അന്നമ്മ, അന്ന, അന്ന
"കൊല്ലം കുറെ മുന്നേ ഇവര്‍ടെ തലേല്‍ ഒരു തേങ്ങ വീണതാ.. വയസ് എഴുപത് കഴിഞ്ഞു. അതിനു ശേഷം ചൂടുവെള്ളത്തില്‍ കുളിക്കണം എന്നതൊഴിച്ചാല്‍ അന്നമ്മക്ക് വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ല".. താന്‍ നടന്നു പോകുമ്പോള്‍ ദിവസം ഒരാള്‍ എങ്കിലും ഈ കഥ പറയുന്നുണ്ടാവും എന്ന് അന്നമ്മക്ക് നന്നായി അറിയാം. അന്നമ്മയുടെ ഓര്‍മ്മക്കണക്ക് വച്ച് ഔതക്കുട്ടിയെക്കാള്‍ ഒരു വയസ് കൂടുതലും പെണ്ണമ്മയേക്കാള്‍ ഒരു വയസ് കുറവുമാണ് അന്നമ്മക്ക്. (അന്നമ്മയൊഴിച്ചുള്ള ഈ കഥാപാത്രങ്ങള്‍ ഈ കഥ പറച്ചിലില്‍ എവിടെയെങ്കിലുമൊക്കെ ചേരാം അത്രത്തോളം കഥ തുടര്‍ന്നാല്‍ മാത്രം.. പാതി വഴിയില്‍ ഇത് ഉപേക്ഷിക്കാനുള്ള മനസ്സ് ഇപ്പോഴും ഉണ്ട്.) കൊച്ചുമകള്‍ അന്ന കണക്കു കൂട്ടിയതിന്‍പ്രകാരം 2011-ല്‍ അന്നമ്മ മരിക്കുമ്പോള്‍ ഏകദേശം വയസ് 78 ഉണ്ടാവണം . വര്‍ഷങ്ങളായി 69 വയസ് എന്ന് പറഞ്ഞിരുന്ന അന്നമ്മക്ക് ഒരു ആശുപത്രിച്ചീട്ടില്‍ 72 വയസാക്കിയതും അതിനു ശേഷം കല്ലറയില്‍ 78 വയസാക്കിയതും ഈ അന്ന തന്നെ. അങ്ങനെ നോക്കുമ്പോള്‍ 1933 ല്‍ ആയിരുന്നിരിക്കണം അന്നമ്മയുടെ ജനനം. അന്നമ്മക്കു ശേഷം അമ്മ എട്ടു പെറ്റു. എല്ലാം ആണ്‍കുട്ടികള്‍. മകം പിറന്ന മങ്കയെക്കൊണ്ട് കുടുംബത്തിനു ഐശ്...