ്ഞതാണ് ഈ ലോകമെന്നു എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 'എഴുതപ്പെടാത്ത അമ്മമാരോ' എന്നാണിപ്പോൾ ചിന്തയെങ്കിൽ, ചിന്തിച്ചു ചിന്തിച്ചു ഒരുപാട് ദൂരം ഒന്നും പോകേണ്ട. ഇരിക്കുന്ന ഇരിപ്പിൽ, അല്ലെങ്കിൽ നിൽക്കുന്ന നിൽപ്പിൽ ഒന്ന് പുറം തിരിഞ്ഞു അടുക്കളയിലെ ആ കത്തുന്ന അടുപ്പിനരികിലേക്കോ, രാവിലെ കഴിച്ച ആവി പറക്കുന്ന പുട്ടിലേക്കോ, അല്പം മുൻപ് മാത്രം കുടിച്ചു കാലിയാക്കി താഴെ വച്ച കാലിഗ്ലാസ്സിലേക്കോ നോക്കിയാൽ മതി. ലോകം മുഴുവൻ അവരുടെ വരും തലമുറയോട് മലാലയും, ഇന്ദിരാ ഗാന്ധിയും, മാര്ഗരറ്റ് താച്ചറും, കെ എസ് ചിത്രയും ഒക്കെ ആവണം എന്ന് പറയുമ്പോൾ എന്താണ് നമ്മൾ അവരോടു നമ്മുടെ അമ്മമാരെ പോലെ ആവണം എന്ന് പറയാത്തത്? വല്യമ്മച്ചിമാരെ പോലെ ആവണം എന്ന് പറയാത്തത്? അതിനിപ്പോ അവർ ചരിത്ര പുസ്തകത്തിൽ കയറിക്കൂടാനും മാത്രം ഒന്നും ചെയ്തില്ല എന്നാവും നമ്മുടെ എല്ലാവരുടെയും ഉത്തരം. ഇങ്ങനെ ചരിത്രപുസ്തകങ്ങൾ അടയാളപ്പെടുത്താതെ പോയവരെ അല്ലേ നാം അടയാളപ്പെടുത്തേണ്ടത്. എന്ന് വച്ചാൽ എല്ലാ അമ്മമാരും ഓർമ്മിക്കപ്പെടേണ്ടവരാണ് എന്ന് ചുരുക്കം. അമ്മമാർക്ക് അവർ പൊഴിച്ചെറിഞ്ഞു പോന്ന ഒരു വലിയ ചരിത്രമുണ്ട്. ...