Posts

Showing posts from October, 2015

മനുഷ്യരെ തിന്നുന്ന ഉറുമ്പുകള്‍

അവള്‍ ചുറ്റും പരതി. കിടക്കയില്‍ അവന്‍ ഉണ്ടായിരുന്നില്ല. പകരം നാലുപാടും ഉറുമ്പുകള്‍. അവ പുതപ്പിന്റെ മൂലകള്‍ തിന്നു തുടങ്ങിയിരുന്നു. ഒന്ന് കൂടി ശ്രദ്ധിച്ചപ്പോള്‍ അവ സംസാരിക്കുന്നുണ്ടെന്നു തോന്നി.. അസാധാരണമായ വലിപ്പം ഉണ്ടായിരുന്നു അവയ്ക്ക്. അതില്‍ ഒന്ന്‍ അവളുടെ വിരലുകള്‍ തിന്നു തുടങ്ങി.. കാലുകള്‍ കുടഞ്ഞുകൊണ്ട് അവള്‍ അലറി.. "ഇല്ല നിങ്ങള്‍ക്ക് മനുഷ്യരെ തിന്നാന്‍ കഴിയില്ല" ഉറുമ്പുകള്‍ വട്ടം കൂടി ആര്‍ത്തു ചിരിച്ചു.." ആര് പറഞ്ഞു കഴിയില്ല എന്ന്‍.. വേണ്ട എന്ന്‍ വച്ചിട്ടല്ലേ?' അവ അവള്‍ക്കു മേല്‍ പാഞ്ഞു കയറി.. ഒരു ഞെട്ടലോടെ എഴുന്നേറ്റ് അവള്‍ നോക്കി.. ഇല്ല, ഉറുമ്പുകളും ഇല്ല ആരും ഇല്ല.. മൊബൈല്‍ കയ്യെത്തിയെടുത്ത് അവള്‍ അവനെ വിളിച്ചു.. "ഉറുമ്പുകള്‍ എന്നെ തിന്നു. സ്വപ്നത്തില്‍.. അവ സംസാരിക്കുകയും ചെയ്തു." "നിനക്ക് ഭ്രാന്താണ്.." അവന്‍ പാതി ദേഷ്യത്തില്‍ മൊബൈല്‍ വച്ച് തിരിഞ്ഞു കിടന്നു. പാതി മയക്കത്തില്‍ വീണ്ടും ഉറുമ്പുകള്‍ അവളെ തേടിയെത്തി.. കണ്ണുകള്‍ തുറന്ന്, വെളുക്കും വരെ അവള്‍ ഇങ്ങനെ ഉരുവിട്ടു.. "ഉറുമ്പുകള്‍ മനുഷ്യരെ തിന്നാറില്ല.. എനിക്ക് ഭ്രാന്താണ്.....

നീ

ചിലപ്പോള്‍ നീയൊരു കവിയാണ്‌.. അക്ഷരങ്ങളെ സ്നേഹിക്കുന്ന, വാക്കുകളാല്‍ മായാജാലം തീര്‍ക്കുന്ന  കവിത പോലെ ചിന്തിക്കുന്നൊരു കവി. മറ്റു ചിലപ്പോള്‍ നീയൊരു നിരൂപകനാവും. കീറിമുറിക്കുന്നൊരു മുരടന്‍ നിരൂപകന്‍.  ചിലപ്പോ നീയൊരു ബുദ്ധിജീവിയാണ്‌.. അപ്പോള്‍ നീ അക്കങ്ങളെക്കൊണ്ട് ചിന്തിക്കുന്നുവെന്നു തോന്നും.. ചിലപ്പോള്‍ ഒരു യാത്രക്കാരന്‍, അതുമല്ലാത്തപ്പോള്‍ ഒളിച്ചോടുന്നവന്‍..  ഇതൊക്കെ ആയിരിക്കുമ്പോഴും നീയൊരു കിറുക്കന്‍ കാമുകനാണ്.  പുഴ പോലെയൊരു കാമുകന്‍..  ഒഴുകുകയും ചുരുങ്ങുകയും മാറുകയും മറിയുകയും ചെയ്യുന്നൊരു പുഴ...  എന്തായിരിക്കുമ്പോഴും എന്റെ കാലുകള്‍ തണുപ്പിക്കുന്നൊരു പുഴ.  ഒരു കാമുകന്‍ പുഴ.